Story Dated: Monday, March 30, 2015 09:15
കട്ടപ്പന: ബൈക്ക് റൈഡിംഗ് രംഗത്ത് ഹൈറേഞ്ചില്‍ നിന്നുള്ള ബ്ലാക്ക്‌ലിസ്‌റ്റ് ടീം പുത്തന്‍ പ്രതീക്ഷയാകുന്നു. കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സജീവമായ ബൈക്ക് സ്‌റ്റണ്ടിംഗ് ഇപ്പോള്‍ ഹൈറേഞ്ചിലും തരംഗമാകുകയാണ്. ബ്ലാക്ക്‌ലിസ്‌റ്റിലെ 15-ല്‍പ്പരം യുവാക്കളാണ് പരിശീലനം നേടി ഈ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട് ഔട്ട്‌ലോസ് ടീമിലെ അംഗം ഹര്‍ജോദിന്റെ ശിക്ഷണത്തിലാണ് ഇവര്‍ പരിശീലനം നേടിയത്.
കൂടാതെ എറണാകുളം, ബംഗളുരു എന്നിവിടങ്ങളിലെ ബൈക്ക് റൈഡര്‍മാരുടെ പ്രകടനങ്ങള്‍ കണ്ടുപഠിക്കുകയും ചെയ്‌തു. എല്ലാ ഞായറാഴ്‌ചകളിലും അഞ്ചുരുളി തടാകത്തിനു സമീപമാണ് ഇവര്‍ പരിശീലനം നടത്തുന്നത്. ശരത്‌ലാല്‍ സോജന്‍, സുബൈര്‍ഖാന്‍ എന്നിവര്‍ ടീമിനു നേതൃത്വം നല്‍കുന്നു. ബൈക്കപടങ്ങള്‍ക്കെതിരെയുള്ള ബോധവത്‌കരണം ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അമിതവേഗവും അശ്രദ്ധമായുള്ള ഡ്രൈവിംഗും മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഇവര്‍ പറയുന്നു.
അപകടകരമായ രീതിയിലോ അമിത വേഗത്തിലോ ബൈക്ക് ഓടിക്കില്ലെന്നും ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുമെന്നുമുള്ള നിബന്ധനകളടങ്ങിയ സമ്മതപത്രത്തില്‍ ഒപ്പിടുവിച്ച ശേഷമാണ് ബ്ലാക്ക്‌ലിസ്‌റ്റില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. വീലിംഗ്, റോളിംഗ് സ്‌റ്റോപ്പി, ഹൈചെയര്‍ സ്‌റ്റോപ്പി, ക്രൈസ്‌റ്റ്, സര്‍ക്കിള്‍ വീലിംഗ്, ബേണ്‍ ഔട്ട്, കോംപസ്, ഡ്രിസ്‌റ്റിംഗ്, കംഗാരു സ്‌റ്റോപ്പി എന്നീ ഇനങ്ങളെല്ലാം ഇവര്‍ അനായാസം ചെയ്യും. ഇന്ത്യയിലെ പ്രമുഖ റൈഡേഴ്‌സായ ഗോസ്‌റ്റ് റൈഡേഴ്‌സിന്റെ കടുത്ത ആരാധകരാണിവര്‍.
പള്‍സര്‍ 220, 220 എന്‍.എസ്, യമഹ എഫ്.സി, കരിഷ്‌മ ആര്‍, യമഹ ഫേസര്‍ തുടങ്ങിയ ബൈക്കുകളിലാണ് ഇവര്‍ അഭ്യാസ പ്രകടനം നടത്തുന്നത്. കട്ടപ്പനയില്‍ നടത്തിയ ബൈക്ക് റൈഡ് ചാമ്പ്യന്‍ഷിപ്പില്‍ ബ്ലാക്ക്‌ലിസ്‌റ്റ് ടീമിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അരുണ്‍ രാജ് വിശ്വംഭരന്‍, മോബിന്‍, ഇ.എന്‍ അനൂപ്, ശ്യാം, അരുണ്‍, സിദ്ധാര്‍ഥ്, അഭയ്, ലിജിന്‍, അനൂപ്, അജി, അരുണ്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
എസ്. സൂര്യലാല്‍
from kerala news edited
via IFTTT