Story Dated: Saturday, February 28, 2015 03:36
പെരിന്തല്‍മണ്ണ: ചേലാമലയിലെ അലിഗഡ് മലപ്പുറം കേന്ദ്രത്തില്‍ സ്‌ഥിരം കെട്ടിടങ്ങളുടെ ശിലാസ്‌ഥാപനം മേയ് ആദ്യവാരത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്നു നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. അലിഗഡ് കേന്ദ്രത്തിന്റെ വികസന പുരോഗതി നേരിട്ടു വിലയിരുത്തുന്നതിനു ചേലാമല കാമ്പസിലെത്തിയ മന്ത്രി കേന്ദ്രം ഡയറക്‌ടര്‍ ഡോ.എച്ച്. അബ്‌ദുല്‍ അസീസിനൊപ്പം കാംപസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അലിഗഡ് മുസ്ലിം യൂനിവേസിറ്റി ആര്‍കിടെക്‌ചറല്‍ വിഭാഗം തയ്യാറാക്കിയ പരിസ്‌ഥിതി സൗഹൃദ മാസ്‌റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിട സമുച്ചയമാണ് കാംപസില്‍ ഉയരുന്നത്. ഒന്നാംഘട്ട വികസനത്തിന് 95 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങളും നവീന കോഴ്‌സുകളും യാഥാര്‍ഥ്യമാക്കി 2020 ഓടെ സമ്പൂര്‍ണ സ്‌പെഷല്‍ കാംപസാക്കി മലപ്പുറം കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. യൂണിവേസിറ്റി കേന്ദ്രത്തിന്റെ വികസനത്തിന് പുതിയ കോഴ്‌സുകള്‍ തുടങ്ങുകയും അടിസ്‌ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും വേണം. സ്‌ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങാന്‍ അല്‌പം കാലതാമസമെടുത്തുവെങ്കിലും മെയില്‍ യൂനിവേസിറ്റി വിസിറ്റര്‍ കൂടിയായ രാഷ്‌ട്രപതി എത്തുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരുമെന്നു മന്ത്രി പറഞ്ഞു. എല്‍.എല്‍.എം., എം.ബി.എ. എക്‌സിക്യൂട്ടീവ് ഈവനിങ് കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രാദേശിക വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് ഹൈസ്‌കൂള്‍, പ്ല്‌സ് ടു സ്‌കൂളുകള്‍ തുടങ്ങേണ്ടതുണ്ട്. നിലവിലുള്ള അലിഗഡ് യൂനിവേസിറ്റി നിയമ പ്രകാരം അതിന് തടസ്സങ്ങളുള്ളതിനാല്‍ നിയമഭേദഗതിക്ക് ശ്രമങ്ങള്‍ നടന്നു വരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈയാഴ്‌ചയും കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്‌മൃതി ഇറാനിക്ക് കത്തെഴുതിയതായി മന്ത്രി പറഞ്ഞു. സ്‌കൂള്‍ സ്‌ഥാപിക്കപ്പെടുന്നതോടെ കൂടുതല്‍ പ്രാദേശിക വിദ്യാര്‍ഥികള്‍ പ്രവേശനം നേടുകയും അവര്‍ യൂണിവേസിറ്റിയില്‍ ഉന്നത പഠനത്തിന് എത്തുകയും ചെയ്യും.
അലിഗഡ് കേന്ദ്രത്തിന് വേണ്ട എല്ലാ സഹായങ്ങളും സംസ്‌ഥാന സര്‍ക്കാര്‍ ചെയ്‌തു വരുന്നുണ്ട്. യൂണിവേസിറ്റി ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അനുവദിച്ചു. 30 മീറ്റര്‍ റോഡ് നിര്‍മിക്കുന്നതിന് സ്‌ഥലം ഏറ്റെടുത്ത് നല്‍കി. നിര്‍മാണം നടത്തേണ്ടത് യൂനിവേസിറ്റിയാണ്. അതിന് ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. കാംപസ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നതോടെ വിപുലമായ ശുദ്ധജല പ്ലാന്റും 11 കെ.വി. സബ്‌സേ്‌റ്റഷനും അനുവദിക്കും. അതോടെ കാംപസിലേക്ക് പൊതുഗതാഗത സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈമാസ്‌റ്റ് ലൈറ്റ് സ്‌ഥാപിക്കും: ചേലാമലയിലെ അലിഗഡ് കാംപസില്‍ ഹൈമാസ്‌റ്റ് ലൈറ്റ് സ്‌ഥാപിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. എം.എല്‍.എ.യുടെ പ്രദേശിക വികസ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് കേന്ദ്രത്തിന്റെ മധ്യഭാഗത്തായി ലൈറ്റ് സ്‌ഥാപിക്കുക. ഇത് സംബന്ധിച്ച് കേന്ദ്രം ഡയറക്‌ടറുടെ ശിപാര്‍ശ പ്രകാരം ഒരു മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിവോള്‍വിങ് ഫണ്ട് രൂപവത്‌ക്കരിക്കും: ചേലാമല കാംപസിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഗസ്‌റ്റ് ഹൗസില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇവിടെ തന്നെ വിനിയോഗിക്കുന്നതിന് റിവോള്‍വിംഗ് ഫണ്ട് രൂപവത്‌ക്കരിക്കാന്‍ അനുമതി ലഭിച്ചതായി കേന്ദ്രം ഡയരക്‌ടര്‍ ഡോ.എച്ച്. അബ്‌ദുല്‍ അസീസ് അറിയിച്ചു. ഇതുവരെ തുക കേന്ദ്ര യൂനിവേസിറ്റി ഫണ്ടിലടയ്‌ക്കുകയായിരുന്നു. കാമ്പസിലെ 17 ഏക്കര്‍ റബ്ബര്‍, 800 ഓളം കശുമാവ്, തെങ്ങ്, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവയില്‍ നിന്നായി ലഭിച്ച 81 ലക്ഷം രൂപ ഇതിനകം അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് സര്‍വകലാശാലയുടെ പാരമ്പര്യ രീതികള്‍ അവലംബിച്ച് തന്നെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സര്‍വകലാശാലയായി ഉയര്‍ത്തുമെന്നും ഡോ.എച്ച്. അബ്‌ദുല്‍ അസീസ് പറഞ്ഞു.
from kerala news edited
via IFTTT