121

Powered By Blogger

Saturday, 28 February 2015

ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍








ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍


Posted on: 01 Mar 2015


ദുബായ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റിനെ പ്രവാസി വ്യവസായിസമൂഹം ഒരേ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ബജറ്റ് സന്തുലിതവും വികസനോന്മുഖവുമാണെന്ന് വിശേഷിപ്പിച്ച യു.എ.ഇ.യിലെ വ്യവസായപ്രമുഖര്‍ നികുതിവ്യവസ്ഥകള്‍ ലഘൂകരിച്ചതും വിസാചട്ടങ്ങളില്‍ ഇളവുവരുത്തിയതും ഏറെ ശ്ലാഘനീയമാണെന്നും പറയുന്നു. എന്നാല്‍, പ്രവാസിക്ഷേമത്തിനായി പ്രത്യേക പദ്ധതികളോ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടികളോ ആവിഷ്‌കരിക്കാത്തത് നിരാശാജനകമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എം.എ. യൂസഫലി (എം.ഡി. ലുലു ഗ്രൂപ്പ്)

രാഷ്ട്രപുരോഗതിക്ക് കാരണമാകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. താത്കാലിക കൈയടി നേടാനുള്ള പ്രഖ്യാപനങ്ങളല്ല അദ്ദേഹം നടത്തിയത്. നികുതിരഹിത ബോണ്ടുകള്‍ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ ഗുണം ചെയ്യും. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ വിദേശ ഇന്ത്യക്കാരെ പ്രേരിപ്പിക്കുകയും ചെയ്യും.

വ്യവസായം തുടങ്ങാനുള്ള നടപടികള്‍ ഏകജാലകസംവിധാനത്തിലൂടെ നടപ്പാക്കുന്നത് പുതിയ സംരംഭകര്‍ക്ക് ആകര്‍ഷകമായ കാര്യമാണ്. സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് പണം നീക്കിവെച്ചത് ഐ.ടി. മേഖലയിലുള്ള യുവസംരംഭകര്‍ക്ക് സന്തോഷം പകരും. ഇത് 'മേക്ക് ഇന്‍ ഇന്ത്യ' പരിപാടിക്ക് ഗുണകരമാണ്. വിസാ നടപടികള്‍ ലഘൂകരിച്ചത് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുക.

വൈ. സുധീര്‍കുമാര്‍ ഷെട്ടി (പ്രസിഡന്റ്-യു.എ.ഇ. എക്‌സ്‌ചേഞ്ച്)


പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന ഇന്ത്യ റോഡ് മാപ്പിന്റെ പ്രതിഫലനമാണ് ബജറ്റ്. അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ചെലവഴിക്കലിനെ പ്രോത്സാഹിപ്പിക്കുന്നതും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതും ഇന്ത്യയുടെ വികസനത്തിന് പാതയൊരുക്കുന്നതാണ്. ക്ഷേമപ്രവര്‍ത്തനങ്ങളിന്മേലുള്ള ശ്രദ്ധതെറ്റാതെ തന്നെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ചെറുകിട സംരംഭകര്‍ക്ക് മുദ്ര ബാങ്ക് വഴി സാമ്പത്തികസഹായമെത്തിക്കാനുള്ള നീക്കം പ്രശംസനീയമാണ്. മേക്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് ശക്തിപകരുന്നതാണ് ഇത്. അടല്‍ പെന്‍ഷന്‍ യോജന, യൂണിവേഴ്‌സല്‍ സെക്യൂരിറ്റി സ്‌കീം തുടങ്ങിയവയും സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണ്. എന്നാല്‍, ഇന്ത്യയുടെ വികസനചരിത്രത്തിലേക്ക് വിദേശ ഇന്ത്യക്കാരെക്കൂടി ഉള്‍പ്പെടുത്താനുള്ള ഒരു നീക്കവും ബജറ്റിലുണ്ടായില്ല. ഇന്ത്യയിലേക്ക് ബില്യണുകള്‍ അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗുണം ലഭിക്കുന്ന പ്രത്യേകപദ്ധതികളോ, അവരില്‍നിന്നുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികളോ ബജറ്റില്‍ പറയുന്നില്ല.

ഡോ. ആസാദ് മൂപ്പന്‍ (ചെയര്‍മാന്‍-ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍)


വികസനത്തിനും തൊഴിലവസരത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന് അനുവദിച്ചുകിട്ടിയില്ല എന്നത് നിരാശാജനകമാണ്. തിരുവനന്തപുരത്തെ 'നിഷി'ന്(നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) സര്‍വകലാശാല പദവി നല്‍കിയതും മികച്ച തീരുമാനമായി.

150 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് തത്സമയ വിസ അനുവദിക്കാനുള്ള നിര്‍ദേശം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകും. ആരോഗ്യടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകും.

എന്നാല്‍, പ്രവാസിസമൂഹത്തിന് ബജറ്റില്‍ കാര്യമായ വകയിരുത്തലുകളൊന്നുംതന്നെയില്ല. നാട്ടില്‍ തങ്ങളുടെ മക്കള്‍ക്കായി ഡീംഡ് സര്‍വകലാശാലകളും വ്യോമഗതാഗതരംഗത്ത് അനുകൂല നിലപാടുകളും പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നു.

ഇസ്മായില്‍ റാവുത്തര്‍ (നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍)


പ്രവാസികളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള കേന്ദ്രബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാമെന്ന് കഴിഞ്ഞ പ്രവാസിഭാരതീയ ദിവസില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, 12 ശതമാനം സര്‍വീസ് ചാര്‍ജ് എന്നത് 14 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പഴുതുകള്‍ അടച്ച് സബ്‌സിഡികള്‍ പൂര്‍ണമായും പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് പകരം, പണക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ന്യായം പറഞ്ഞ് നിര്‍ത്തലാക്കുകയാണ് ചെയ്യുന്നത്. ഇത് നാട്ടിലെ സാധാരണക്കാരെയെന്നതുപോലെ, ഗള്‍ഫ് മലയാളി കുടുംബങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന എട്ടോളം സാമൂഹികക്ഷേമപദ്ധതികളുടെ കേന്ദ്രവിഹിതം നിര്‍ത്തലാക്കി, പതിനാറോളം പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു. ഇതെല്ലാം ഭാവിയില്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും. കേന്ദ്രഗവണ്‍മെന്റ് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനത്തിന് മാറ്റിവെച്ചിരിക്കുന്ന തുക 5,78,382 കോടി രൂപയാണ്. ഇതില്‍, വിദേശ ഇന്ത്യാക്കാരുടെ കാര്യങ്ങള്‍ നോക്കുന്ന പ്രവാസിവകുപ്പിന് മാറ്റിവെച്ചിരിക്കുന്നത് വെറും 20 കോടി രൂപ മാത്രമാണ്. മൂന്നുകോടി പ്രവാസി ഇന്ത്യക്കാരില്‍ മുപ്പതുലക്ഷം വരുന്ന പ്രവാസി മലയാളികള്‍മാത്രം ഒരു ലക്ഷം കോടി രൂപ ഒരു വര്‍ഷം നാട്ടിലേക്ക് അയയ്ക്കുമ്പോഴാണ് ഈ അവഗണന.

പരാസ് ഷഹ്ദാദ് പുരി (പ്രസിഡന്റ്-ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രമോഷനല്‍ കൗണ്‍സില്‍, ദുബായ്)


പ്രശംസനീയമായ ഒരു ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് മികച്ച രീതിയില്‍ തുക വകയിരുത്താന്‍ ബജറ്റിനായി. വകയിരുത്തിയ മൊത്തം തുക രാജ്യത്തിന്റെ മൊത്ത ആഭ്യന്തരവരുമാനത്തിന് തുല്യമാണെന്നതും ശ്രദ്ധേയമാണ്.

കള്ളപ്പണത്തിനെതിരെ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുന്നുവെന്നത് ബജറ്റിന്റെ പ്രത്യേകതകളിലൊന്നാണ്. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കുന്ന പദ്ധതി ദരിദ്രര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ ഗുണകരമാകും. സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും വലിയ കാല്‍വെപ്പുകളിലൊന്നാണിത്. സ്വര്‍ണനിക്ഷേപത്തിന് പലിശ ലഭ്യമാക്കുന്ന 'ഗോള്‍ഡ് ബോണ്ട്' ബജറ്റ് മുന്നോട്ടുവെക്കുന്ന മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്. കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണം ക്രിയാത്മകമായി ഉപയോഗപ്പെടുത്താതെ ലോക്കറുകളില്‍ സൂക്ഷിക്കുന്ന രീതി കുറച്ചുകൊണ്ടുവരാന്‍ ഇത് സഹായകമാകും. സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരുന്നതിന് പകരം സബ്‌സിഡികള്‍ ചോര്‍ന്നുപോകുന്നത് തടയുന്നതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്ന രീതിയും ശ്രദ്ധേയമായ ഒരു നീക്കമാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 12.5 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായത് അതിശയകരമാണ്. സ്വത്ത് നികുതി ഒഴിവാക്കുന്നതും നികുതി വ്യവസ്ഥ ലളിതമാക്കുന്നതും മറ്റൊരു ശ്രദ്ധേയമായ ചുവടുവെപ്പാണ്.

അദീബ് അഹമ്മദ് (സി.ഇ.ഒ.-ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്)


നരേന്ദ്രമോദി ഗവണ്‍മെന്റ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ ഉണര്‍വിന്റെ പ്രതിഫലനമാണ് ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക വളര്‍ച്ച 8.5 ശതമാനത്തിലേക്കും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ട അക്കത്തിലേക്കും എത്തിച്ച് എല്ലാ മേഖലകളിലും സാമ്പത്തികപുരോഗതിയാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. 2015-2016 കാലഘട്ടത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി 70,000 കോടി രൂപ ചെലവഴിച്ച് വളര്‍ച്ച ത്വരപ്പെടുത്തുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.

ധനപ്പെരുപ്പം കുറഞ്ഞത് സാധാരണക്കാരനും ഗുണകരമാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിവഴി വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും. ബജറ്റ് എല്ലാവരെയും ബാധിക്കുന്ന സാമ്പത്തിക നടപടിയാണെങ്കിലും സാമൂഹികസുരക്ഷാ സംവിധാനം എല്ലാ ഇന്ത്യക്കാരനും ലഭിക്കുക എന്നതാണ് പ്രധാനകാര്യം. ആരോഗ്യ ഇന്‍ഷുറന്‍സ് നികുതിയിളവ് പ്രഖ്യാപിച്ചത് ഗവണ്‍മെന്റിന്റെ നികുതിനയത്തിലെ ശ്രദ്ധേയമായ കാല്‍വെപ്പാണിത്. ലോകത്തിലെ വിവിധ രാജ്യക്കാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ 'ഓണ്‍ അറൈവല്‍ വിസ' ഏര്‍പ്പാടാക്കിയത് നമ്മുടെ വിനോദസഞ്ചാരമേഖലയെയും അതുവഴി വിദേശ നാണ്യശേഖരത്തെയും വര്‍ധിപ്പിക്കും.












from kerala news edited

via IFTTT