Story Dated: Friday, February 27, 2015 02:06
ചെങ്ങന്നൂര്‍: സംസ്‌ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ തനതുകല പൈതൃക സാംസ്‌കാരിക സംഗമോത്സവത്തിന് പാണ്ടനാട് ഇടക്കടവില്‍ തിരിതെളിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പ്രൗഡ് ചെങ്ങന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം പി.സി.വിഷ്‌ണുനാഥ് എം.എല്‍.എ. നിര്‍വ്വഹിച്ചു.
തുടര്‍ന്ന് വടകര ആവളകുട്ടോത്ത് ദൃശ്യകലാ കേന്ദ്രത്തിലെ സി.കെ.ശിവദാസനും സംഘവും മുച്ചിലോട്ട് ഭഗവതി, കാളക്കാട്ടില്ലത്ത് കുട്ടിച്ചാത്തന്‍ എന്നീ തെയ്യങ്ങളും, കണ്ണൂര്‍ ചെറുതാഴം അനുഷ്‌ഠാന കേന്ദ്രത്തിലെ ചന്തുപ്പണിക്കരും സംഘവും നിണബലിയും അവതരിപ്പിച്ചു. അര്‍ജ്‌ജുനനൃത്തം, ഉടുക്കുപാട്ട്, ശാസ്‌താംപാട്ട് കാക്കാരശി നാടകം, പാക്കനാരാട്ടം തുടങ്ങി 17 ഇനം നാടന്‍ കലാരൂപങ്ങള്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഉത്സവം ഞായറാഴ്‌ച സമാപിക്കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ചെറിയാന്‍, എം.വി.ഗോപകുമാര്‍, ഗോപിനാഥപിള്ള, ലെന്‍സി ഷൈന്‍, ഷിബു ഉമ്മന്‍, എം.പ്രദീപ്, ബി.കൃഷ്‌ണകുമാര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, സണ്ണി പുഞ്ചമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT