Story Dated: Saturday, February 28, 2015 03:34
നാദാപുരം : രാഷ്‌ട്രീയ സംഘര്‍ഷാവസ്‌ഥയ്‌ക്കു ഇരയായ കുടുംബത്തില്‍ നിന്നും കൗമാര പ്രായത്തില്‍ നാടുവിട്ട കണ്ണന്‍ തിരിച്ചെത്തിയപ്പോള്‍ നാടും വീടും ഉത്സവ ലഹരിയിലായിരുന്നു. നാലുപതിറ്റാണ്ടിനപ്പുറം നാട്ടില്‍ തിരിച്ചെത്തിയ കണ്ണനെ കാണാനായി ഉറ്റവരും ഉടയവരും ഓടിയെത്തി.
1974 ല്‍ 15-ാം വയസില്‍ നാടുവിട്ട വാണിമേല്‍ താനിയുള്ള പറമ്പത്ത് കണ്ണനാ(56)ണ് ഇന്നലെ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയത്. രയരന്‍-മാത ദമ്പതികളുടെ ഒമ്പത് മക്കളില്‍ നാലാമനാണ് കണ്ണന്‍. സഹോദരന്‍ ടി.പി കുഞ്ഞിരാമന്‍ രാഷ്ര്‌ടീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞതോടെ കണ്ണന്‍ നാടു വിടുകയായിരുന്നു.
ഫറൂക്കിലേക്കു പോയി ഹോട്ടല്‍ ജോലി ചെയ്‌ത ശേഷം തൃശൂരിലേക്ക് മാറി. ഒന്നര വര്‍ഷത്തോളം ഹോട്ടല്‍ ജോലി ചെയ്‌ത് കോയമ്പത്തൂരിലേക്കു പോയി. പിന്നെ ഗോവയില്‍ എട്ടു വര്‍ഷം ജോലി ചെയ്‌തു. അവിടെ നിന്നു മൈസൂരിലെ കെ.ആര്‍ നഗറിനടുത്ത ദേവര്‍ഹള്ളിയില്‍ ഹോട്ടല്‍ തൊഴിലാളിയായി കഴിയുകയായിരുന്നു. ഇവിടെ നിന്ന് നാട്ടിലെ വിവരങ്ങള്‍ പത്രം വഴിയും ചാനലുകല്‍ വഴിയും അറിയുന്നുണ്ടായിരുന്നു. ഇക്കാലത്തിനിടക്ക് ബന്ധുക്കള്‍ പല സ്‌ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ണനെ കണ്ടെത്താനായില്ല.
ഇതിനിടയില്‍ മാതാ പിതാക്കളും അഞ്ച് സഹോദരങ്ങളും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. നാല് പതിറ്റാണ്ടിന്റെ കാത്തിരുപ്പ് വെറുതെയായില്ലെന്ന സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഇന്നലെ കാസര്‍ഗോഡ് വഴി തലശേരിയിലും അവിടെ നിന്ന് നാട്ടിലുമെത്തിയപ്പോള്‍ ബാല്യത്തില്‍ നീന്തി കളിച്ച പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടയിലാണ് പുതുക്കുടി ഗോപാലനാണ് കണ്ണനെ തിരിച്ചറിഞ്ഞത്. പിന്നെ നേരെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ സഹോദരനും സി.പി.എം പ്രദേശിക നേതാവുമായ ടി.പി.കുമാരന്റെ ഭാര്യക്ക് കണ്ണനെ മനസിലായില്ല. പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴാണ് ആളെ വ്യക്‌തമായത്.
കണ്ണനെത്തിയെന്നറിഞ്ഞ് വീട്ടിലേക്ക് ജനമൊഴുകുകയായിരുന്നു.
from kerala news edited
via IFTTT