Story Dated: Wednesday, January 21, 2015 03:33
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം ഇന്നായിരിക്കേ ആം ആദ്മി പാര്‍ട്ടിയില്‍ നാടകീയ നീക്കങ്ങള്‍. പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികളെ അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചു. മെഹ്‌റൗലി സ്ഥാനാര്‍ഥിയായിരുന്ന ഗോവര്‍ദ്ധന്‍ സിംഗ്, മുന്ദ്ക സ്ഥാനാര്‍ഥി രജീന്ദര്‍ ദബാസ് എന്നിവരെയാണ് കെജ്‌രിവാള്‍ മാറ്റിയത്.
നരേന്ദ്രമോഡി കഴിഞ്ഞ ആഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തിയ റാലിയില്‍ പ്രചരണ ചുമതല വഹിക്കുകയും പത്ത് ബസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് സിംഗിനെതിരായ പരാതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ പണംമുടക്കിയെന്നാണ് ദബാസിനെതിരായ ആരോപണം.
ഇവര്‍ക്കെതിരെ ചില പരാതികള്‍ ലഭിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അവസാന നിമിഷമുണ്ടായ ഈ നീക്കം പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചു. ഏതാനും പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ച വാര്‍ത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞതെന്ന് സിംഗ് പറഞ്ഞു. പതിനഞ്ചു ദിവസം പ്രചരണം നടത്തി ജനങ്ങളുടെ പിന്തുണ ആര്‍ജിച്ച തന്നെ കെജ്‌രിവാള്‍ പുറത്താക്കി. പകരം പാര്‍ട്ടി പദവി കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരായ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതായി പാര്‍ട്ടി വക്താവ് അറിയിച്ചു. ഇവരുടെ സ്ഥാനാര്‍ഥിത്വത്തെ പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തിരുന്നു.
from kerala news edited
via IFTTT