121

Powered By Blogger

Wednesday, 21 January 2015

ബാര്‍ കോഴ ഉദ്യോഗസ്ഥനടക്കം അഞ്ചു പുതിയ ഡി.ജി.പിമാര്‍









Story Dated: Wednesday, January 21, 2015 12:35



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണിക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഡി.ജി.പി റാങ്ക് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബെഹ്‌റ, എം.എന്‍ കൃഷ്ണകുമാര്‍, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് ഡി.ജി.പി പദവിയില്‍ എത്തുന്ന മറ്റുള്ളവര്‍. എന്നാല്‍ ഇവര്‍ക്ക് ഗ്രേഡ് മാത്രമാണ് നല്‍കുന്നതെന്നും പുതിയ തസ്തിക സൃഷ്ടിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ബാര്‍കോഴ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കുന്നത്. വിജിലന്‍സില്‍ നിലവില്‍ ഡി.ജി.പി റാങ്കിലുള്ള വിന്‍സന്‍ എം. പോള്‍ ഡയറക്ടറായിരിക്കേ പുതിയ ഡി.ജി.പിയെ മറ്റൊരു തസ്തികയിലേക്ക് മാറ്റേണ്ടിവരും. ഈ സാഹചര്യം ഉപയോഗിച്ച് ജേക്കബ് തോമസിനെ അന്വേഷണ ചുമതലയില്‍ നിന്നു നീക്കാനാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം.


സത്യസന്ധനും കര്‍ക്കശ നിലപാടുകാരനുമായ ജേക്കബ് തോമസിനെ കേസന്വേഷണം മയപ്പെടുത്തുന്നതിന് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നിരുന്നു. എറണാകുളത്തെ ഒരുമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു ഡി.സി.സി അംഗമാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പുറത്തായതോടെയാണ് സ്ഥാനക്കയറ്റം നല്‍കി അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം.


ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത് ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു. പാറ്റൂര്‍ ഫ്‌ളാറ്റ് തട്ടിപ്പ് കേസ് അന്വേഷിച്ച് ക്രമക്കേട് പുറത്തുകൊണ്ടുവന്നതും ഈ ഉദ്യോഗസ്ഥനാണ്. കര്‍ശന നിലപാടുകളെ തുടര്‍ന്ന് 16 വര്‍ഷമായി പോലീസ് സേനയ്ക്ക് പുറത്താണ് ജേക്കബ് തോമസിന്റെ സേവനം. കഴിഞ്ഞ വര്‍ഷമാണ് വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചത്.


അതേസമയം, അപ്രധാന തസ്തികയിലേക്ക് മാറ്റിയാല്‍ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.










from kerala news edited

via IFTTT