Story Dated: Sunday, December 28, 2014 01:59
ചോറ്റാനിക്കര: തിരുവാങ്കുളം പോസ്‌റ്റാഫീസിന്റെ ചോറ്റാനിക്കര കടുംഗമംഗലത്തെ ബ്രാഞ്ച് പോസ്‌റ്റാഫീസില്‍ ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ്. പോസ്‌റ്റാഫീസ് സേവിംഗ്, ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയ ഇനങ്ങളില്‍ ആളുകളില്‍ നിന്ന് വാങ്ങിയ പണം യഥാസമയം ഓഫീസില്‍ അടക്കാതെയും രേഖകളില്‍ കൃത്രിമം കാണിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബ്രാഞ്ച് പോസ്‌റ്റ്മാസ്‌റ്റര്‍ ആയി ജോലി നോക്കുന്ന ഉദയംപേരൂര്‍ വലിയകുളം അമ്പിളി നിവാസില്‍ അഭിലാഷിന്റെ ഭാര്യ ജയയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇടപാടുകാര്‍ പറഞ്ഞു.
കഴിഞ്ഞ 24 ന് ഓഫീസില്‍ ഇന്‍സ്‌പെക്ഷന് എത്തിയ തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്‌ഥന്‍ ഈ ഓഫീസില്‍ കണക്കില്‍പ്പെടാത്ത 4000 ല്‍ അധികം രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഈ ഓഫീസിലെ എസ്.ബി. ജേര്‍ണല്‍ കൃത്യമായി എഴുതുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹെഡ് ഓഫീസില്‍ ഈ വിവരം അറിയിച്ചശേഷം ഉദ്യോഗസ്‌ഥര്‍ 26-ാം തീയതി പരിശോധനയ്‌ക്കെത്തിയെങ്കിലും പോസ്‌റ്റ് ഓഫീസ് തുറക്കാന്‍ ജയ എത്തിയില്ല. തുടര്‍ന്ന് ശനിയാഴ്‌ച ഹെഡ് ഓഫീസിലെ ജീവനക്കാര്‍ ഇവരുടെ വീട്ടില്‍ ആളെ വിട്ട് താക്കോല്‍ വാങ്ങി ഓഫീസ് തുറക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ തന്നെ ലക്ഷക്കണക്കിനു രൂപയുടെ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. എസ്.ബി. അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നവരുടെ പാസ് ബുക്കില്‍ ഇടപാട് വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഫീസ് രേഖകളില്‍ വരവുവച്ചിട്ടില്ല. ആയിരത്തോളം ഇടപാടുകാരുള്ള ഇവിടെ മുഴുവന്‍ ആളുകളുടെയും പാസ് ബുക്ക് വാങ്ങി പരിശോധിച്ചാല്‍ മാത്രമേ തട്ടിപ്പിന്റെ പൂര്‍ണ രൂപം പുറത്തുവരികയുള്ളൂ. എസ്.ബി. അക്കൗണ്ടുള്ള ചില സ്‌ത്രീകള്‍ ബുക്ക് ജയയുടെ കൈവശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിനുള്ള പണം ജയയെ ഏല്‍പ്പിച്ചതിന്റെ രസീത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന പരാതിയുമായും ആളുകള്‍ ഇന്ന് പോസ്‌റ്റാഫീസില്‍ എത്തിയിരുന്നു.
അതോടൊപ്പം കടുംഗമംഗലത്തു തന്നെ രണ്ടുവര്‍ഷമായി വാടകയ്‌ക്ക് താമസിക്കുന്ന ജയ വിവിധ ആളുകളില്‍ നിന്നു കടമായും പണം വാങ്ങിയതായി ആളുകള്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്‌ഥരോട് പരാതി പറഞ്ഞു. തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസിലെ ഇന്‍സ്‌പെക്‌ടര്‍ അര്‍ച്ചന ആനന്ദ്, മെയിന്‍ ഓവര്‍സിയര്‍മാരായ തമ്പി എം.എന്‍, വിജയകുമാര്‍ എന്നിവരാണു പരിശോധന നടത്തിയത്. പോസ്‌റ്റാഫീസില്‍ നടന്നിട്ടുള്ള തട്ടിപ്പ് ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്‌തതായും വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
from kerala news edited
via IFTTT