121

Powered By Blogger

Friday, 27 February 2015

മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്ര








മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്ര


Posted on: 28 Feb 2015


ഭാരതപര്യടനം ചെന്നൈയിലെത്തി

ചെന്നൈ:


രാജ്യത്തെ പൊള്ളുന്ന ചൂടും വിറങ്ങലിക്കുന്ന തണുപ്പുമെല്ലാം തിരുവല്ല സ്വദേശി തുളസീകൃഷ്ണനോട് കൂട്ടായിക്കഴിഞ്ഞു. മാനവികമൂല്യങ്ങളുയര്‍ത്തുകയെന്ന സന്ദേശവുമായി രണ്ടുവര്‍ഷംമുമ്പ് കന്യാകുമാരിയില്‍നിന്നു തുടങ്ങിയ കാല്‍നടയാത്ര കശ്മീര്‍ പിന്നിട്ട് ശനിയാഴ്ച ചെന്നൈയിലെത്തി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും കാല്‍നടയായി സഞ്ചരിച്ച മലയാളിയായ ഈ യുവശുഭ്രവസ്ത്രധാരി കാണികള്‍ക്കു വിസ്മയമാണ്.

2012 ഒക്ടോബറിലാണ് ഭാരതപര്യടനത്തിന്റെ തുടക്കം. ആര്‍ഷഭാരതസംസ്‌കാര ആത്മാഞ്ജലി പദയാത്ര എന്നപേരിലാരംഭിച്ച നടത്തം കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാണ, പഞ്ചാബ്, അമര്‍നാഥ്, ജമ്മു തുടങ്ങിയയിടങ്ങളിലൂടെയെല്ലാം കടന്നുപോയി. ഒരുസംസ്ഥാനത്തുനിന്നു നേരേ അടുത്തയിടത്തേക്കെന്നതായിരുന്നില്ല നടത്തത്തിന്റെ രീതി. മഹാക്ഷേത്രങ്ങളും ചരിത്രപരമായ ഇടങ്ങളുമെല്ലാം സ്വന്തമായി കണ്ടറിഞ്ഞുള്ള ചുവടുവെപ്പായിരുന്നു അത്. ചിട്ടയായ നടത്തം ദിവസം 20മുതല്‍ 40വരെ കിലോമീറ്റര്‍. തുളസീകൃഷ്ണന്റെ കാലടികള്‍ ഘട്ടംഘട്ടമായി ഇന്ത്യയെ അളന്നുമുന്നേറുകയായിരുന്നു.

നഷ്ടപ്പെട്ടുപോകുന്ന നമുഷ്യനന്മകള്‍ തിരിച്ചെടുക്കാനായുള്ള സന്ദശമാണ് യാത്രയിലുടനീളം ഇദ്ദേഹം പ്രചരിപ്പിക്കുന്നത്. സ്‌നേഹന്ദേശങ്ങളെഴുതിയ ബോര്‍ഡുകളാണ് യാത്രയ്ക്കു കൂട്ട്. എട്ടുമാസമെടുത്താണ് തുളസി കന്യാകുമാരിയില്‍നിന്നു കശ്മീരിലെത്തിയത്. യാത്രയുടെ ഉദ്ദേശ്യം നാട്ടുകാരോടു പങ്കുവെച്ച് വഴിയമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും അന്തിയുറങ്ങിയാണ് യാത്രതുടരുന്നത്. വഴിയില്‍നിന്നുള്ള പരിചയങ്ങളാണ് യാത്രയുടെ ഊര്‍ജം. മുന്‍കൂട്ടിയുള്ള ഒരുക്കങ്ങളൊന്നും വേണ്ടിവന്നിട്ടില്ല. ഓരോ സ്ഥലത്തും ഓരോരുത്തര്‍ സഹായത്തിനുണ്ടാകും. ഭാഷയോ വേഷമോ ഒന്നുംതന്നെ ഇതുവരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല -തുളസീകൃഷ്ണന്‍ വിവരിച്ചു.

ജമ്മുവില്‍നിന്നുള്ള തിരിച്ചുവരവില്‍ കല്ലില്‍ത്തീര്‍ത്ത ശിവലിംഗവും ഉത്തര്‍പ്രദേശില്‍നിന്നൊരു കാളയും കൂടെക്കൂട്ടി. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ കണ്ണനെന്നു വിളിക്കുന്ന കാളയും ഒപ്പമുണ്ട്.

ചെന്നൈയില്‍ മയിലാപ്പൂര്‍ ശ്രീരാമകൃഷ്ണമഠമാണ് തുളസീകൃഷ്ണനു താമസമൊരുക്കിയത്. ഒരുനാളത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര. ഇനി രാമേശ്വരം പിന്നിട്ട് കന്യാകുമാരിയില്‍ അവസാനിപ്പിക്കും.

പ്രാഥമികവിദ്യാഭ്യാസംമാത്രമുള്ള തുളസി ഇതിനുമുന്‍പും യാത്രകള്‍നടത്തിയിട്ടുണ്ട്. 2010-ല്‍ പത്തുമാസം നീണ്ട യാത്രയിലൂടെ 15 സംസ്ഥാനങ്ങളാണ് ഇയാള്‍ കാല്‍നടയായി പിന്നിട്ടത്.










from kerala news edited

via IFTTT