121

Powered By Blogger

Saturday 28 February 2015

പൂളാടിക്കുന്ന്‌-വെങ്ങളം ബൈപ്പാസ്‌ ഈ വര്‍ഷം അവസാനത്തോടെ : മുഖ്യമന്ത്രി











Story Dated: Saturday, February 28, 2015 03:34


mangalam malayalam online newspaper

കോഴിക്കോട്‌: ദേശീയപാത ബൈപ്പാസ്‌് റോഡിന്റെ പൂളാടിക്കുന്ന്‌-വെങ്ങളം ഭാഗത്തിന്റെ പ്രവൃത്തി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാനാവുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

റോഡിന്റെയും രണ്ട്‌ പാലങ്ങളുടെയും നിര്‍മാണ പുരോഗതി കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഡോ.എം.കെ.മുനീര്‍, എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

24 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുമായി നിര്‍മാണക്കരാറുള്ളത്‌. എന്നാല്‍ പ്രവൃത്തി ഉദ്‌ഘാടനം നിര്‍വ്വഹിക്കവെ 2014 സെപ്‌റ്റംബര്‍ ഒന്നിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 മാസത്തിനകം നിര്‍മാണം തീര്‍ക്കാന്‍ കരാറുകാരോട്‌ നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച്‌ അതിവേഗം പ്രവൃത്തി നടന്നുവരുന്നതിന്റെ അടിസ്‌ഥാനത്തില്‍ 15 മാസത്തിനകം പ്രവൃത്തി തീര്‍ക്കാനാവുമെന്ന്‌ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണ പുരോഗതി കാണാനെത്തിയ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

മണ്ണിന്റെ ലഭ്യതക്കുറവാണ്‌ നിര്‍മാണത്തിന്‌ ഏക തടസമായി നില്‍ക്കുന്നതെന്ന്‌ എന്‍ജിനീയര്‍മാര്‍ അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്‌ടര്‍ എന്‍.പ്രശാന്തിന്‌ നിര്‍ദേശം നല്‍കി.

ഗുണമേന്മ പാലിക്കുന്നതിലും വേഗതയിലും ഊരാളുങ്കല്‍ സൊസൈറ്റിയില്‍ സര്‍ക്കാറിന്‌ പൂര്‍ണ തൃപ്‌തിയാണുള്ളതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ റോഡ്‌ നിര്‍മാണങ്ങള്‍ക്ക്‌ വേണ്ട ചെലവിനേക്കാള്‍ എത്രയോ അധികമാണ്‌ ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിക്കേണ്ടിവരുന്നതെന്ന്‌ മാനാഞ്ചിറ വെള്ളിമാട്‌കുന്ന്‌ റോഡിനെക്കുറിച്ച്‌ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ക്വാറി പ്രതിസന്ധി തിങ്കളാഴ്‌ചയോടെ തീരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബൈപ്പാസിന്റെ ഈ അവസാന സ്‌ട്രെച്ചിന്‌ 5.1 കിലോമീറ്റര്‍ നീളമാണുള്ളത്‌. റോഡിന്റെ ഭാഗമായി 488 മീറ്റര്‍ നീളവും 13 സ്‌പാനുകളുമുള്ള കോരപ്പുഴ പാലം, 188 മീറ്റര്‍ നീളവും അഞ്ച്‌ സ്‌പാനുകളുമുള്ള പുറക്കാട്ടിരി പാലം എന്നിവയും നിര്‍മ്മാണത്തിലാണ്‌. ബൈപ്പാസിന്റെ പൂര്‍ത്തിയായ ഭാഗത്തെ അപേക്ഷിച്ച്‌ ഈ സ്‌ട്രെച്ചില്‍ ഇരു ഭാഗങ്ങളിലുമായി സര്‍വ്വീസ്‌ റോഡുകളും ആറ്‌ അണ്ടര്‍ പാസുകളും 14 കള്‍വര്‍ട്ടുകളും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്‌.

141 കോടി രൂപയാണ്‌ റോഡിനും പാലങ്ങള്‍ക്കുമായി കണക്കാക്കിയ തുക.

ജില്ലാ കലക്‌ടര്‍ എന്‍.പ്രശാന്ത്‌, ദേശീയപാത സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എം.പി.പ്രമോദ്‌, അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ പി.സുനില്‍കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹാജിറ കട്ടേടത്ത്‌, യു.എല്‍.സി.എസ്‌ ചെയര്‍മാന്‍ രമേശന്‍ പാലേരി തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.










from kerala news edited

via IFTTT