121

Powered By Blogger

Wednesday, 21 January 2015

മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിന് കേരളവും തമിഴ്നാടും വിഭജിച്ച് പുതിയ സംസ്‌ഥാനം രൂപീകരിക്കണം; പി.സി ജോര്‍ജ്‌









Story Dated: Wednesday, January 21, 2015 02:30



mangalam malayalam online newspaper

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്‌ പരിഹാരമായി കേരളം, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ ജില്ലകളെ വിഭജിച്ച്‌ പുതിയ സംസ്‌ഥാനം രൂപീകരിക്കണമെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെ പ്രമേയം. വി.എസ്‌.ഡി.പിയുടെ പത്താം പ്രതിനിധി സഭയിലാണ്‌ പി.സി.ജോര്‍ജ്‌ പ്രമേയം അവതരിപ്പിച്ചത്‌. നിറഞ്ഞ കൈയ്യടികളോടെ പ്രതിനിധികള്‍ പ്രമേയം അംഗീകരിച്ചു. രണ്ടു സംസ്‌ഥാനങ്ങളില്‍ നിന്നായി പത്ത്‌ ജില്ലകളെ കൂട്ടിച്ചേര്‍ത്ത്‌ 'ചേരനാട്‌' എന്ന പുതിയ സംസ്‌ഥാനം രൂപീകരിക്കണമെന്നാണ്‌ പ്രമേയത്തില്‍ പറയുന്നത്‌.


തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദനഗര്‍, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകളള്‍ പൂര്‍ണ്ണമായും കോട്ടയം ജില്ലയുടെ പകുതി പ്രദേശങ്ങളും കൂടിച്ചേര്‍ന്നതാണ്‌ പുതിയ സംസ്‌ഥാനത്തിന്റെ രൂപരേഖ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോര പഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, മുണ്ടക്കയം, കോരുത്തോട്‌, എരുമേലി, പാറത്തോട്‌, മുക്കൂട്ടുത്തറ എന്നിവയും ചേരനാട്ടില്‍ കൂട്ടിച്ചേര്‍ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.


പുതിയ സംസ്‌ഥാനം രൂപീകരിക്കുന്നതോടെ കേരളവും തമിഴ്‌നാടുമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുമെന്നാണ്‌ പ്രമേയം വ്യക്‌തമാക്കുന്നത്‌. തൂത്തുക്കുടിയും വിഴിഞ്ഞവും പുതിയ സംസ്‌ഥാനത്തില്‍ ആകുന്നതോടെ വികസനത്തിന്‌ വേഗത കൂടും. കോവളം, കന്യാകുമാരി, ശബരിമല, വര്‍ക്കല ശ്രീനാരായണഗുരു സമാധി, പത്മനാഭസ്വാമിക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം എന്നിവ കൂടി ചേരുന്നതോടെ ചേരനാടിന്റെ സാംസ്‌കാരികപ്പെരുമ വര്‍ദ്ധിക്കും.



ചേരനാടിന്റെ തലസ്‌ഥാനവും ഹൈക്കോടതിയും ജനങ്ങളുടെ ആഗ്രഹം കണക്കിലെടുത്തും കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ പഠനം നടത്തിയും നടപ്പിലാക്കണം. വൈകുണ്‌ഠസ്വാമികള്‍, നാരായണഗുരു, അയ്യങ്കാളി, അഗസ്‌ത്യാര്‍മുനി, തിരുവള്ളുവര്‍ എന്നീ നവോത്ഥാന നായകരുടെ പൈതൃകവും പുതിയ സംസംഥാനത്തിനുണ്ടാകുമെന്നും പി.സിയുടെ പ്രമേയത്തില്‍ പറയുന്നു. 30341.08 സ്‌ക്വയര്‍ കിലോമീറ്ററാണ്‌ സംസ്‌ഥാനത്തിന്റെ ഭൂ വിസ്‌തൃതി. 14 ലോക്‌സഭാ അംഗങ്ങളും അന്‍പത്‌ നിയമസഭാ അംഗങ്ങളും പുതിയ സംസ്‌ഥാനത്തില്‍ ഉണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു.


പുതിയ സംസ്‌ഥാനത്തിന്റെ ഭൂപടത്തിന്റെ രൂപരേഖയും ചീഫ്‌ വിപ്പ്‌ പ്രതിനിധികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു. പ്രതിനിധിസഭയുടെ ഭാഗമായി സംഘടിപ്പിച്ച 'ചേരനാട്‌ കാലഘട്ടത്തിന്റെ ആവശ്യം' എന്ന സെമിനാറിലാണ്‌ പി.സി.ജോര്‍ജ്‌ പ്രമേയം അവതരിപ്പിച്ചത്‌. വ്യക്‌തമായ ആലോചനയ്‌ക്ക് ശേഷമാണ്‌ താന്‍ ഈ പ്രമേയം അവതരിപ്പിച്ചതെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പി.സി ജോര്‍ജ്‌ പറഞ്ഞു. ഇത്‌ തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ്‌. കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായം പാര്‍ട്ടിനേതാക്കള്‍ പറയും. ചെറിയ സംസ്‌ഥാനങ്ങള്‍ രുപീകരിക്കുന്നത്‌ ത്വരിതഗതിയിലുള്ള വികസനത്തിന്‌ ഗുണം ചെയ്യും. ചെറിയ സംസ്‌ഥാനങ്ങള്‍ അതിവേഗം വികസിക്കുന്നുണ്ടെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്‌തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനും പുതിയ സംസ്‌ഥാന രൂപീകരണംകൊണ്ട്‌ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ വി.എസ്‌.ഡി.പി ചെയര്‍മാന്‍ വിഷ്‌ണുപുരം ചന്ദ്രശേഖരന്‍, സംസ്‌ഥാന പ്രസിഡന്റ്‌ കോട്ടുകാല്‍ക്കോണം സുനില്‍, ജനറല്‍ സെക്രട്ടറി ഡോ.ഗീരീഷ്‌, മൂക്കോല രത്നാകരന്‍ എന്നിവര്‍ പങ്കെടുത്തു.


വി.എസ്‌.നൃപന്‍










from kerala news edited

via IFTTT