കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ ഒരാഴ്ചയ്ക്കകം യെമനിലെത്തും
Posted on: 31 Mar 2015
കൊച്ചിയില്‍ നിന്ന് ആവശ്യമായത്ര മരുന്നുകളും ഭക്ഷണവും ഇന്ധനവും കുടിവെള്ളവും ശേഖരിച്ചാണ് കപ്പലുകള്‍ യാത്രയായത്. ഡോക്ടര്‍മാരും നഴ്‌സുമാരും കപ്പലിലുണ്ട്. ജീവനക്കാര്‍ മാത്രം 150-ഓളം പേരുണ്ട്.
കപ്പലിന്റെ യാത്രാ കാര്യങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണിയാണ് ഏകോപിപ്പിച്ചത്. നാവിക ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി തന്നെ തുറമുഖത്ത് എത്തി കപ്പലിന്റെ യാത്രാ കാര്യങ്ങള്‍ തുറമുഖാധികൃതരുമായി ചര്‍ച്ച ചെയ്തു.
നാവികസേനയുടെ നിയന്ത്രണത്തിലാണ് കപ്പലുകളുടെ യാത്ര. മുംബൈയില്‍ നിന്ന് രണ്ട് നാവികസേനാ കപ്പലുകള്‍, കൊച്ചിയില്‍ നിന്നുപോയ കപ്പലുകളെ അനുഗമിക്കും. കൊച്ചിയിലെ കപ്പലുകളുടെ വേഗം മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈലാണ്. നേവി കപ്പലുകളേക്കാള്‍ കുറവാണിത്. സാധാരണ പോകുന്ന റൂട്ട് അല്ലാത്തതും വേഗം കുറയാനിടയാക്കും. അതുകൊണ്ട് െയമനിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് വരെ ദിവസം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. 'ജിബൂട്ടി' എന്ന തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാനാണ് ലക്ഷ്യം.
രണ്ട് കപ്പലുകളിലായി 1200 പേരെ കൊണ്ടുവരാനാകും. അവര്‍ക്കുള്ള ഭക്ഷണവും മരുന്നുകളുമൊക്കെയാണ് ശേഖരിച്ചിട്ടുള്ളത്. കൂടുതല്‍ ദിവസം കടലില്‍ കഴിയേണ്ടി വന്നാല്‍ വേണ്ടിവരുന്ന ഇന്ധനവും ശേഖരിച്ചിട്ടുണ്ടെന്ന് തുറമുഖാധികൃതര്‍ പറഞ്ഞു. യെമനിലുള്ളവര്‍ കൂടുതലും മലയാളികളായതിനാല്‍ കപ്പല്‍, കൊച്ചിയിലേക്ക് തന്നെ തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള മറ്റേതെങ്കിലും രാജ്യത്ത് ഇവരെ കൊണ്ടുവന്ന് അവിടെ നിന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കാനും ശ്രമമുണ്ട്.
ഞായറാഴ്ച രാവിലെ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് പോയ കപ്പല്‍ എം.വി. കവരത്തി, മടക്കിവിളിച്ച ശേഷമാണ്, െയമനിലേക്ക് വിട്ടത്. കൊച്ചിയില്‍ കിടന്നിരുന്ന എം.വി. കോറല്‍സും ഇതോടൊപ്പം െയമനിലേക്ക് പോയി.
from kerala news edited
via IFTTT