121

Powered By Blogger

Saturday, 21 February 2015

പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറി








പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറി


Posted on: 22 Feb 2015


* കോര്‍ണിഷ് റോഡ് മണിക്കൂറുകളോളം അടച്ചിട്ടു

* താപനില താഴ്ന്നു

* ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യത

ദുബായ്:


ശനിയാഴ്ചയും രാജ്യമെങ്ങും പൊടിക്കാറ്റ് തുടര്‍ന്നു. കടല്‍ത്തിര ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ കല്‍ബ കോര്‍ണിഷില്‍ വെള്ളംകയറി. കോര്‍ണിഷ് റോഡ് മണിക്കൂറുകളോളം അടച്ചിടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. അന്തരീക്ഷോഷ്മാവ് ഗണ്യമായി താഴ്ന്നതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച അനുഭവപ്പെട്ടതിനേക്കാളും ശക്തമായ കാറ്റാണ് ശനിയാഴ്ച വീശിയടിച്ചത്. അവധിദിനമാണെങ്കിലും പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു. റോഡുകളും പാര്‍ക്കുകളുമടക്കം തുറസ്സായ ഇടങ്ങള്‍ പൊതുവേ ഒഴിഞ്ഞുകിടന്നു. വൈകിട്ടോടെയാണ് കാറ്റിന് അല്‍പമെങ്കിലും ശമനമുണ്ടായതും ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതും. പലയിടങ്ങളിലും കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണു. 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. അന്തരീക്ഷമാകെ പൊടിമൂടിയതിനാല്‍ ദൂരക്കാഴ്ച നന്നേ കുറഞ്ഞു. റാസല്‍ഖൈമ വിമാനത്താവള പരിസരത്ത് ദൃശ്യപരിധി 200 മീറ്ററിലും താഴെയായിരുന്നു. ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇത് 500 മീറ്ററില്‍ താഴെയെത്തി.

റാസല്‍ഖൈമയിലെ മലയോര പ്രദേശങ്ങളായ അള്‍ജീര്‍, ഷാം, ഘോര്‍ കോര്‍, ബുറൈറാത്ത് എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റാസല്‍ഖൈമയിലെ പ്രധാന വീഥികളില്‍ ഗതാഗതം ദുസ്സഹമായി. കോര്‍ണിഷ് ഭാഗങ്ങളിലും ജബലുല്‍ ജെയ്‌സ് മലനിരകളിലേക്കുള്ള റോഡുകളും പൊടിപടലങ്ങളാല്‍ മൂടിയ അവസ്ഥയിലായിരുന്നു. റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡ്, അല്‍ഗെയ്ല്‍ വ്യവസായമേഖല എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി നിര്‍മാണ തൊഴിലാളികള്‍ പറഞ്ഞു. ഫുജൈറ റോഡില്‍ ദിബ്ബ കോര്‍ണിഷിലും കാറ്റടിച്ച് തിരമാലകള്‍ റോഡിലെത്തിയത് ഗതാഗതതടസ്സം സൃഷ്ടിച്ചു.

കല്‍ബ കോര്‍ണിഷില്‍ രാവിലെ പത്ത് മണിമുതല്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. 20 മിനിറ്റിനകം കോര്‍ണിഷ് പാര്‍ക്കും കവിഞ്ഞ് വെള്ളം റോഡിലേക്കിറങ്ങി. തുടര്‍ന്ന് അടിയന്തരമായി കല്‍ബ, സുഹൈല റോഡ് അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. ഊടുവഴികളിലൂടെയാണ് പിന്നീട് വാഹനങ്ങള്‍ ഫുജൈറ ഭാഗത്തേക്ക് പോയത്. കോര്‍ണിഷ് പാര്‍ക്ക് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നുവെന്ന് വര്‍ഷങ്ങളായി കല്‍ബയില്‍ താമസിക്കുന്ന സവാദ് യൂസുഫ് പറഞ്ഞു.

എല്ലാ നാലുവര്‍ഷം കൂടുമ്പോഴും ഇങ്ങനെ കാണുന്നതായും തന്റെ അനുഭവപരിചയംവെച്ച് സവാദ് ചൂണ്ടിക്കാട്ടുന്നു. ഗോനു ചുഴലിക്കാറ്റ് ഉണ്ടായ വര്‍ഷം കല്‍ബ കോര്‍ണിഷില്‍ ഇത്തരത്തില്‍ വെള്ളം കയറിയിരുന്നു. പിന്നീട് ഇത് രണ്ടാംതവണയാണ് കടല്‍ ഇത്തരത്തില്‍ പ്രക്ഷുബ്ധമാകുന്നതും ബീച്ചും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതും.

കല്‍ബയില്‍ ഏഴ് അടി ഉയരത്തില്‍ തിരകള്‍ ഉയര്‍ന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതിനിധി അറിയിച്ചു. വളരെ താഴ്ന്നുകിടക്കുന്ന പ്രദേശമാണ് കല്‍ബ. അന്തരീക്ഷം അനുകൂലമാകുന്നതുവരെ കല്‍ബ, ദിബ്ബ ബീച്ചുകളില്‍ പോകരുത്. മറ്റുബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച നന്നേ കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവരും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപനില 10 ഡിഗ്രിവരെ താഴ്ന്നിട്ടുണ്ട്. വ്യാഴാഴ്ച 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്ന താപനില ശനിയാഴ്ചയോടെ 26 ഡിഗ്രിയായി താഴ്ന്നു. ഞായറാഴ്ച രാവിലെ പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം നിരീക്ഷിക്കുന്നു.










from kerala news edited

via IFTTT