കൊച്ചി: എന്തൊരു പകലും സന്ധ്യയും രാവുമായിരുന്നു അത്!! ഇടിമുഴക്കം പോലെ നാദം. മിന്നലായി താളം. പ്രകാശ വിസ്മയങ്ങളുടെ പെരുമഴപ്പെയ്ത്ത്. കൊച്ചിക്കായലിനൊപ്പം ആയിരങ്ങളെ ഓളം തുള്ളിച്ചുകൊണ്ട് 'മോജോ റൈസിങ്' ഇതുവരെ കേള്‍ക്കാത്ത അനുഭവമായി.
ദ്രുതസംഗീതത്തിന്റെ മൂന്നു നേരങ്ങളിലൂടെ പാടിക്കയറിയ ഉന്മാദത്തിന്റെ ഈ ഉത്സവം ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിനെ ആഘോഷത്തുരുത്താക്കി. നാലരയോടെ തുടങ്ങിയ ആരവം സന്ധ്യയിലും അസ്തമിക്കാതെ രാവേറുവോളം നീണ്ടു. എട്ടു മണിക്കൂറോളമെത്തിയ നോണ്‍സ്റ്റോപ് സംഗീതമേളയുടെ ആദ്യ ദിനം അര്‍ധരാത്രിയോടെ കലാശിക്കുമ്പോഴും ആനന്ദനൃത്തം ചവിട്ടുകയായിരുന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഗീത പ്രേമികള്‍.
'മോജോ റൈസിങ്ങി'ന്റെ ഒന്നാം ദിവസം എട്ട് ബാന്‍ഡുകളാണ് പാട്ടിരമ്പം തീര്‍ത്തത്. രോഹിത് വാസുദേവന്‍ ഡയറീസില്‍ തുടങ്ങിയ ഊര്‍ജപ്രവാഹം 'അഗ്നി'യില്‍ ആളിത്തീര്‍ന്നു. കര്‍ണാടക സംഗീതത്തെ റോക്കിനോട് ശ്രുതിചേര്‍ത്ത് 'അഗ'വും ആദ്യ നാളിന്റെ ആവേശമായി. മാഡ് ഓറഞ്ച്, ലഗോരി, അഞ്ജു ബ്രഹ്മാസ്മി, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്, മസാല കോഫി എന്നിവയും 40,000 വാട്‌സിന്റെ ശബ്ദസംവിധാനത്തിലൂടെ ഹൈ വോള്‍ട്ടേജ് നാദതരംഗങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലെ മുന്‍നിര സൗണ്ട് എന്‍ജിനീയറായ ഫാലി ദമാനിയയുടെ ശബ്ദനിയന്ത്രണം കൂടിയായതോടെ 'മോജോ റൈസിങ്' കേരളം കണ്ട ഏറ്റവും വലിയ മ്യൂസിക്കല്‍ ഇവന്റ് ആയി.
സ്വതന്ത്ര സംഗീതത്തിന്റെ പുതുസ്പന്ദനങ്ങളായിരുന്നു എല്ലാ ബാന്‍ഡുകളും തീര്‍ത്തത്. സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളില്‍ മെലഡിയുടെയും റോക്കിന്റെയും ഫോക്കിന്റെയും ചന്തങ്ങള്‍ ലയിച്ചുചേര്‍ന്നു. ഓരോ പാട്ടിനൊപ്പവും ബോള്‍ഗാട്ടിയിലെ വന്‍ മരങ്ങള്‍ക്കൊപ്പം ആടിയുലയുകയായിരുന്നു അവര്‍.
രണ്ടാം ദിനമായ ശനിയാഴ്ചയാണ് 'മോജോ റൈസിങ്ങി'ന്റെ മേളപ്പെരുക്കം ഉച്ചസ്ഥായിയിലെത്തുക. കേരളത്തിന്റെ സ്വന്തം ബാന്‍ഡായ 'തൈക്കൂടം ബ്രിഡ്ജ്' ഉള്‍പ്പെടെ എട്ട് സംഘങ്ങള്‍ അവസാന ദിനത്തിന് ആഹ്ലാദമേകാനെത്തും. തൈക്കൂടം പുതിയ നാല് പാട്ടുകള്‍ 'മോജോ റൈസിങ്' വേദിയില്‍ പുറത്തിറക്കുന്നുമുണ്ട്.
അവസാന ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ രാവിലെ 10 മുതല്‍ മാതൃഭൂമി കൊച്ചി ഓഫീസിലും ബോള്‍ഗാട്ടിയിലെ കിയോസ്‌കിലും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയും അല്ലാത്തവര്‍ക്ക് 1000 രൂപയുമാണ് നിരക്ക്. നാല് ടിക്കറ്റുകളെടുത്താല്‍ ഒരെണ്ണം സൗജന്യമാണ്.
ഇന്‍റഗ്രിറ്റിയാണ് 'മോജോ റൈസിങ്ങി'ന്റെ പ്രധാന സ്‌പോണ്‍സര്‍. പവേര്‍ഡ് ബൈ കാഡ്ബറി ഫൈവ് സ്റ്റാര്‍. ഫെഡറല്‍ ബാങ്ക്, ബുക്ക് മൈ ഷോ, ടൈം ആഡ്‌സ്, മെഡിക്കല്‍ ട്രസ്റ്റ് എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.
from kerala news edited
via IFTTT