Story Dated: Sunday, March 1, 2015 02:04
തിരുവല്ല: കദളിമംഗലം പടയണി മഹോത്സവത്തിനു നാളെ ചൂട്ടുവയ്‌ക്കും. നാളെ വൈകിട്ട് ശ്രീവല്ലഭക്ഷേത്രത്തിലെ ആറാട്ട് വിളക്കില്‍ നിന്നും തെളിക്കുന്ന ഭദ്രദീപവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തി ദീപപ്രതിഷ്‌ഠ നടത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിളിച്ചുചോദ്യം നടത്തി ഇരുവെള്ളിപ്പറ, തെങ്ങേലി കരക്കാര്‍ ക്ഷേത്ര പ്രദക്ഷിണം നടത്തുന്നതോടെ പടയണിയ്‌ക്ക് തുടക്കമാകും. തുടര്‍ന്ന് പത്തുനാള്‍ ചൂട്ടുപടയണി നടക്കും.
12 മുതല്‍ ഇരുവെള്ളിപ്പറ, തെങ്ങേലി കരക്കാരുടെ നേതൃത്വത്തില്‍ എഴുതി തുള്ളല്‍, ഇടപ്പടയണി, വലിയ പടയണി, സമാപന പടയണി എന്നിവ നടക്കും. 21ന് രാവിലെ 11ന് കാലയക്ഷിക്കോലം കളത്തിലിറങ്ങും. തുടര്‍ന്ന് മംഗളഭൈരവി കളത്തില്‍ അരങ്ങേറും. ഉറഞ്ഞു തുള്ളുന്ന കാലയക്ഷിക്കോലം കനല്‍ വാരിയെറിയുന്നതോടെ പടയണി സമാപിക്കും.
തലയിലെടുത്ത് തുള്ളുന്നതില്‍ ഏറ്റവും വലിയ കോലമായ 101 പാളയുടെ ഭൈരവിക്കോലം തുറന്നിട്ട തിരുനടയ്‌ക്ക് മുന്നില്‍ തുള്ളിയെറിഞ്ഞ് കനല്‍ വാരിയെറിയുന്ന കാലയക്ഷിക്കോലവും കദളിംഗലം പടയണിയുടെ മാത്രം പ്രത്യേകതയാണ്. പടയണി നടത്തിപ്പിനായി എം.സി. പ്രസന്നകുമാര്‍, നന്ദകുമാര്‍ മാടക്കാലില്‍, കെ.കെ.ആര്‍ നായര്‍, ഹരികുമാര്‍, സന്തോഷ് അഞ്ചേരില്‍, ഉണ്ണികൃഷ്‌ണന്‍ വാസുദേവം, ജയന്‍ ജനാര്‍ദനന്‍, സനല്‍ മണ്ണടിപ്പറമ്പില്‍, അജയ് എസ്. നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
from kerala news edited
via IFTTT