Story Dated: Wednesday, January 21, 2015 02:14
മലപ്പുറം: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനായി എല്ലാ മാസം ഒരേ ദിവസം ദേശീയ ലോക് അദാലത്തുകള്‍ നടത്താനും പരമാവധി കേസുകള്‍ക്കു തീര്‍പ്പാക്കാനും ദേശീയ ലീഗല്‍ സര്‍വീസ് അതോറിട്ടി തീരുമാനിച്ചു. ഡിസംബറില്‍ നടത്തിയ ലോക് അദാലത്ത് ധാരാളം പേര്‍ക്ക് ഉപകാരപ്രദമായതിനെ തുടര്‍ന്നാണു തീരുമാനം. ഇതേതുടര്‍ന്ന് ഫെബ്രുവരി മുതലുള്ള മാസങ്ങളില്‍ രാജ്യത്തുടനീളമുളള കോടതികളില്‍ ദേശീയ ലോക് അദാലത്തുകള്‍ സംഘടിപ്പിച്ച് ഓരോ വിഭാഗം കേസുകള്‍ക്കും തീര്‍പ്പാക്കും.
ഇതു പ്രകാരമുള്ള ആദ്യ അദാലത്ത് ഫെബ്രുവരി 14നു നടത്തും. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതുജനങ്ങള്‍ അവ ദേശീയ അദാലത്തുകളില്‍ പരിഹരിക്കപ്പെടുന്നതിന് താലൂക്ക്-ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ക്ക് അപേക്ഷ നല്‍കാം. ഫെബ്രുവരി 14നു നടക്കുന്ന ദേശീയ അദാലത്തില്‍ ബാങ്ക് കാര്യങ്ങള്‍, നെഗോഷ്യബ്‌ള്‍ ഇന്‍സ്‌ട്രുമെന്റ് ആക്‌ടിന്റെ സെക്ഷന്‍ 138 പ്രകാരമുള്ള കേസുകള്‍, റിക്കവറി സ്യൂട്ടുകള്‍ എന്നീ ഇനത്തിലുള്ള കേസുകളിലാവും അദാലത്ത് നടക്കുക. മാര്‍ച്ച് 14 ന് റവന്യൂ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സ്‌ഥലം ഏറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച കേസുകള്‍ സംഘം പരിഗണിക്കും.
ഏപ്രില്‍ 11 ന് തൊഴില്‍, കുടുംബകാര്യങ്ങള്‍, സംബന്ധിച്ച കേസുകളും, മെയ് ഒന്‍പതിനും, ജൂണ്‍ 13 നും വാഹനാപകട നഷ്‌ടപരിഹാരം, ഇന്‍ഷുറന്‍സ് ക്ലെയിം തുടങ്ങിയ കേസുകള്‍ പരിഗണിക്കും. ജൂലൈ 11 ന് വൈദ്യുതി, ജലം, ടെലഫോണ്‍, പബ്ലിക് യൂട്ടിലിറ്റി സര്‍വീസ് സംബന്ധിച്ച തര്‍ക്കങ്ങളിലും ഓഗസ്‌റ്റ് എട്ടിന് ഉപഭോക്‌തൃ തര്‍ക്കങ്ങളിലും നികുതി കാര്യങ്ങളിലും സെപ്‌റ്റംബര്‍ 12 ന് ഒത്തു തീരാവുന്ന ക്രിമിനല്‍ കേസുകളിലും ഒക്‌ടോബര്‍ 10 ന് ട്രാഫിക്, മുനിസിപ്പല്‍, പെറ്റി കേസുകളിലും അദാലത്ത് നടക്കും. ഇപ്രകാരം കേരളത്തിലെ എല്ലാ കോടതികളിലും അതത് വിഷയങ്ങളിലെ കേസുകള്‍ സംബന്ധിച്ച് ലോക് അദാലത്ത് നടത്തും.
ജില്ലാ -താലൂക്ക് ലീഗല്‍ സര്‍വീസസ് സമിതികളില്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ജില്ലാ കലക്‌ടര്‍, ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ- താലൂക്ക്‌തല ഉദ്യോഗസ്‌ഥന്‍മാര്‍ എന്നിവര്‍ പങ്കെടുത്തുള്ള യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. വിശദവിവരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലോ ലഭിക്കും. ഫോണ്‍. 0483 3244151
from kerala news edited
via IFTTT