സ്മാര്‍ട്ട് സിറ്റി: കേരളത്തിന്റെ ക്ഷണം ശൈഖ് മുഹമ്മദ് സ്വീകരിച്ചു
Posted on: 31 Mar 2015
യു.എ.ഇ. ഭരണാധികാരിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ ക്ഷണം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് സയീദ് ഹാളില്‍ ആഗോള നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായി എത്തിയ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെ ശൈഖ് മുഹമ്മദ് പരിചയപ്പെടുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. വളരെ ശ്രദ്ധാപൂര്‍വം സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ശൈഖ് മുഹമ്മദ് കേട്ടു.
ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാമെന്നും സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിഗണിക്കാവുന്ന തീയതികള്‍ അറിയിക്കാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാര്യങ്ങളും ജൂണിലെ കാലാവസ്ഥയെക്കുറിച്ചും അദ്ദേഹം ആരാഞ്ഞതായി കൂടെയുണ്ടായിരുന്ന നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
സംഗമത്തില്‍ പങ്കെടുക്കുന്ന 69 മന്ത്രിമാരേയും ദുബായ് ഭരണാധികാരി പ്രത്യേകം പ്രത്യേകമായി അഭിവാദ്യം ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മൊഹമ്മദും ശൈഖ് മൊഹമ്മദിനൊപ്പം ഉണ്ടായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് സ്മാര്‍ട്ട് സിറ്റി നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് ദുബായില്‍ ചേര്‍ന്ന ടീകോമിന്റെ നിര്‍ണായക യോഗത്തിനെത്തിയപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശൈഖ് മൊഹമ്മദിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് ശൈഖ് മൊഹമ്മദിന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ദുബായ് ഭരണാധികാരി നിര്‍ദേശിച്ചിരുന്നു. അന്നുതന്നെ ഉദ്ഘാടനത്തിനുള്ള ക്ഷണം മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു.
from kerala news edited
via IFTTT