121

Powered By Blogger

Saturday, 7 February 2015

പുത്തൂര്‍വയലില്‍ വിത്തുത്സവം ആരംഭിച്ചു











Story Dated: Saturday, February 7, 2015 03:14


കല്‍പ്പറ്റ: പരമ്പരാഗത വിത്തുകള്‍ സംരക്ഷിച്ച്‌ പഴയ കാര്‍ഷിക സംസ്‌കാരം തിരിച്ച്‌ കൊണ്ട്‌ വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്‌.സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ വിത്തുത്സവം ആരംഭിച്ചു. കൃഷിമന്ത്രി കെ.പി മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയുടെ പിന്തുടര്‍ച്ചക്കും നിലനില്‍പ്പിനും കാരണമായ പരമ്പരാഗത വിത്തുകള്‍ സംരക്ഷിച്ച്‌ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരണമെന്ന്‌ മന്ത്രി ഓര്‍മ്മപ്പെടുത്തി. പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ്‌ കെയറും ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും എം. എസ്‌. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേരള സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡും നബാര്‍ഡും ചേര്‍ന്നാണ്‌ ദ്വിദിന വിത്തുത്സവം നടത്തുന്നത്‌. പരിപാടിയില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും വിത്ത്‌ സ്‌റ്റാളുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌. കര്‍ഷകര്‍ക്ക്‌ വിത്തുകള്‍ പ്രദര്‍ശിപ്പിക്കാനും കൈമാറ്റം ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുമുണ്ട്‌. വിവിധ പഞ്ചായത്തുകളില്‍ നിന്നുമായി നൂറുകണക്കിന്‌ കര്‍ഷക പ്രതിനിധികള്‍ വിവിധ ഭക്ഷ്യവിളകളുടെ വിത്തുകളുമായി വിത്തുത്സവത്തില്‍ പങ്കെടുത്തു.

ചടങ്ങില്‍ വിത്തച്‌ഛന്‍ എന്ന പേരിലറിയപ്പെടുന്ന ചെറുവയല്‍ രാമനെയും കുടുംബത്തെയും മന്ത്രി ആദരിച്ചു. വയനാട്‌ ആദിവാസി പ്രവര്‍ത്തക സമിതി വയനാട്ടിലെ ആദിവാസി കര്‍ഷക കുടുംബങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്‌തു. വയനാടിന്റെ തനത്‌ നെല്‍ വിത്തുകള്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്‌തു സംരക്ഷിക്കുന്ന പെരുവടി കേളുവിനും കുടുംബത്തിനും, തനത്‌ കാര്‍ഷിക ജൈവവൈവിധ്യം, ഭക്ഷ്യവിളകള്‍, കന്നുകാലികള്‍, പക്ഷി വര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ഷിക ആവാസവ്യവസ്‌ഥകള്‍ സംരക്ഷിച്ചുകൊണ്ട്‌ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന പാലൂക്കാപ്പില്‍ അച്ചപ്പനും കുടുംബവും, നൊച്ചന്‍ വയല്‍ ശിവന്‍ ജാനകി ദമ്പതികളുമാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌.

ചടങ്ങില്‍ എം.വി. ശ്രേയാംസ്‌ കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എസ്‌.സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്‌ടര്‍ ഡോ.എന്‍. അനില്‍കുമാര്‍,

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. റഷീദ്‌, പി.പി. ആലി, പി.കെ. അനില്‍ കുമാര്‍, വി. ഹാരിസ്‌, ഡോ. ഉമ്മന്‍ വി. ഉമ്മന്‍, പ്രഫ. എം.കെ. പ്രസാദ്‌, എന്‍.എസ്‌ സജികുമാര്‍, എന്‍.കെ നാരായണന്‍, പള്ളിയറ രാമന്‍, കെ.വി. ദിവാകരന്‍, എ. രത്നം, ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ്‌ എ. ദേവകി,സീഡ്‌ കെയര്‍ പ്രസിഡന്റ്‌ ബി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌ തനത്‌ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തില്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ പങ്ക്‌ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പ്ര?ഫ. എം.കെ. പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിജു പി. അലക്‌സ്, ഡോ. ഉമ്മന്‍ വി.ഉമ്മന്‍, തുടങ്ങിയവര്‍ മുഖ്യ വിഷയാവതരണം നടത്തി. ടി. ആര്‍. സുമ പഞ്ചായത്ത്‌ തല സംവാദങ്ങളുടെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.










from kerala news edited

via IFTTT