Story Dated: Monday, March 30, 2015 08:45
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്ക് ഐ.സി.സി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ ട്രോഫി നല്‍കിയതിനെതിരെ ഐ.സി.സി പ്രസിഡന്റ് മുസ്‌തഫ കമാല്‍. ഐ.സി.സി ഭരണഘടന പ്രകാരം കിരീട ജേതാക്കള്‍ക്ക് കപ്പ് നല്‍കുന്നതിനുള്ള അധികാരം ഐ.സി.സി പ്രസിഡന്റിനാണ്. ഈ വര്‍ഷം ജനുവരിയില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെയാണ് ട്രോഫി കൈമാറുന്നതിനുള്ള അധികാരം പ്രസിഡന്റിന് നല്‍കിയത്. എന്നാല്‍ എന്‍. ശ്രീനിവാസന്‍ ട്രോഫി നല്‍കിയതിലൂടെ തന്റെ ഭരണഘടനാപരമായ അവകാശം നഷ്‌ടപ്പെട്ടുവെന്ന് മുസ്‌തഫ കമാല്‍ ആരോപിച്ചു.
ഐ.സി.സിയില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ താന്‍ ലോകത്തോട് വിളിച്ചു പറയുമെന്നും മുസ്‌തഫ കമാല്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഓസീസിന് ട്രോഫി നല്‍കുന്നതിനുള്ള അവസരം തനിക്ക് നല്‍കാതിരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഉള്‍പ്പെടെ എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും ട്രോഫി നല്‍കുന്നതിനുള്ള അവകാശം ഐ.സി.സി പ്രസിഡന്റിനാണെന്നാണ് പുതിയ ഭരണഥടനാ ഭേദഗതി.
നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ അംപയറിംഗിനെതിരെയും കമാല്‍ മുസ്‌തഫ വിമര്‍ശനം ഉന്നയിച്ചിരുന്നു. റുബെല്‍ ഹുസൈന്റെ പന്തില്‍ രോഹിത് ശര്‍മ്മ ഔട്ടല്ലെന്ന് വിധിച്ചത് ഉള്‍പ്പെടെ അംപയര്‍മാരുടെ ഭാഗത്തു നിന്നുള്ള തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ വിമര്‍ശനം ഏതെങ്കിലും രാജ്യത്തിനെതിരല്ല. തന്റെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചതിനെതിരെയാണ് വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ അംപയറിംഗിനെതിരായ കമാല്‍ മുസ്‌തഫയുടെ വിമര്‍ശനങ്ങളില്‍ എന്‍. ശ്രീനിവാസന്‍ അതൃപ്‌തനാണെന്നാണ് സൂചന. ഇതേതുടര്‍ന്ന് ശ്രീനിവാസനും കമാല്‍ മുസ്‌തഫയും കടുത്ത ഭിന്നതയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
from kerala news edited
via IFTTT