121

Powered By Blogger

Friday, 27 February 2015

പട്ടാമ്പിയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിനായുള്ള കാത്തിരിപ്പ്‌ നീളുന്നു











Story Dated: Saturday, February 28, 2015 03:38


മുളയന്‍കാവ്‌: ഫയര്‍ഫോഴ്‌സ് യൂണിറ്റിനായുള്ള പട്ടാമ്പിക്കാരുടെ കാത്തിരിപ്പ്‌ നീളുന്നു. പട്ടാമ്പി കേന്ദീകരിച്ച്‌ ഒരു ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ വേണമെന്ന ആവശ്യത്തിന്‌ കാലങ്ങളുടെ പഴക്കമുണ്ട്‌. പട്ടാമ്പിയില്‍ ഫയര്‍സേ്‌റ്റഷന്‍ സ്‌ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും ഫയര്‍സ്‌റ്റേഷന്‍ മാത്രം ഇന്നും വിദൂരമാണ്‌. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായി അനുയോജ്യമായ സ്‌ഥലം കിട്ടാനില്ലാത്തതാണ്‌ ഫയര്‍സ്‌റ്റേഷന്‍ വരുന്നതിന്‌ തടസമായിട്ടുള്ളതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. പട്ടാമ്പി ടൗണ്‍ ഭാരതപുഴയോരത്തോട്‌ ചേര്‍ന്നു കിടക്കുന്നതിനാല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടുള്ള മരണങ്ങള്‍ പതിവാണ്‌. വെള്ളിയാങ്കല്ലില്‍ തടയണ വന്നതിനാല്‍ ഭാരതപുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അപകടങ്ങളും ഉണ്ടാവാറുണ്ട്‌. ഈ പ്രദേശങ്ങളില്‍ തീപിടുത്തവും പതിവുള്ളതാണ്‌. അപകടമുണ്ടായാല്‍ ഷൊര്‍ണ്ണൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നാണ്‌ ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ എത്താറുള്ളത്‌. ദൂരക്കൂടുതല്‍ കാരണം ഇവിടങ്ങളില്‍ നിന്നും അഗ്നിശമനസേന എത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ദുരന്തത്തിന്റെ കാഠിന്യം വര്‍ധിക്കാനും ഇടവരും.

ഓങ്ങല്ലൂര്‍, വല്ലപ്പുഴ, കുലുക്കല്ലൂര്‍, വിളയൂര്‍, കൊപ്പം, തിരുവേഗപ്പുറ, മുതുതല, പരുതൂര്‍, തൃത്താല, പട്ടിത്തറ, കപ്പൂര്‍, ആനക്കര, ചാലിശേരി, നാഗലശേരി, തിരുമിറ്റക്കോട്‌ പഞ്ചായത്തുകളുടെ പരിധിയിലാണ്‌ പട്ടാമ്പി താലൂക്ക്‌. ഇതില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന്‌ അടുത്ത ഫയര്‍ സ്‌റ്റേഷനിലേക്ക്‌ 30കിലോമീറ്റര്‍ ദൂരമുണ്ട്‌. നിലവില്‍ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും അപകടമുണ്ടായാല്‍ ആദ്യം ആശ്രയിക്കുന്നത്‌ ഷൊര്‍ണൂര്‍ ഫയര്‍സ്‌റ്റേഷനെയാണ്‌ ജീവനക്കാരുടെ കുറവും ഓടിയെത്താനുള്ള ദൂരക്കൂടുതലും ഇവര്‍ക്കും പ്രശ്‌നമാണ്‌. പട്ടാമ്പി ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തുന്നതിനൊടൊപ്പം തന്നെ പട്ടാമ്പി ഫയര്‍സ്‌റ്റേഷനും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ പട്ടാമ്പിക്കാര്‍.


സി. രാജന്‍










from kerala news edited

via IFTTT