121

Powered By Blogger

Saturday, 7 February 2015

സിപിഎമ്മില്‍ എംഎല്‍എമാരുടെ അടി; കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ പോര്‌









Story Dated: Sunday, February 8, 2015 11:12



mangalam malayalam online newspaper

ആലപ്പുഴ: സംസ്‌ഥാന സമ്മേളനത്തിന്‌ തൊട്ടുമുമ്പ്‌ പാര്‍ട്ടി എം.എല്‍.എമാര്‍ തമ്മിലടിച്ച സംഭവം സിപിഎമ്മിന്‌ നാണക്കേടാകുമ്പോള്‍ കോണ്‍ഗ്രസിന്‌ തലവേദന ഗ്രൂപ്പ്‌ പോര്‌. രണ്ടു സംഭവം ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ടായിരുന്നു. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരിയുടെ നേതൃത്വത്തില്‍ ഇന്ന്‌ ജില്ലാ സമ്മേളനം ചേര്‍ന്ന്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുമ്പോള്‍ ഗ്രൂപ്പ്‌ യോഗം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്‌ കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റി.


എംഎല്‍എമാര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയ സംഭവം നാണക്കേടായെന്നാണ്‌ സിപിഎം സംസ്‌ഥാന കമ്മറ്റി വിലയിരുത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ കോടിയേരി ജില്ലയില്‍ എത്തുന്നത്‌. ഏരിയാ കമ്മറ്റിയംഗങ്ങളെയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സംസ്‌ഥാന നേതൃത്വം സുധാകരനും, എ.എം.ആരിഫിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ്‌ ഇരുവരും സംയ്‌കുതമായി വാര്‍ത്താ സമ്മേളനം നടത്തിയത്‌. ശാശ്വത പരിഹാരം പറ്റിയില്ലെങ്കില്‍ സംസ്‌ഥാന സമ്മേളനം പൂര്‍ത്തിയാകും വരെയെങ്കിലും തണുപ്പിക്കുകയാണ്‌ കോടിയേരിയുടെ സന്ദര്‍ശനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്‌. സിപിഎം പ്രശ്‌നം പരിഹരിക്കുന്നതിന്റെ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നം തുടങ്ങിയിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ ജില്ലാക്കമ്മറ്റിയിലാണ്‌. സംഘടനാ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്‌ എ വിഭാഗം ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചതാണ്‌ പുതിയ പ്രശ്‌നം. ഇതേ തുടര്‍ന്ന്‌ എ ഗ്രൂപ്പിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഐ ഗ്രൂപ്പ്‌ ഡി.സി.സി പ്രസിഡന്‍റ്‌ എ.എ.ഷുക്കൂര്‍ കെ.പി.സി.സിയെ സമീപിച്ചു.


എന്നാല്‍ ഐ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡന്റിനെതിരേ തന്നെ എ ഗ്രൂപ്പ്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌. കഴിഞ്ഞയാഴ്‌ച ഇരു ഗ്രൂപ്പുകളും പരസ്യമായി അവരവരുടെ യോഗം ചേര്‍ന്നിരുന്നു. ഇരു ഗ്രൂപ്പില്‍ നിന്നും ആള്‍ക്കാര്‍ കൊഴിഞ്ഞ്‌ എതിര്‍ഗ്രൂപ്പുകളില്‍ ചേര്‍ന്നതോടെയാണ്‌ ആലപ്പുഴ കോണ്‍ഗ്രസില്‍ പ്രശ്‌നം തുടങ്ങിയത്‌. ഇതിന്‌ പിന്നാലെയായിരുന്നു യോഗം ചേരലും. ആദ്യം ഗ്രൂപ്പ്‌ യോഗം നടത്തിയ ഐ ഗ്രൂപ്പിന്‌ തങ്ങളെ വിമര്‍ശിക്കാനോ നടപടിയെടുക്കാനോ കഴിയില്ലെന്ന ആരോപണമാണ്‌ എ ഗ്രൂപ്പിന്‌. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്‍റെ സാന്നിധ്യത്തില്‍ അടുത്തയാഴ്‌ച ചേരുന്ന യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ്‌ സംസ്‌ഥാന നേതൃത്വത്തിന്റെ നീക്കം.










from kerala news edited

via IFTTT