Story Dated: Sunday, February 8, 2015 09:40
നോംപെന്‍: കമ്പോഡിയയിലെ വിഖ്യാതമായ ആംഗ്‌കോര്‍ ക്ഷേത്രപരിസരത്ത് നിന്നുംനഗ്നഫോട്ടോ എടുത്തതിന്റെ പേരില്‍ വീണ്ടും വിവാദം പുകയുന്നു. പൂര്‍ണ്ണ നഗ്നരായി ക്ഷേത്രം പശ്‌ചാത്തലമാക്കി കഴിഞ്ഞയാഴ്‌ച ഫ്രഞ്ചു വനിതകള്‍ പിടിയിലായതിന് പിന്നാലെ ഇതേ നടപടിക്ക് അമേരിക്കന്‍ സഹോദരങ്ങളെ അറസ്‌റ്റു ചെയ്‌തു. 22 കാരി ലിന്‍ഡ്‌സേ ആഡംസ്, 20 കാരി അനുജത്തി ലെസ്ലിയുമാണ് പിടിയിലായത്. ഇവരുടെ പെരുമാറ്റം വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
കമ്പോഡിയന്‍ സര്‍ക്കാര്‍ ഏജന്‍സി അപ്‌സരയ്‌ക്ക് കീഴിലുള്ള ലോക പൈതൃക സൈറ്റായ പ്രേയാ ഖാന്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നായിരുന്നു ഇവരുടെ തുണിയുരിയലും ഫോട്ടോയെടുപ്പും. വിദേശസഞ്ചാരികളുടെ പെരുമാറ്റ ദൂഷ്യത്തിന് ഇരയായതിന്റെ പേരില്‍ ഇത് രണ്ടാം തവണയാണ് കമ്പോഡിയന്‍ പൈതൃക സൈറ്റ് വാര്‍ത്തയാകുന്നത്.
മൂന്ന് ഫ്രഞ്ച് വിനോദസഞ്ചാരികള്‍ ഇതേ നടപടി ചെയ്‌തത് കഴിഞ്ഞയാഴ്‌ച ആയിരുന്നു. നഗ്നരായി പരസ്‌പരം ഫോട്ടോയെടുക്കുകയായിരുന്നു ഇവര്‍ ചെയ്‌തത്. പരിശുദ്ധം പരിപാവനം എന്നു കരുതിയിരുന്ന ആംഗ്‌കോറില്‍ പെണ്‍കുട്ടികളുടെ പ്രവര്‍ത്തി അപമാനകരവും വൃത്തികേടുമാണെന്നാണ് സര്‍ക്കാര്‍ വിഭാഗം പ്രതികരിച്ചത്. ക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ ഒരു പക്ഷേ ഈ പെണ്‍കുട്ടികള്‍ക്ക് അറിയില്ലായിരിക്കാം എന്നിരുന്നാലും ഇത്തരം പ്രവര്‍ത്തികള്‍ ക്ഷേത്ര പരിശുദ്ധിക്ക് കളങ്കം വരുത്തിയെന്ന് അവര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ ചോദ്യം ചെയ്‌തുവരികയാണ്. കഴിഞ്ഞയാഴ്‌ച പിടിയിലായ ഫ്രഞ്ച് യുവതികളെ പോര്‍ണോഗ്രാഫി നിര്‍മ്മാണം, പൊതുവേദിയിലെ തുറന്നുകാട്ടല്‍ എന്നിങ്ങനെയുള്ള കുറ്റം ചുമത്തി ആറു മാസത്തേക്ക് ജയിലില്‍ തള്ളി. നാലു വര്‍ഷത്തേക്ക് കമ്പോഡിയ സന്ദര്‍ശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തി.
from kerala news edited
via IFTTT