Story Dated: Friday, February 27, 2015 02:07
വൈക്കം : വൈക്കം-വെച്ചൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും അമിതവേഗം ഗതാഗതത്തിന് ഭീഷണിയാകുന്നു. ഇന്നലെ രാവിലെ 10.45ന് സ്വകാര്യ ബസിനെ മറികടന്നെത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്ക് കുടുങ്ങി.
ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴക്കാണ്. ബസില്‍ കുടങ്ങിയ ഏറെ പണിപ്പെട്ടാണ് പിന്നീട് ഊരിമാറ്റിയത്. പത്ത് മിനിട്ടോളം ഗതാഗതതടസ്സം ഉണ്ടാക്കി. വൈക്കത്തുനിന്നും ചേര്‍ത്തല, ആലപ്പുഴ, കോട്ടയം ഭാഗത്തേക്കുപോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും കൈപ്പുഴമുട്ട് കോട്ടയം ഭാഗത്തേക്കുപോകുന്ന സ്വകാര്യബസുകളും തമ്മിലാണ് മത്സരയോട്ടം നടക്കുന്നത്.
വൈക്കത്തുനിന്നും പുറപ്പെടുമ്പോള്‍ ബണ്ട് റോഡ് വരെയാണ് മരണപ്പാച്ചില്‍. തിരികെ വരുമ്പോള്‍ ബണ്ട് റോഡില്‍ നിന്നും വൈക്കം വരെയും.
മരണപ്പാച്ചില്‍ കാല്‍നട യാത്രക്കാരും സൈക്കിള്‍ ഇരുചക്ര വാഹനയാത്രക്കാരും പലപ്പോഴും ഭാഗ്യത്തിനാണ് അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത്. അമിതവേഗം നാട്ടുകാര്‍ ചോദ്യം ചെയ്യാറുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട പോലീസും വാഹനവകുപ്പും തികഞ്ഞ അനാസ്‌ഥയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്.
കുടവെച്ചൂര്‍ ദേവിവിലാസം, ഉല്ലല എന്‍.എസ്.എസ് എന്നീ സ്‌ക്കൂളുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ പോലും ബസുകള്‍ പതുക്കെപോകാന്‍ മടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. രാവിലെ സ്‌ക്കൂളിലെത്തുന്ന സമയങ്ങളിലും വൈകുന്നേരം മടങ്ങിപ്പോകുമ്പോളും അമിത വേഗത ഒഴിവാക്കണമെന്ന് പി.ടി.എ ഉള്‍പ്പെടെ ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഇതിന് തയ്യാറാകുന്നില്ല.
from kerala news edited
via IFTTT