Story Dated: Saturday, February 21, 2015 01:55
വടകര: നാരായണ നഗരത്തില്‍ നഗരസഭ ബി.ഒ.ടി. അടിസ്‌ഥാനത്തില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിന് പിഴ ഒഴിവാക്കികൊടുത്ത സംഭവത്തില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം ബഹളമയമായി.
യോഗം ആരംഭിച്ചയുടനെ കോണ്‍ഗ്രസിലെ സി.എച്ച.് വിജയന്‍ പ്രശ്‌നം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷം ചെയര്‍പേഴ്‌സന്റെ ചേമ്പറിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായെത്തി. പ്രതിരോധിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ കലാശിച്ചു.
പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കാമെന്ന് മുന്‍പ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്ന കാര്യം പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതിനുശേഷം മൂന്ന് കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യാത്തത് ഭരണപക്ഷത്തിന് എന്തോ ഒളിക്കാനുള്ളതിനാലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബഹളം നിയന്ത്രണാതീതമായതോടെ ചെയര്‍പേഴ്‌സണ്‍ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷാംഗങ്ങള്‍ക്ക് കൗണ്‍സില്‍ ഹാളില്‍ വാര്‍ത്താസമ്മേളനം നടത്താനും ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കി.
എന്നാല്‍ ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ കൂക്കിവിളികളുമായി രംഗത്തു വന്നു. മറുപക്ഷവും ബഹളം തുടര്‍ന്നപ്പോള്‍ ചെയര്‍പേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ചു.
കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍, അഴിമതി നടത്തിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി. രഞ്‌്ജിനി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പുറത്ത് യൂത്ത് ലീഗിന്റെ നഗരസഭാ ഉപരോധവും നടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷം പറയുന്നത് തെറ്റാണെന്നും സര്‍ക്കാരില്‍ നിന്ന് രേഖാമൂലം നിര്‍ദേശം വന്നതിനാലാണ് പിഴ ഒഴിവാക്കികൊടുക്കുന്നതെന്നും പറഞ്ഞു.
from kerala news edited
via IFTTT