ഇന്ത്യ-യു.എ.ഇ. മത്സരം ഇന്ന്, പ്രവാസികള്‍ക്ക് ധര്‍മസങ്കടം പി.പി. ശശീന്ദ്രന്‍
Posted on: 28 Feb 2015
ദുബായ്: പെര്‍ത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച ഇന്ത്യയും യു.എ.ഇ.യും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവാസികള്‍ ധര്‍മസങ്കടത്തിലാണ്. ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് എല്ലാവരും.
പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് യു.എ.ഇ. ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുന്നത്. ഇത്തവണ പാലക്കാട്ടുകാരന്‍ കൃഷ്ണചന്ദ്രന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും യു.എ.ഇ.യുടെ ടീമിലുണ്ട്. പേരുംപെരുമയും കളിമികവുംകൊണ്ട് ഇന്ത്യ യു.എ.ഇ.യേക്കാള്‍ എത്രയോ മുന്നിലുണ്ട്. എന്നാല്‍ പോരാട്ടവീര്യത്തില്‍ യു.എ.ഇ.യും മോശമല്ല. അവരുടെ ആദ്യകളിതന്നെ സിംബാബ്വെക്കെതിരെ അവര്‍ പൊരുതി തന്നെയാണ് തോറ്റത്. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും വലിയ മാര്‍ജിനില്‍ തോല്പിച്ച ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഇന്ത്യയ്ക്ക് യു.എ.ഇ. ചെറിയ ഇരയാണ്. അതുകൊണ്ടുതന്നെ ദുര്‍ബലരെ പിന്തുണക്കുന്നതില്‍ കാര്യമുണ്ടെന്ന് ചില പ്രവാസികള്‍ പറയുന്നു.
എങ്കിലും സ്വന്തം രാജ്യത്തെതന്നെ പിന്തുണക്കണമെന്ന പക്ഷക്കാരാണ് ഏറെയും. സോഷ്യല്‍ മീഡിയകളില്‍ പ്രവാസികളുടെ ഈ ധര്‍മസങ്കടം ഇതിനകംതന്നെ വലിയ ചര്‍ച്ചകള്‍ക്കും തമാശകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് തന്ന ഇന്ത്യയെ പിന്തുണക്കണോ വിസതന്ന യു.എ.ഇ. യോടൊപ്പം നില്‍ക്കണോ എന്നതാണ് ഫെയ്‌സ്ബുക്കില്‍ ഏറെ ഉയര്‍ന്നുകേട്ട ചോദ്യം.
അതേസമയം ഈ മത്സരം ഫലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം പോലെയായി മാറിപ്പോകുമോ എന്ന് ആശങ്കപ്പെടുന്നവരും ധാരാളം. രണ്ട് സ്വദേശികള്‍ മാത്രമാണ് യു.എ.ഇ. ടീമിലുള്ളത്. രണ്ട് ശ്രീലങ്കക്കാരും ഉള്‍പ്പെടുന്നു. ബാക്കിയെല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണ്. നായകന്‍ യു.എ.ഇ. പൗരനാണെങ്കില്‍ കോച്ച് പാക് താരം തന്നെ. ഫലത്തില്‍ കൃഷ്ണചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ മൊത്തത്തില്‍ മത്സരം ഇന്ത്യക്കാരും പാകിസ്താന്‍കാരും തമ്മിലുള്ള പോരാട്ടമായി മാറും. ഇന്ത്യയ്‌ക്കെതിരെ പാക് താരനിര തോറ്റമ്പിയപ്പോള്‍ സിംബാബ്വെയ്‌ക്കെതിരെ യു.എ.ഇ.യുടെ പാക് താരങ്ങള്‍ തിളങ്ങിയത് ഇവിടെ അവര്‍ക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. പാകിസ്താനിലെ ആരാധകരും ഇതുവഴി യു.എ.ഇ.യോടൊപ്പമാണ്. ഈ അന്തരീക്ഷത്തില്‍ പാക് താരങ്ങളോടൊപ്പം കളിക്കുന്ന മലയാളി താരം കൃഷ്ണചന്ദ്രനും സമ്മര്‍ദമുണ്ടായേക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും കളിയെ അതിന്റെ സ്പിരിറ്റില്‍ കണ്ടുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമിച്ചുകളിക്കുമെന്ന് കൃഷ്ണചന്ദ്രനും പറയുന്നു. ഈ കളിയില്‍ ഇന്ത്യയെ തോല്പിക്കണമെന്നാണ് മോഹമെന്നും ഈ പാലക്കാട്ടുകാരന്‍ പറയുന്നു. ഇത്തവണ ലോകകപ്പ് ക്രിക്കറ്റിലെ ഏക മലയാളി സാന്നിധ്യമാണ് ഈ യുവാവ്.
from kerala news edited
via IFTTT