എക്‌സ്‌പോ-2020 : പ്രചാരണ കാമ്പയിന് ഇന്ന് തുടക്കം
Posted on: 01 Mar 2015
ദുബായ്: എക്‌സ്‌പോ-2020 പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടിക്ക് ഞായറാഴ്ച തുടക്കമാവും. 'ഫോര്‍ എവരിവണ്‍' എന്ന പേരില്‍ നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം എക്‌സ്‌പോ ദുബായ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ റീം അല്‍ ഹാഷിമി നിര്‍വഹിച്ചു. ശില്പപ്രദര്‍ശനം, ലോഗോ പ്രദര്‍ശനം, റോഡ് ഷോ തുടങ്ങിയവ അടങ്ങുന്നതാണ് പ്രചാരണ പരിപാടി.
എക്‌സ്‌പോ-2020 പ്രദര്‍ശനമേളയെ പൊതുജനങ്ങളുമായി അടുപ്പിക്കുകയും കഴിഞ്ഞുപോയ പ്രദര്‍ശനങ്ങളുടെ ചരിത്രം ജനങ്ങളിലെത്തിക്കുകയുമാണ് കാമ്പയിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. സംവാദങ്ങള്‍, ചര്‍ച്ചകള്‍, എക്‌സ്‌പോയെ കുറിച്ചുള്ള തങ്ങളുടെ ചിന്തകള്‍ പങ്കുവെക്കാനുള്ള അവസരം തുടങ്ങിയവയ്ക്ക് കാമ്പയിന്‍ വേദിയൊരുക്കുമെന്ന് ഉദ്ഘാടന വേളയില്‍ റീം അല്‍ ഹാഷിമി ചൂണ്ടിക്കാട്ടി.
എക്‌സ്‌പോയുടെ ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലോകോത്തര കലാകാരന്മാര്‍ ഒത്തുകൂടുന്ന പരിപാടിയോടെയാണ് ഫോര്‍ എവരിവണ്ണിന് തുടക്കമാകുക. പ്രദര്‍ശനത്തിന്റെ ആശയങ്ങള്‍ പങ്കുവെക്കുന്ന 21 ശില്പങ്ങള്‍ക്ക് ഈ കലാകാരന്മാര്‍ രൂപം നല്‍കും. ഇവ വിവിധ കേന്ദ്രങ്ങളിലായി പ്രദര്‍ശിപ്പിക്കുകയും മാര്‍ച്ച് 22-ന് നടക്കുന്ന പരിപാടിയില്‍ 21 ശില്പങ്ങളും ഒത്തൊരുമിപ്പിക്കുകയും ചെയ്യും. മൂന്ന് മുതല്‍ ആറു വരെ മീറ്റര്‍ ഉയരത്തിലുള്ള ശില്പ ഗോപുരങ്ങളിലോരോന്നിലും അതത് സൃഷ്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ടാകും.
എക്‌സ്‌പോ-2020 ദുബായ് ലോഗോയ്ക്ക് രൂപം നല്‍കുന്നതിനുള്ള മത്സരത്തിന്റെ പ്രഖ്യാപനവും പരിപാടിയില്‍ നടക്കും. ഏപ്രില്‍ പത്തിന് തുടക്കമാകുന്ന എക്‌സ്‌പോ കൗണ്ട് ഡൗണുമായി ബന്ധപ്പെട്ട അന്തര്‍ എമിറേറ്റ് സംവാദ പരിപാടിക്കും ഇതോടനുബന്ധിച്ച് തുടക്കമാകും. പ്രദര്‍ശനത്തിന് 2020 ദിവസം അവശേഷിക്കുന്നതിന്റെ കൗണ്ട് ഡൗണാണ് ഏപ്രില്‍ പത്തിന് തുടങ്ങുക.
ഏഴ് എമിറേറ്റുകളിലായാണ് റോഡ് ഷോ നടക്കുക.
ലോഗോയ്ക്കായുള്ള മത്സരത്തില്‍ വിദേശികളടക്കമുള്ള യു.എ.ഇ. നിവാസികള്‍ക്ക് പങ്കെടുക്കാം. മാര്‍ച്ച് അവസാനം തുടങ്ങി ഏപ്രില്‍ വരെ നീളുന്ന മത്സരത്തിന്റെ ഫലപ്രഖ്യാപനം ഒക്ടോബര്‍ 20-ന് നടക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന മഹാമേളയുടെ കൗണ്ട് ഡൗണിനും ഒക്ടോബര്‍ 20-ന് തുടക്കമാകും. 2015 മെയില്‍ ഇറ്റലിയില്‍ നടക്കുന്ന എക്‌സ്‌പോ മിലാനോ 2015-നുള്ള യു.എ.ഇ.യുടെ പിന്തുണ അറിയിക്കുന്നത്കൂടിയാണ് 'ഫോര്‍ എവരിവണ്‍' കാമ്പയിന്‍.
from kerala news edited
via IFTTT