Story Dated: Saturday, February 28, 2015 05:55
കോട്ടയം: വഴിയരുകിലെ കുഴിയിലേക്കു മറിഞ്ഞു ബൈക്ക് രണ്ടായി മുറിഞ്ഞു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പനമ്പാലം ജംഗ്‌ഷനു സമീപമുണ്ടായ അപകടത്തില്‍ താഴത്തങ്ങാടി സ്വദേശി ശ്രീകുമാറാ (31)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ചുവന്ന പള്‍സര്‍ ബൈക്ക് വഴിയരുകില്‍ രണ്ടായി കിടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ബൈക്ക് യാത്രികനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നത് വ്യാപക അഭ്യൂഹങ്ങള്‍ക്കു കാരണമായി.
തുടര്‍ന്ന് ബൈക്ക് നമ്പരിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് ഓടിച്ചിരുന്നയാളെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലോ സമീപത്തെ മറ്റ് ആശുപത്രികളിലോ പരുക്കേറ്റവരാരും എത്താത്തിരുന്നതാണ് അഭ്യൂഹങ്ങള്‍ക്കു വഴിതെളിച്ചത്.
അപകട ദൃശ്യം ഭീതി ജനിപ്പിക്കുന്നതായിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമായി.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു പോയ ബൈക്കിന്റെ മുന്‍ വശത്തെ ടയര്‍ ഊരിപ്പോയി. പുരയിടത്തിലെ പ്ലാവിലാണ് ബൈക്ക് ഇടിച്ചു നിന്നതെന്നു കരുതുന്നു.
അപകടം എങ്ങനെ സംഭവിച്ചുവെന്നും വ്യക്‌തമല്ല. കോട്ടയത്തെ മൊബൈല്‍ കടയിലെ ജീവനക്കാരനാണു ശ്രീകുമാര്‍. മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പോകുമ്പോള്‍ അപകടം സംഭവിച്ചുവെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
from kerala news edited
via IFTTT