കേസ് രജിസ്റ്റര്‍ചെയ്യാന്‍ ലോകായുക്ത നിര്‍ദേശിച്ചു
Posted on: 31 Mar 2015
ബെംഗളൂരു: ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വര്‍തൂര്‍ പ്രകാശ് എം.എല്‍.എ.ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്യാന്‍ ലോകായുക്ത പോലീസിനോട് ലോകായുക്ത നിര്‍ദേശിച്ചു.
കോലാര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ തഹസില്‍ദാരെ പ്രകാശ് ഫോണില്‍വിളിച്ചു സംസാരിച്ചതിന്റെ ഓഡിയോ സി.ഡി. അടുത്തിടെ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പുറത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയിലാണ് തിങ്കളാഴ്ച ലോകായുക്തയുടെ ഉത്തരവുണ്ടായത്.
കസ്റ്റഡിയിലുള്ള ഏതാനും ലോറികള്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥനെ പ്രകാശ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഡെപ്യൂട്ടി കമ്മീഷണറെ പേടിക്കേണ്ടെന്നും രണ്ടുനാള്‍കഴിഞ്ഞ് പുതിയ ആള്‍ ആ സ്ഥാനത്തു വരുമെന്നും എം.എല്‍.എ. ഫോണില്‍ പറഞ്ഞതായി ആരോപണമുണ്ട്.
കോലാറില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ.യാണ് പ്രകാശ്.
ലോകായുക്തയുടെ അഡീഷണല്‍ രജിസ്ട്രാര്‍ നല്കിയ പ്രാഥമികാന്വേഷണറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ചെയ്യാനുള്ള നിര്‍ദേശം. അഴിമതിനിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണു കേസെടുക്കുന്നത്.
ഈയിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡി.കെ.രവിക്കു ഭീഷണികളുണ്ടായിരുന്നുവെന്നതിന്റെ സൂചനയായാണ് കുമാരസ്വാമി സി.ഡി. പുറത്തിറക്കിയത്. രവി കഴിഞ്ഞ ഒക്ടോബര്‍വരെ കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. രവിയുടെ മരണംസംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്കു വിട്ടിരിക്കുകയാണ്.
from kerala news edited
via IFTTT