Story Dated: Sunday, March 1, 2015 02:00
അമ്പലപ്പുഴ: ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും മറ്റ് അറ്റകുറ്റപ്പണിക്കുമായി ദേവസ്വം ബോര്‍ഡ് അനുവദിക്കുന്ന തുക ചെലവഴിക്കുന്നതില്‍ വ്യാപക ക്രമക്കേട്. കരാറുകാരനും ഉദ്യോഗസ്‌ഥരും തമ്മിലുള്ള അവിഹിത ഇടപെടല്‍ മൂലം അനുവദിക്കുന്ന തുകയില്‍ ഭൂരിഭാഗവും അഴിമതിയുടെ കറ പുരളുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണത്.
ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡ് വിവിധഘട്ടങ്ങളില്‍ അനുവദിച്ച തുകയില്‍ ഭൂരിഭാഗവും തട്ടിയെടുത്തിരിക്കുന്നത് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്‌ഥരും ചേര്‍ന്നാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗത്തിന്റെ അടുപ്പക്കാരനായ ഈ കരാറുകാരനാണ് ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാകെ ഏറ്റെടുത്തിരിക്കുന്നത്. ഏതാനും മാസം മുമ്പ് നടന്ന പള്ളിപ്പാനയുടെ ഒരുക്കങ്ങള്‍ക്കായി ദേവസ്വംബോര്‍ഡ് അനുവദിച്ച ലക്ഷങ്ങള്‍ ഈ കരാറുകാരനും ദേവസ്വംബോര്‍ഡ് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്‌ഥനും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.
ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകനായ കരാറുകാരന്‍ ഒരു ആത്മീയ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. തട്ടിപ്പിന് കൂട്ടുനിന്ന ഒരു ഉദ്യോഗസ്‌ഥന് ഇയാള്‍ ലക്ഷങ്ങള്‍ വിലയുള്ള ലക്‌ഷ്വറി കാര്‍ സമ്മാനിച്ചതായും പറയപ്പെടുന്നു. പല നിര്‍മാണത്തിനും ടെന്‍ഡര്‍ നടപടി സ്വീകരിക്കാറില്ലത്രേ. കഴിഞ്ഞദിവസം ഗോശാലയുടെ തകര്‍ന്നുവീണ ഭാഗം നിര്‍മിക്കുന്നതില്‍ എസ്‌റ്റിമേറ്റുപോലും എടുത്തിട്ടില്ലെന്ന് കരാറുകാരന്‍ തന്നെ സമ്മതിക്കുന്നു. ഈ രീതിയില്‍ ടെണ്ടറോ ആവശ്യമായ എസ്‌റ്റിമേറ്റോയെടുക്കാതെയാണ് പല നിര്‍മാണവും ഇയാള്‍ക്ക് കരാര്‍ നല്‍കുന്നത്.
ക്ഷേത്രത്തില്‍ നേരത്തെ ജോലി ചെയ്‌തുവന്നിരുന്ന അസിസ്‌റ്റന്റ് എന്‍ജിനീയറെ സ്‌ഥലംമാറ്റി പകരം പുതിയ ദേവസ്വംബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ പകരം മറ്റൊരു ഉദ്യോഗസ്‌ഥനെ നിയമിക്കുകയായിരുന്നു. നിര്‍മാണം കൂടാതെ ദേവസ്വംബോര്‍ഡിന്റെ മിക്ക ക്ഷേത്രങ്ങളിലേയും എണ്ണക്കടകളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നതും ഇയാള്‍ തന്നെ. ഇയാള്‍ക്കൊപ്പം ആര്‍.എസ്.എസ് - ബി.ജെ.പി നേതാക്കളും തട്ടിപ്പില്‍ പങ്കാളികളാണ്. മറ്റ് കരാറുകാരെ ഒഴിവാക്കി ഇയാള്‍ക്കു തന്നെ കരാര്‍ നല്‍കാന്‍ ഉദ്യോഗസ്‌ഥരാണ് മുന്‍കൈയെടുക്കുന്നത്.
എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്തരം കരാര്‍ നല്‍കുന്നതിലൂടെ ദേവസ്വംബോര്‍ഡ് അനുവദിക്കുന്ന തുകയില്‍ ഭൂരിഭാഗവും ചിലര്‍ പങ്കിട്ടെടുക്കുകയാണ്. ഇതിനെതിരെ ദേവസ്വംബോര്‍ഡ് ഓംബുഡ്‌സ്‌മാന്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് ഭക്‌തര്‍. ഗോശാലയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഭക്‌തര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT