Story Dated: Saturday, February 7, 2015 04:13
പട്‌ന: ബിഹാറില്‍ ഭരണകക്ഷിയായ ജനതാദള്‍ (യു)വിനുള്ളിലുണ്ടായ അധികാര തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. നിയമസഭ പിരിച്ചുവിടണമെന്ന് കാണിച്ച് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിക്കു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മാഞ്ചി കത്ത് നല്‍കിയത്. മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 20 പേര്‍ മാഞ്ചിയുടെ തീരുമാനത്തെ എതിര്‍ത്തു. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി യോഗം വൈകിട്ട് നാലിന് ചേരാനിരിക്കേയാണ് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം വിളിച്ച ചര്‍ച്ചയില്‍ വിയോജിപ്പ് ഒന്നും അറിയിക്കാതെ പുറത്തേക്കു വന്ന മാഞ്ചി മന്ത്രിസഭാ യോഗത്തില്‍ തീരുമാനം അറിയിക്കുകയായിരുന്നു.
പാര്‍ട്ടി യോഗത്തില്‍ നേതൃതീരുമാനത്തെ എതിര്‍ക്കാത്ത മാഞ്ചി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പാര്‍ട്ടി നിയോഗിക്കുന്ന പദവി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ വിഡ്ഢിയാക്കിക്കൊണ്ട് മാഞ്ചി അവസാന നിമിഷം മലക്കംമറിയുകയായിരുന്നു. ബി.ജെ.പി നേതൃത്വത്തോട് അടുപ്പം കാണിക്കുന്ന മാഞ്ചി വൈകിട്ട് ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. നിയമസഭ പിരിച്ചുവിടുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചാല്‍ ഗവര്‍ണര്‍ വഴങ്ങും.
നിതീഷിനെ പുതിയ മുഖ്യമന്ത്രിയായി ഇന്നു ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ന്യൂനപക്ഷമായ മാഞ്ചിയുടെ ശിപാര്‍ശക്കത്ത് പരിഗണിക്കരുതെന്ന് കാണിച്ച് ശരദ് യാദവും ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ രാത്രി നിതീഷ് കുമാറിന്റെ രണ്ട് വിശ്വസ്തരെ മന്ത്രിസഭയില്‍ നിന്ന് മാഞ്ചി പുറത്താക്കിയിരുന്നു. രാജീവ് രഞ്ചന്‍ സിംഗ് ലല്ലന്‍, പി.കെ ഷാഹി എന്നിവരെ പുറത്താക്കിയത്. സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചാണ് നടപടി. ഇന്നലെ ജെ.ഡി.യു ആസ്ഥാനത്തു ഇരുനേതാക്കളുടെയും അനുയായികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പകരം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മാഞ്ചി മേയ് 17ന് മുഖ്യമന്ത്രിയായി. എന്നാല്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ച മാഞ്ചി സ്വന്തം തീരുമാനപ്രകാരം സര്‍ക്കാരിനെ നയിച്ചു. നിതീഷിന്റെ വിശ്വസ്തരായിരുന്ന മന്ത്രിമാരെയും സുപ്രധാന തസ്തികയിലെ ഉദ്യോഗസ്ഥരെയും മാറ്റി പകരം ദളിത് വിഭാഗക്കാരെ നിയമിച്ച് ഭരണത്തില്‍ പിടിമുറുക്കാന്‍ മാഞ്ചി ശ്രമിച്ചിരുന്നു. മോഡി സ്തുതിയും പതിവാക്കിയതോടെയാണ് മാഞ്ചിയെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിനെ ചൊല്ലി ഇന്നലെ മാഞ്ചിയുടെയും നിതീഷിന്റെയും അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ ഏറ്റുമുട്ടിയ സാഹചര്യം വരെയുണ്ടായി. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന സൂചനയും ഉയര്‍ന്നിരുന്നു.
234 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യുവിന് 115 അംഗങ്ങളാണുള്ളത്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ 24 അംഗങ്ങളും അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും രണ്ട് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ബി.ജെ.പിക്ക് 88 അംഗങ്ങളാണുള്ളത്. അഞ്ചു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
from kerala news edited
via IFTTT