ബജറ്റ് നാളെ: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയേക്കും
സബ്‌സിഡികള്‍ വെട്ടിക്കുറക്കാനും സാധ്യത
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ പാര്‍ലമന്റില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക വീക്ഷണവും നയപരിപാടികളും കൂടൂതല്‍ വ്യക്തമാക്കുന്നതായിരിക്കും ബജറ്റ്. അസംസ്‌കൃത എണ്ണയുടെ വിലയിടിവും ലോക സമ്പദ്‌രംഗത്തെ മാറ്റങ്ങളും അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ടെങ്കിലും സാമ്പത്തികവളര്‍ച്ചയെ സംബന്ധിച്ച് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്.
സമ്പദ് വ്യവസ്ഥയെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേയ്ക്ക് കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. ധനകാര്യകമ്മി 2014-15ല്‍ 4.1 ശതമാനത്തിലും 2015-16ല്‍ 3.6 ശതമാനത്തിലും ഒതുക്കി നിര്‍ത്തുകയും അതോടൊപ്പം പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നത് വന്‍ വെല്ലുവിളിയാണ്. കുറയുന്ന പെട്രോളിയം സബ്‌സിഡി അനുകൂല സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്രൂഡ് വില ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഇറക്കുമതിചെലവില്‍ 5000 കോടി ഡോളറിന്റെ കുറവുണ്ടാകും. ഇത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിക്കും.
പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശനിരക്കുകള്‍ കുറയുന്നത് വ്യവസായലോകത്തിന് കരുത്തേകും. മധ്യവര്‍ഗത്തിന് ആശ്വാസമേകാന്‍ കഴിഞ്ഞവര്‍ഷം ആദായ നികുതി പരിധിയില്‍ 50,000 രൂപയുടെ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയൊരു ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. പാചക വാതകം, വളം, മണ്ണെണ്ണ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതുസംബന്ധിച്ച തീരുമാനവും ബജറ്റില്‍ ഉണ്ടായേക്കും.
from kerala news edited
via IFTTT