121

Powered By Blogger

Saturday, 7 February 2015

ബസ് ചാര്‍ജ് കുറയ്ക്കുന്നില്ല, ഓട്ടോയ്ക്ക് കൊള്ളക്കൂലി: ഇരുചക്ര വാഹനവില്പന ഉയരുന്നു







ബസ് ചാര്‍ജ് കുറയ്ക്കുന്നില്ല, ഓട്ടോയ്ക്ക് കൊള്ളക്കൂലി: ഇരുചക്ര വാഹനവില്പന ഉയരുന്നു


പാലക്കാട് : ഡീസല്‍വില കുറഞ്ഞിട്ടും ബസ്ചാര്‍ജ് കുറയ്ക്കുന്നില്ല, ഓട്ടോക്കാരാകട്ടെ കൊള്ളക്കൂലി വാങ്ങുന്നു, മാന്യമായി പെരുമാറുന്നുമില്ല. മനംമടുത്ത ജനങ്ങള്‍ സ്വന്തംവണ്ടിയിലേക്ക് ചേക്കേറുകയാണ്. ഇരുചക്രവാഹനമാണ് ഇപ്പോള്‍ ഹിതം.

പെട്രോള്‍-ഡീസല്‍ വില താഴാന്‍തുടങ്ങിയതുമുതല്‍ ഇരുചക്ര വാഹനങ്ങളുടെ വില്പന ഉയരുകയാണെന്ന് അര്‍.ടി.ഒ. ഓഫീസുകളിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ കാണിക്കുന്നു. പാലക്കാട് ആര്‍.ടി.ഒ. ഓഫീസില്‍മാത്രം മാസന്തോറും ശരാശരി 50 ഇരുചക്ര വാഹനങ്ങളാണ് രജിസ്‌ട്രേഷന് കൂടുതലായി എത്തുന്നത്. ഒക്ടോബര്‍മുതലുണ്ടായ തരംഗമാണിത്.


അതിനുമുമ്പ് ഇരുചക്രവാഹനങ്ങളുടെ വില്പന കുത്തനെ ഇടിഞ്ഞിരുന്നു. 'ഓപ്പറേഷന്‍ കുബേര'യുടെ പശ്ചാത്തലത്തിലാണ് ഇരുചക്രവാഹനങ്ങളുടെ വില്പന മുമ്പ് ഇടിഞ്ഞത്. ഇരുചക്രവാഹനങ്ങള്‍ക്ക് വായ്പ നല്‍കിയിരുന്നത് ചെറുകിട പലിശക്കാരായിരുന്നു. ചെക്കും വണ്ടിയുടെ ബുക്കും വാങ്ങിവെച്ചാണ് പലിശക്കാര്‍ പണം നല്‍കിയിരുന്നത്. കുബേരയുടെപേരില്‍ ഇവരെ പോലീസ് പിടികൂടാന്‍ തുടങ്ങിയതോടെ ഈ വായ്പകളും നിലച്ചു. ഇതോടെയാണ് ഇരുചക്രവാഹനവില്പന മന്ദീഭവിച്ചത്.


2014 ഒക്ടോബറില്‍ 720 ഇരുചക്രവാഹനങ്ങളാണ് പാലക്കാട് ആര്‍.ടി.ഒ.ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. നവംബറില്‍ ഇത് 771 ആയി. ഡിസംബറില്‍ 821, ജനവരിയില്‍ 878 എന്നിങ്ങനെയാണ് കണക്ക്. പെട്രോള്‍വില കുറഞ്ഞ സാഹചര്യത്തില്‍ ഇരുചക്ര വാഹനത്തില്‍ കിലോമീറ്ററിന് ഒരുരൂപയ്ക്ക് യാത്രചെയ്യാം. ഇഷ്ടമുള്ളിടത്ത് നിര്‍ത്താം. ഓട്ടോക്കാരുമായി കൂലി തര്‍ക്കിക്കേണ്ട. ബസ്സുകാത്ത് നില്‍ക്കേണ്ട. നിന്ന് യാത്രചെയ്യേണ്ട. ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ കാരണമേറെയാണ്.











from kerala news edited

via IFTTT