Story Dated: Saturday, February 28, 2015 03:32
കാസര്‍കോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സിടി സ്‌കാനര്‍ മാര്‍ച്ച് 31നകം സ്‌ഥാപിക്കാന്‍ കാസര്‍കോഡ് കളക്‌ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കളക്‌ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി ഊര്‍ജ്‌ജിതമാക്കും. ഒരു മാസത്തിനകം ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാനര്‍, ജനറേറ്റര്‍, എക്‌സ്റേ യൂണിറ്റ് എന്നിവ സ്‌ഥാപിക്കും. ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുളള തൗഡ്‌ഗോളി - മൈലാട്ടി പ്രസരണലൈന്‍ ഇരട്ടിപ്പിക്കലിന്റെ ആദ്യഘട്ട പ്രവര്‍ത്തികള്‍ക്ക് അഞ്ച് കോടി രൂപയുടെ ടെണ്ടര്‍ ചെയ്‌തു. മുളിയാര്‍ പുനരധിവാസ ഗ്രാമത്തിന് അഞ്ച് കോടി രൂപ കാസര്‍കോട് പാക്കേജില്‍ വകയിരുത്തിയിട്ടുണ്ട് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 10 ലക്ഷം രൂപയും വകയിരുത്തി.
മലയോര ഹൈവേ നന്ദാരപദവ്- പെര്‍ള റോഡ് , ചെറുപുഴ- വളളിക്കടവ് റോഡ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പാക്കേജിലുള്‍പ്പെട്ട പൊതുമരാമത്ത് വകുപ്പുകളുടെ പാലങ്ങളുടെ സാങ്കേതികാനുമതി ചീഫ് എഞ്ചിനീയര്‍മാര്‍ നിന്ന് ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കണ്ണങ്കയം, വാഴങ്ങാട്, വിദ്യാഗിരി തുടങ്ങിയ പാലങ്ങള്‍ക്കാണ് സാങ്കേതികാനുമതി ലഭിക്കാനുളളത്. മടിക്കൈ- കുടിവെളള പദ്ധതിയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിക്കാവശ്യമായ സ്‌ഥലം വിട്ടുകിട്ടുന്നതിന് കളക്‌ടര്‍ മുന്‍കൂര്‍ അനുമതി നല്‍കും.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് പാക്കേജില്‍ വകയിരുത്തിയ 25 കോടി രൂപ ഉടന്‍ അനുവദിക്കും. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 10ന് തുറക്കും. കാസര്‍കോട് ഗവ. കോളേജില്‍ യക്ഷഗാന ഗവേഷണകേന്ദ്രം, പിലിക്കോട് പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച് ടിഎസ് തിരുമുമ്പ് സ്‌മാരക നവീകരണം തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തീകരണം ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
എല്‍എസ്‌ജിഡി യുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം നിര്‍മ്മാണം നടത്തുന്ന ആര്‍ഡിഒ ക്വട്ടേഴ്‌സ്, ജില്ലാ ആയുര്‍വേദാശുപത്രി, മൊഗ്രാല്‍ പിഎച്ച്‌സി, ദേലംപാടി പ്രീമെട്രിക് ഹോസ്‌റ്റല്‍, വര്‍ക്കിംഗ് വുമന്‍സ് ഹോസ്‌റ്റല്‍, സ്‌കൂള്‍ കെട്ടിടനിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ ഊര്‍ജ്‌ജിതപ്പെടുത്താനും ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്‌മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പുനായര്‍ , മറ്റ് ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്‌ഥര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT