4ജി കേബിള്‍ വലിക്കാന്‍ റിലയന്‍സിന് വൈദ്യുതിത്തൂണുകള്‍ വാടകയ്ക്ക്
വൈദ്യുതിത്തൂണുകളിലൂടെ 4ജി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാന്‍ റിയലയന്‍സ് ജിയോ ഇന്‍ഫോ കോം എന്ന കമ്പനി വൈദ്യുതി ബോര്‍ഡിനെയാണ് ആദ്യം സമീപിച്ചത്. ബോര്‍ഡ് തീരുമാനം സര്‍ക്കാരിന് വിട്ടു. അഞ്ചുവര്‍ഷത്തെ വാടക മുന്‍കൂര്‍ നല്‍കണമെന്ന വ്യവസ്ഥയോടെയാണ് സര്‍ക്കാരിന്റെ തീരുമാനം. മറ്റുസംസ്ഥാനങ്ങളില്‍ വൈദ്യുതിത്തൂണുകള്‍ ഉപയോഗിക്കുന്നതിന് റിലയന്‍സില്‍നിന്ന് വാടക ഈടാക്കുന്നില്ല. തമിഴ്‌നാട് വാടക ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിരക്ക് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഇതിലും കൂടിയ നിരക്ക് ഏതെങ്കിലും സംസ്ഥാനം ചുമത്തിയാല്‍ അത് നല്‍കാന്‍ റിലയന്‍സ് ബാധ്യസ്ഥരായിരിക്കും എന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്ത് 16 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം സര്‍ക്കാരിന് വിട്ടത്. റിലയന്‍സിന്റെ വാഗ്ദാനം പരിശോധിച്ച് അവരുമായി വിലപേശലിലൂടെ താരതമ്യേന ഉയര്‍ന്ന വാടക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഇടപെട്ട് കുറയ്ക്കുന്നതിന് മുമ്പ് കേബിള്‍ ടി.വിക്കാര്‍ക്ക് ബോര്‍ഡ് നിശ്ചയിച്ച വാടക നല്‍കാമെന്നാണ് ചര്‍ച്ചയില്‍ റിലയന്‍സ് സമ്മതിച്ചത്.
വൈദ്യുതിത്തൂണുകളിലൂടെ കേബിള്‍ വലിക്കാന്‍ കേബിള്‍ ടി.വി കമ്പനികള്‍ക്ക് നഗര-അര്‍ദ്ധനഗര പ്രദേശങ്ങളില്‍ 311 രൂപയും ഗ്രാമങ്ങളില്‍ 180.01 രൂപയുമാണ് മാര്‍ച്ച് 2011-12 ല്‍ ബോര്‍ഡ് വാടക നിശ്ചയിച്ചത്. വര്‍ഷംതോറും ഇത് അഞ്ചുശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇതില്‍ ഇളവുനല്‍കാന്‍ ഹൈക്കോടതി വിധിച്ചു. 2011 മുതല്‍ നഗരങ്ങളില്‍ 250രൂപയും ഗ്രാമങ്ങളില്‍ 125രൂപയുമാണ് കേബിള്‍ ടി.വിക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഇത് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കും.
കേബിള്‍ ടി.വിക്കാര്‍ക്കായി ബോര്‍ഡ് നിശ്ചയിച്ച യഥാര്‍ത്ഥ നിരക്കനുസരിച്ച് 2014-15 ല്‍ നഗരങ്ങളില്‍ 360.02 രൂപയും 180.01രൂപയുമാണ് വാടക ഈടാക്കേണ്ടത്. ബോര്‍ഡിന്റെ പ്രത്യേക സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വാടക നല്‍കാമെന്ന് റിലയന്‍സ് സമ്മതിച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഭൂമിക്കടിയിലൂടെ 4ജി കേബിള്‍ വലിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിനാല്‍ സംസ്ഥാനത്ത് ഉടന്‍ 4ജി സര്‍വീസ് തുടങ്ങണമെങ്കില്‍ വൈദ്യുതിത്തൂണുകള്‍ അനുവദിക്കണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടു. ഭൂമിക്കടിയിലൂടെ കേബിള്‍ വലിക്കുന്നതുവരെ അഞ്ചുവര്‍ഷത്തേക്ക് താത്കാലികമായേ ഇത് നല്‍കാനാവൂ എന്ന് ബോര്‍ഡും നിലപാടെടുത്തു. 4ജി കേബിള്‍ വലിക്കാനേ തൂണുകള്‍ ഉപയോഗിക്കാവൂ എന്നും അനുമതി അഞ്ചുവര്‍ഷം കഴിഞ്ഞ് ഒരു കാരണവശാലും നീട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT