വായ്പ മുടക്കല്ലേ, ബാങ്കിങ് ഇതര സ്ഥാപനങ്ങളും ഇനി ജപ്തി നടത്തും
ഇക്കഴിഞ്ഞ ബജറ്റില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെറ്റ്‌ലി സര്‍ഫേസി ആക്ട് 2002 എന്‍ബിഎഫ്‌സികള്‍ക്കും ബാധകമാക്കിയതോടെയാണിത്. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള മികച്ച മാര്‍ഗമായ സര്‍ഫേസി ആക്ട് അനുസരിച്ച് ഇതുവരെ ബാങ്കുകള്‍ക്ക് മാത്രമേ നേരിട്ട് ജപ്തി അനുവദിച്ചിരുന്നുള്ളൂ. ആ അധികാരം വലിയ എന്‍ബിഎഫ്‌സികള്‍ക്കും കൂടി ബാധകമാക്കുകയാണ് ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.
എടുത്ത വായ്പയുടെ ഏതാനും തവണകള്‍ മുടങ്ങിയാലും സാരമില്ല, പണം തിരിച്ചടയ്ക്കാന്‍ സമയം കിട്ടുമെന്ന ആശ്വാസവും അസ്ഥാനത്താണെന്നു പറയേണ്ടിവരും. കുടിശിക വായ്പാ തുകയുടെ 20 % ത്തില്‍ കൂടുതല്‍, അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലായാല്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ നിയമം.
വായ്പയെടുത്തയാള്‍ അത് തിരിച്ചടച്ചില്ലെങ്കില്‍ ഈടു നല്‍കിയിരിക്കുന്ന ആസ്തി കോടതി വഴിയല്ലാതെ ലേലം ചെയ്ത് വിറ്റ് മുതലും പലിശയും ഈടാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമമാണ് സെക്യുരിറ്റേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ട് 2002. സര്‍ഫേസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ നിയമം അനുസരിച്ച് ബാങ്കുകള്‍ക്ക് മാത്രമാണ് കോടതി വഴിയല്ലാതെ നേരിട്ട് ജപ്തി ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നത്.
എന്നാല്‍ പുതിയ ബജറ്റ് പ്രാബല്യത്തിലായതോടെ വലിയ എന്‍ബിഎഫ്‌സികള്‍ക്കും അതിനുള്ള അധികാരം കിട്ടും. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 500 കോടി രൂപയിലധികം ആസ്തിയുള്ളതുമായ എന്‍ബിഎഫ്‌സികള്‍ക്കാണ് പുതിയ ചട്ടം കൊണ്ട് ഗുണം ലഭിക്കുക. കേരളത്തിലെ മുന്‍നിര എന്‍ബിഎഫ്‌സികളായ മുത്തൂറ്റ് , മണപ്പുറം ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കടക്കം ഈ നിയമം ഏറെ സഹായകമാകും. വായ്പയെടുത്തു വെയ്ക്കുന്ന വീട്, ഷോപ്പ്, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, വായ്പയെടുത്ത് വാങ്ങിയ വാഹനം എന്നിവയടക്കമുള്ള ആസ്തികള്‍ ഇങ്ങനെ ജപ്തിചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
നിശ്ചിത ദിവസം ഗഡു അടച്ചില്ലെങ്കില്‍ പിഴയടക്കം തുകയടക്കാന്‍ അനുവദിക്കും.എന്നാല്‍ പല തവണകള്‍ മുടങ്ങുന്നതോടെ റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ച് വായ്പ കിട്ടാക്കടമായി മാറും. അങ്ങനെ വരുമ്പോളാണ് സര്‍ഫേസി നിയമം ബാധകമാകുക. അതനുസരിച്ച് പലിശയടക്കം മുതല്‍ തിരച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനം വായ്പയെടുത്ത വ്യക്തിക്ക് നോട്ടീസ് അയക്കും. നോട്ടീസ് കാലയളവിനു ശേഷവും പണമടച്ചില്ലെങ്കില്‍ ഈടായി നല്‍കിയിരിക്കുന്ന ആസ്തി ഏറ്റെടുക്കുകയും ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യും. മുതലും പലിശയും ചെലവും കഴിച്ച് ബാക്കി തുകയുണ്ടെങ്കില്‍ അത് വായ്പയെടുത്തയാള്‍ക്ക് തിരിച്ചു നല്‍കും .
ബാങ്കിങ് ഇതര സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇതുവരെ കിട്ടാക്കടം പിടിച്ചെടുക്കല്‍ വലിയ തലവേദനയായിരുന്നു. നല്‍കിയ വായ്പാ തിരിച്ചു കിട്ടാനായി ലക്ഷകണക്കിനു കേസുകളാണ് ഓരോ വര്‍ഷവും കോടതിയില്‍ എത്തുന്നത്. പിന്നെ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങണം. നല്‍കിയ തുകയും പലിശയും തിരിച്ചുകിട്ടാതാകുന്നതോടെ ബാങ്കിങ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള പണമില്ലാതെ വലയേണ്ട സ്ഥിത. അതുകൊണ്ട് തന്നെ സര്‍ഫേസി നീയമം എന്‍ബിഎഫ്‌സികള്‍ക്കുക കൂടി ബാധകമാക്കണമെന്നത് അവരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. അതാണിപ്പോള്‍ ബജറ്റിലൂടെ അനുവദിച്ചു നല്‍കിയിരിക്കുന്നത്.
എന്നാല്‍ വായ്പയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബാങ്കുകളേക്കാള്‍ പലിശ കൂടുതലാണ് എന്‍ബിഎഫ്‌സികളിലെ വായ്പയെന്നതിനാല്‍ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതുവരെ കോടതി വഴിയായിരുന്നു നടപടികളെന്നതിനാല്‍ ഇടപാടു തീര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടുമായിരുന്നു. അതിനാല്‍ ഈടു നല്‍കുന്ന ആസ്തികള്‍ വലിയൊരു പരിധിയോളം സംരക്ഷിക്കാനും കഴിയുമായിരുന്നു. ആ സ്ഥിതി ഇനി മാറും.
rajyasreesajeev@gmail.com
from kerala news edited
via IFTTT