121

Powered By Blogger

Friday, 27 February 2015

'ആനന്ദപ്പള്ളി പി.ഒ' എന്ന വിലാസം ഇനിയുണ്ടാകില്ല











Story Dated: Saturday, February 28, 2015 06:44


അടൂര്‍: ആനന്ദപ്പള്ളി പി.ഒ എന്ന വിലാസം ഇനി കത്തുകളില്‍ ഉണ്ടാകില്ല. ഈ വിലാസത്തിലുള്ള കത്തുരുപ്പടിയുമായി ഇനി പോസ്‌റ്റ്‌മാന്‍ പടി കയറി വരില്ല. ചരിത്രത്തിനൊപ്പം മണി കിലുക്കി ഓടിയ ആനന്ദപ്പള്ളി പോസ്‌റ്റ്‌ ഓഫീസ്‌ ഓര്‍മയാകാന്‍ പോവുകയാണ്‌. പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടിരിക്കുന്നു. പകരം കെട്ടിടം നോക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. പാസ്‌റ്റ്‌ ഓഫീസ്‌ നിര്‍ത്തലാക്കുക എന്ന തീരുമാനമാണ്‌ അവര്‍ കൈക്കൊണ്ടത്‌.നഗരസഭ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ്‌ പോസ്‌റ്റ്‌ ഓഫീസിന്റെ പ്രയോജനം ലഭിക്കുന്നത്‌.


ആനന്ദപ്പള്ളി പോസ്‌റ്റ്‌ ഓഫീസ്‌ ആരംഭിച്ചിട്ട്‌ അരനൂറ്റാണ്ട്‌ കഴിയുന്നു. അടൂരില്‍ നിന്ന്‌ അഞ്ചലോട്ടക്കാരന്‍ മണിയും കിലുക്കി ആനന്ദപ്പള്ളിയിലേക്ക്‌ വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിന്‌ ശേഷമാണ്‌ ഇവിടെ പോസ്‌റ്റ്‌ ഓഫീസ്‌ സ്‌ഥാപിതമായത്‌. പട്ടാളത്തിലും വിദേശത്തുമൊക്കെ ജോലി തേടിപ്പോയവരുടെ കത്തും മണിയോര്‍ഡറുമായി ഒരു കാലത്ത്‌ വലിയ തിരക്കായിരുന്നു ഇവിടെ.


കര്‍ഷകഗ്രാമമായിരുന്ന ആനന്ദപ്പള്ളിയുടെ മുഖഛായ പിന്നീട്‌ മാറി. അപ്പോഴും ഒരു കുടുസു മുറിയിലാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ചെറിയ വാടക മാത്രമാണ്‌ ഇതിന്‌ നല്‍കിപ്പോന്നിരുന്നത്‌. ഈ മുറി ഒഴിഞ്ഞു കൊടുക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പുതിയ മുറി എടുക്കാനൊന്നും തപാല്‍ വകുപ്പിന്‌ താല്‍പര്യമില്ല. അതു കൊണ്ടു തന്നെയാണ്‌ ഇത്‌ നിര്‍ത്തലാക്കാനും നീക്കം നടക്കുന്നത്‌.


കെ.ഐ.പിയുടെ തരിശായി കിടക്കുന്ന കെട്ടിടത്തില്‍ നിന്നും രണ്ടു സെന്റ്‌ ലഭ്യമായാല്‍ പോസ്‌റ്റ്‌ ഓഫീസിന്‌ കെട്ടിടം പണിതു നല്‍കാമെന്ന നിര്‍ദേശവുമായി ആനന്ദപ്പള്ളി റസിഡന്‍സ്‌ അസോസിയേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ ഭാരവാഹികളായ ഷാജി ടി. കോശി, ജോര്‍ജ്‌ മാത്യു, വര്‍ഗീസ്‌ ദാനിയല്‍, വി.കെ. സ്‌റ്റാന്‍ലി എന്നിവര്‍ മന്ത്രി അടൂര്‍ പ്രകാശിന്‌ നിവേദനം നല്‍കി.










from kerala news edited

via IFTTT