Story Dated: Sunday, March 1, 2015 02:49
പാലക്കാട്: പാലക്കാട് കോട്ടയ്‌ക്ക് ചുറ്റും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ലക്ഷങ്ങള്‍ പൊടിച്ച് സ്‌ഥാപിച്ച നടപ്പാത ഉപയോഗശൂന്യം. നിത്യേന പ്രഭാത-സായാഹ്ന സവാരിക്കായി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ടൈല്‍സ് പാകിയ നടപ്പാതയാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഡി.ടി.പി.സി ഫണ്ട് ഉപയോഗിച്ച് കോട്ടയ്‌ക്ക് ചുറ്റും സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി പുല്ല് വെച്ചുപിടിപ്പിക്കുകയും നടപ്പാത നിര്‍മിക്കുകയും വിളക്കുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തെങ്കിലും അതിന്റെ പരിപാലന ചുമതല പുരാവസ്‌തു വകുപ്പിനാണ്.
കഴിഞ്ഞ മഴക്കാലത്ത് മണ്ണും കല്ലും കയറ്റിയ ട്രാക്‌റ്റര്‍ ഇതുവഴി ഓടിച്ചതാണ് നടപ്പാത തകരാന്‍ കാരണം. പിന്നീട് ഇത് നന്നാക്കാന്‍ പുരാവസ്‌തു വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ടൈലുകള്‍ ഇളകികിടക്കുന്ന പാതയിലൂടെ നടക്കുന്നവര്‍ക്ക് കാലിന് പരുക്കേല്‍ക്കുന്നത് പതിവായി. ഇതോടെ പലരും നടപ്പ് കോട്ടയ്‌ക്ക് പുറത്ത് റോഡിലേക്ക് മാറ്റി.
കോട്ടയ്‌ക്കു ചുറ്റും നടക്കുന്നവരുടെ കൂട്ടായ്‌മയായ ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ് അംഗങ്ങള്‍ ഇക്കാര്യം പലപ്പോഴായി ജില്ലാ കലക്‌ടറുടെയും പുരാവസ്‌തു വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. നിവേദനങ്ങളുമായി പലതവണ കയറിയിറങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ പുരാവസ്‌തു വകുപ്പ് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്‌ടറുടെ ചേമ്പറില്‍ സംയുക്‌തയോഗം ചേര്‍ന്നു. ഡി.ടി.പി.സി ഭാരവാഹികളും വാക്കേഴ്‌സ് ക്ലബ് അംഗങ്ങളും പങ്കെടുത്ത യോഗത്തിനു മുന്നോടിയായി സ്‌ഥലപരിശോധന നടത്തി ബന്ധപ്പെട്ടവര്‍ ദുരവസ്‌ഥ നേരിട്ട് മനസിലാക്കി.
യോഗത്തില്‍ ഡിസംബര്‍ 25 നകം നടപ്പാത നന്നാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോട്ടയുടെ തെക്ക്-പടിഞ്ഞാറു ഭാഗത്ത് മിഴിചിമ്മിയ വിളക്കുകള്‍ കത്തിക്കാന്‍ മാത്രമാണ് നടപടി ഉണ്ടായത്. ഈ വിളക്കുകള്‍ തെളിയിക്കാന്‍ വേണ്ടി പുരാവസ്‌തു വകുപ്പിനെ ആദ്യം സമീപിച്ചപ്പോള്‍ പത്തുലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി തരാനാണ് ആവശ്യപ്പെട്ടതെന്ന് ക്ലബ് അംഗങ്ങള്‍ പറയുന്നു. കോട്ടയ്‌ക്കു ചുറ്റും നടക്കുന്നവരില്‍ നിന്നും പണം പിരിക്കാനാണ് പുരാവസ്‌തു വകുപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ഇതുവഴി നടക്കുന്നവരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് ബോധപൂര്‍വം നടപ്പാത നശിപ്പിച്ചതും നന്നാക്കാതിരിക്കുന്നതുമെന്നാണ് പറയുന്നത്.
from kerala news edited
via IFTTT