ചൂടില്‍നിന്നാശ്വാസമായി നഗരത്തില്‍ എ.സി. ബസ് സ്റ്റോപ്പുകള്‍
Posted on: 28 Feb 2015
ചെന്നൈ: വേനല്‍ക്കാലത്തെ കൊടുംചൂടില്‍നിന്ന് ബസ് യാത്രക്കാര്‍ക്ക് ആശ്വാസംനല്‍കുന്ന എ.സി. ബസ് സ്റ്റോപ്പുകള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലാരംഭിക്കുന്ന സ്റ്റോപ്പുകളുടെ മിനുക്കുപണികള്‍ നടന്നുവരികയാണ്. എം.ടി.സി.ബസ്സുകള്‍ക്കായി കാത്തുനില്‍ക്കുന്നവര്‍ക്കാണ് നിലവില്‍ എ.സി. ബസ് സ്റ്റോപ്പുകള്‍ ഗുണംചെയ്യുക
സെന്റ് തോമസ് മൗണ്ട് ഗ്രാന്‍ഡ് സതേണ്‍ ട്രങ്ക് റോഡ് അസര്‍ഗാനയില്‍ പണിത എ.സി. സ്റ്റോപ്പുകളാണ് ഉദ്ഘാടനത്തിനായി സജ്ജമായത്. സെന്റ് തോമസ് ഭാഗങ്ങളിലും പല്ലാവരത്തും സ്റ്റോപ്പുകളുടെ പണി നടന്നുവരികയാണ്.
ഒരേസമയം 35 പേര്‍ക്ക് ബസ്സുകാത്തിരിക്കാനും 50 പേര്‍ക്ക് നില്‍ക്കാനുമുള്ള സൗകര്യം സ്റ്റോപ്പിലുണ്ടാകും. 20ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സ്റ്റോപ്പുകള്‍ തയ്യാറാകുന്നത്. സ്റ്റോപ്പിനകത്തും പുറത്തുമായുള്ള പരസ്യബോര്‍ഡുകളിലൂടെ വരുംമാനം പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസ് സ്റ്റോപ്പിനോടുചേര്‍ന്ന് ശൗചാലയവും സ്റ്റോപ്പിനകത്ത് ബസ്വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടി.വി.യും നിരീക്ഷണക്യാമറയുമുള്‍പ്പെടുത്തിയിട്ടുണ്ട്.
സിറ്റി യൂണിയന്‍ ബാങ്കിന്റെ സഹകരണത്തോടെ കുഭകോണത്ത് തുടങ്ങിയ എ.സി. ബസ് സ്റ്റോപ്പുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ തിരക്കേറിയ ഇടങ്ങളിലെല്ലാം സ്റ്റോപ്പുകള്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. സെന്റ് തോമസ് മൗണ്ടില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ സ്റ്റോപ്പിലേക്കുള്ള പരസ്യ ടെന്‍ഡറുകള്‍ ക്ഷണിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
from kerala news edited
via IFTTT