അനുമതി കിട്ടിയില്ല: യെമനിലേക്കുള്ള വിമാനങ്ങള്‍ മസ്‌കറ്റില്‍ കുടുങ്ങി
Posted on: 31 Mar 2015
മസ്‌കറ്റ്: രക്ഷാദൗത്യവുമായി പോയ ഇന്ത്യാ വിമാനങ്ങള്‍ക്ക് തിങ്കളാഴ്ച യെമനില്‍ പ്രവേശിക്കാനായില്ല. യാത്രാമധ്യേ ഒമാനിലെത്തിയ രണ്ട് ഇന്ത്യാവിമാനങ്ങള്‍ക്കും പ്രവേശനാനുമതി ലഭിക്കാന്‍ വൈകിയതാണ് കാരണം. ചൊവ്വാഴ്ച കാലത്ത് പുറപ്പെടാനാവുമെന്ന് മസ്‌കറ്റിലെ എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ബി.പി. കുല്‍ക്കര്‍ണി അറിയിച്ചു. സൗദിയിലെ ഇന്ത്യാ എംബസി വഴി അനുമതി വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. യെമന്‍ തുറമുഖവും വ്യോമമേഖലയും നിരോധിതമേഖലകളായി സൗദി പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പറക്കാനുള്ള അനുമതി വൈകിയത്. സൗദി എംബസി വഴിയാണ് വിമാനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നത്. മൂന്ന് മണിക്കൂര്‍ യെമനില്‍ തങ്ങാനുള്ള അനുമതിയാണ് ഇന്ത്യയ്ക്ക് യെമന്‍ സര്‍ക്കാറില്‍നിന്ന് ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ശേഷിയുള്ള വിമാനങ്ങള്‍ യാത്ര പുറപ്പെട്ടത്. മസ്‌കറ്റ് വിമാനത്താവളത്തില്‍ തിങ്കളാഴ്ച കാലത്താണ് ഇവ എത്തിയത്. യാത്രക്കാരെ കയറ്റിയശേഷം രാത്രിയോടെ ഇന്ത്യയിലേക്ക് തിരിച്ചെത്താനായിരുന്നു പദ്ധതി. മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്ന് വേണമെങ്കില്‍ ഇന്ധനം നിറയ്ക്കാനുള്ള സജ്ജീകരണവും ചെയ്തിരുന്നു. എന്നാല്‍, അനുമതി വൈകിയതിനാലാണ് ഇവിടെ കുടുങ്ങിയത്.
from kerala news edited
via IFTTT