121

Powered By Blogger

Monday, 30 March 2015

എന്‍.ആര്‍.എച്ച്‌.എം. ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ക്രമക്കേടെന്ന്‌ ആക്ഷേപം











Story Dated: Monday, March 30, 2015 01:51


പത്തനംതിട്ട: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്‌.എം.) ജില്ലാ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ആരോപണം. ഇതിനു ചൂക്കാന്‍ പിടിക്കുന്നത്‌ ഒരു താല്‍ക്കാലിക ജീവനക്കാരനാണെന്നും സൂചനയുണ്ട്‌. നിശ്‌ചിത യോഗ്യത ഇല്ലാതിരുന്നിട്ടും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍മൂലം ഇയാളെ കരാറടിസ്‌ഥാനത്തില്‍ എന്‍.ആര്‍.എച്ച്‌.എം. ജില്ലാ കാര്യാലയത്തില്‍ നിയമിക്കുകയായിരുന്നുവത്രെ.


എന്‍.ആര്‍.എച്ച്‌്.എമ്മിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി നിശ്‌ചയിച്ച ഇടവേളകളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായ ഗവേണിംഗ്‌ ബോഡിയും ജില്ലാ കലക്‌ടര്‍ ചെയര്‍മാനായ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ചേരണമെന്നു നിഷ്‌്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇതു പ്രാവര്‍ത്തികമാവുന്നില്ലെന്നു മിനിട്‌സുകള്‍ വ്യക്‌തമാക്കുന്നു. കണക്കുകള്‍ അവതരിപ്പിച്ച്‌ പാസാക്കുന്നതില്‍ ചിലരുടെ ഇടപെടലുകള്‍ നടക്കുന്നതായും അറിയുന്നു. 2007 ല്‍ ജില്ലയെ പിടിച്ചുലച്ച ചിക്കുന്‍ ഗുനിയയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 88 ലക്ഷം രൂപ ചെലവായതായി പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഹാജരാക്കിയിട്ടുള്ള കണക്കുകളില്‍ പലതിനും വ്യക്‌തതയില്ല. എന്‍.ആര്‍.എച്ച്‌.എമ്മിനു വേണ്ടി കരാര്‍ അടിസ്‌ഥാനത്തില്‍ ഓടുന്ന വാഹനങ്ങളില്‍ അധികവും ബിനാമിയുടേതാണെന്നും ആക്ഷേപമുണ്ട്‌. ഇത്‌ നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങളുടെ ലംഘനമാണ്‌.


വാഹനം ഓടുന്നതായി കൃത്രിമമായ കണക്കുകള്‍ ഉണ്ടാക്കി പ്രതിമാസം 50,000 രൂപയുടെ അധിക വരുമാനം നേടുന്നതായി ജീവനക്കാരില്‍ ചിലര്‍ വ്യക്‌തമാക്കുന്നു. എന്‍.ആര്‍.എച്ച്‌.എമ്മുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ മാനദണ്ഡം പാലിച്ചല്ല നടക്കുന്നത്‌. നിയമനത്തിനു ലേലം വിളി തന്നെ നടക്കുന്നതായി ചില ഉദ്യോഗാര്‍ഥികളും പറയുന്നു.


2010-12 കാലഘട്ടത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ മരുന്ന്‌, ഭക്ഷണം എന്നിവ വാങ്ങിയതില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുണ്ട്‌. ഇതിനുപിന്നിലും താല്‍ക്കാലിക ജീവനക്കാരനു പങ്കുണ്ടത്രെ. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ശക്‌്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്നീട്‌ ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു.


എന്‍.ആര്‍.എച്ച്‌.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി യഥാസമയം ജില്ലാ വിജിലന്‍സ്‌ ആന്‍ഡ്‌ മോണിറ്ററിഗ്‌ സമിതി കൂടാത്തതാണ്‌ ഇത്തരം ക്രമക്കേടുകള്‍ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. രണ്ടു മാസം മുമ്പ്‌ കൂടിയ യോഗത്തില്‍,പദ്ധതികളെ കുറിച്ച്‌ ജനപ്രതിനിധികളെ അറിയിക്കാതിരുന്നതിനു കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ശക്‌തമായ വിമര്‍ശനമാണ്‌ ഉന്നയിച്ചത്‌. ജില്ലാ കലക്‌ടറും ഇത്തരം നടപടികളോട്‌ പ്രതികരിച്ചിരുന്നു. ജനപ്രതിനിധികളുമായി ആലോചിച്ച്‌ പദ്ധതികള്‍ നടപ്പിലാക്കാത്തതിന്റെ വലിയ ദുരന്തങ്ങളിലൊന്നാണ്‌ുതുമ്പമണ്‍ ആരോഗ്യ കേന്ദ്രത്തില്‍ പണികഴിപ്പിച്ചിരിക്കുന്ന ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കുള്ള ജില്ലാതല ട്രെയിനിങ്‌ സെന്റര്‍. ജില്ലാ ആസ്‌ഥാനത്തെയോ, പ്രധാന കേന്ദ്രങ്ങളെയൊ പരിഗണിക്കാതെയാണു തുമ്പമണ്ണില്‍ ജില്ലാ ട്രെയിനിങ്‌ സെന്റര്‍ നിര്‍മിച്ചതെന്നും ആക്ഷേപമുണ്ട്‌.


ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ട്രെയിനിങ്‌ സെന്ററില്‍ ആവശ്യത്തിന്‌ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുംവിധമുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടില്ലെന്ന്‌ ആരോഗ്യവിഭാഗം ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗ്യവകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ജില്ലാതല ഓഫീസറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്‌ഥനൊഴിച്ച്‌ ബാക്കി ജീവനക്കാരില്‍ അധികവും കരാറടിസ്‌ഥാനത്തില്‍ നിയമനം നേടിയവരാണ്‌. ഇവരുടെ കാലാവധി വര്‍ഷം തോറും നീട്ടി നല്‍കുകയാണു പതിവ്‌.


18 സംസ്‌ഥാനങ്ങളിലെ ഗ്രാമീണര്‍ക്ക്‌ പ്രയോജനകരമായ ആരോഗ്യസംരക്ഷണം ലഭ്യമാക്കുക എന്നതാണു ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്‌.എം) ലക്ഷ്യം വച്ചിരുന്നത്‌. ഇത്തരം സംസ്‌ഥാനങ്ങളുടെ പൊതു ആരോഗ്യ സൂചികയും പശ്‌ചാത്തല സംവിധാനവും ദുര്‍ബലമാണെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണു പദ്ധതിക്കു രൂപം നല്‍കിയത്‌. ദൗത്യത്തിന്റെ കാലാവധി 2005-12 വരെയാണെന്നു വ്യക്‌തമാക്കിയിരുന്നുവെങ്കിലും ലക്ഷ്യം നേടാത്തതിനെ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു.










from kerala news edited

via IFTTT