യെമനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നടപടി -മുഖ്യമന്ത്രി
Posted on: 31 Mar 2015
ദുബായില്‍ ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റ് സാധ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാളികളുടെ കാര്യങ്ങള്‍ താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ട്. യെമനില്‍ കുടുങ്ങിയവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു.
ആരും ഈപ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ എല്ലാ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ട് വിമാനങ്ങളാണ് യെമനിലേക്ക് പോകുന്നത്. രണ്ട് കപ്പലുകളും അങ്ങോട്ടേക്ക് പോയിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കാ രാജ്യമായ ജിബൂട്ടിയില്‍ അവരെ കരമാര്‍ഗം എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് വിമാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പാട് ചെയ്യുന്നത്. ഡല്‍ഹിയിലാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്. അവിടെനിന്ന് സ്വന്തം നാട്ടിലേക്ക് പോകാനുള്ള യാത്രാവിമാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യെമനിലെ വിമാനത്താവളം അടച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. മൂന്ന് മണിക്കൂര്‍ നേരം അത് തുറക്കാനായി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന സൗദി അറേബ്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്ത പ്രശ്‌നം കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
from kerala news edited
via IFTTT