Story Dated: Saturday, February 28, 2015 03:42
കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനായി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ കൈവശമുള്ള മടക്കിമലയിലെ കാപ്പിത്തോട്ടത്തിന്റെ ഭാഗമായ 50 ഏക്കര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ജില്ലയിലെ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്കിടയില്‍ ചേരിതിരിവിനു കാരണമായിയെന്ന് സൂചന. ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് ഉടക്കിട്ട ഫയല്‍ ലാന്‍ഡ് അക്വസിഷന്‍ ഡപ്യൂട്ടി കലക്‌ടറില്‍നിന്നു ജില്ലാ കലക്‌ടര്‍ പിടിച്ചെടുത്തതാണ് ചേരിതിരിവിനു ഇടയാക്കിയത്. ഡപ്യൂട്ടി കലക്‌ടയെും ജില്ലാ കലക്‌ടറെയും ന്യായീകരിച്ച് ജീവനക്കാര്‍ രണ്ടു ചേരിയായി തിരിഞ്ഞുവെന്നാണ് സൂചനകള്‍.
ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി ഉള്‍പ്പെടുന്ന റീസര്‍വേ നമ്പര്‍ 1058ല്‍പ്പെട്ട 105.44 ഏക്കറിന് 1984ല്‍ കല്‍പ്പറ്റ ലാന്‍ഡ് ട്രൈബ്യൂണല്‍ 112/84 നമ്പരായി പട്ടയം അനുവദിച്ചിരുന്നു. ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെയും ഭൂമി നിക്ഷിപ്‌തമാക്കലും പതിച്ചുകൊടുക്കലും ചട്ടത്തിന്റെയും ലംഘനമാണെന്ന് സംസ്‌ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. പട്ടയം റദ്ദുചെയ്യുന്നതിനു കണ്ണൂര്‍ അപ്‌ലെറ്റ് അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്‌ത് നമ്പര്‍ സഹിതം രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് 2013 ഒക്‌ടോബര്‍ 26ന് വയനാട് ജില്ലാ കലക്‌ടര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കി. എല്‍.ബി.(എ) മൂന്ന്-9406/13(1) നമ്പരിലുള്ള ഈ ഉത്തരവ് നടപ്പിലാക്കുന്നതിനു അന്നത്തെ കലക്‌ടര്‍ തയാറായില്ല. മാസങ്ങള്‍ക്കുശേഷം ഉത്തരവില്‍ സ്‌പഷ്‌ടീകരണത്തിനു ലാന്‍ഡ് ബോര്‍ഡിലേക്ക് കത്തെഴുതി കലക്‌ടര്‍ ജില്ല വിട്ടു. ഇതിനുശേഷം
ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവ് 2015 ജനുവരി 24ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയമപ്രശ്‌നങ്ങള്‍ ഏറെയുള്ള 105.44 ഏക്കര്‍ ഭൂമിയില്‍നിന്ന് 50 ഏക്കര്‍ ദാനമായി സ്വീകരിക്കുന്നതില്‍ ഔചിത്യമുണ്ടന്നും സര്‍ക്കാര്‍ ഉത്തരവ് വ്യക്‌തതയില്ലാത്തതാണെന്നുമുള്ള കാരണങ്ങള്‍ ഉന്നയിച്ചാണ് ഡെപ്യൂട്ടി കലക്‌ടര്‍ തടസവാദങ്ങളുന്നയിച്ചുകൊണ്ടുള്ള കത്ത് മുകളിലേക്കയച്ചത്. ജില്ലാ കലക്‌ടര്‍ അറിയാതെയായിരുന്നു ഈ നീക്കം. ഈ വിവരം അറിഞ്ഞ ജില്ലാ കലക്‌ടര്‍ ഡപ്യൂട്ടി കലക്‌ടറെ വിളിപ്പിച്ച് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച മുഴുവന്‍ ഫയലുകളും ആവശ്യപ്പെടുകയാണുണ്ടായത്. ആതുര ശുശ്രൂഷാ മേഖലയില്‍ വളരെ പിന്നാക്കമായ വയനാട്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവ. മെഡിക്കല്‍ കോളജ് സ്‌ഥാപിക്കാന്‍ കാലതാമസം വന്നതിനിടക്ക് ഡെപ്യൂട്ടി കലക്‌ടറുടെ നടപടി ചര്‍ച്ചാ വിഷയമായി. ഡപ്യൂട്ടി കലക്‌ടര്‍ക്കെതിരെ നടപടി വേണമെന്ന് വിവിധ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കുന്നതിനെതിരേ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ താത്‌പര്യസംരക്ഷണത്തിനാണ് ഡപ്യൂട്ടി കലക്‌ടര്‍ നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ പക്ഷം. എന്നാല്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ കൈവശമുള്ള ഭൂമി സംബന്ധമായി നിലവിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാകാതെ ഭൂമിയില്‍ ഒരു ഭാഗം മാത്രം ഏറ്റടുക്കുന്നത് സംസ്‌ഥാന താത്‌പര്യത്തിനു നിരക്കുന്നതല്ലെന്നും നിലവിലെ നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഡെപ്യൂട്ടി കലക്‌ടറെ അനുകൂലിക്കുന്നവരുടെ നിലപാട്.
from kerala news edited
via IFTTT