Story Dated: Friday, December 5, 2014 03:14
വടക്കഞ്ചേരി: നിറപറയും നിലവിളക്കുകളും സാക്ഷിയാക്കി വിശിഷ്‌ടാതിഥികളുടെയും ബന്ധുമിത്രാദികളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി 19 യുവതികള്‍ സുമംഗലികളായി പുതുജീവിതത്തിലേക്ക് കടന്നു. ശോഭ ഡവലപ്പേഴ്‌സിന്റെ സാമൂഹ്യപ്രതിബദ്ധതാ വിഭാഗമായ മൂലങ്കോട് ശ്രീകുറുമ്പ ട്രസ്‌റ്റിന്റെ 12 ാമത് സ്‌ത്രീധനരഹിത സമൂഹ വിവാഹത്തിന്റെ രണ്ടാംഘട്ട വിവാഹമാണ് മൂലങ്കോട് കുറുമ്പ കല്യാണമണ്ഡപത്തില്‍ നടന്നത്.
മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ കെ.ഇ. ഇസ്‌മയില്‍ നിലവിളക്കില്‍ ആദ്യ തിരി തെളിയിച്ച് സമൂഹവിവാഹ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, പി.എന്‍.സി. മേനോന്‍, മുന്‍ മന്ത്രി വി.സി. കബീര്‍, മുന്‍ എം.എല്‍.എ സി.ടി. കൃഷ്‌ണന്‍, കെ.ഇ. ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗം കെ. ഓമന, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കുമാരന്‍, കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലന്‍, പാലന ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഫാ: ജോര്‍ജ് പയസ്, വി.എം് മനോഹരന്‍, എം.പി. സേതുമാധവന്‍, ഡോ: വി.എ. ഗംഗാധരന്‍ഏ പാളയം പ്രദീപ്, രമണി ഭാസ്‌കരന്‍, കെ. മുരളീധരന്‍, കെ. സക്കീര്‍ ഹുസൈന്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി.കെ. പത്മനാഭന്‍, പി.എന്‍.സി. മേനോന്റെ ഭാര്യ ശോഭ മേനോന്‍, മക്കളായ ബിന്ദു, രേവതി, പി.എന്‍.സി. മേനോന്റെ സഹോദരന്‍ ഹരിദാസ്, ട്രസ്‌റ്റിമാരായ എ.ആര്‍. കുട്ടി കേണല്‍ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കിഴക്കഞ്ചേരി നൈനാങ്കാട് കാക്കശ്ശേരി പരേതനായ മാണിക്കന്റെ മകള്‍ ഷോബിയുടെ കഴുത്തില്‍ തൃശൂര്‍ മരത്താക്കര മല്ലിയുടെ മകന്‍ രമേഷ്‌കുമാറാണ് മിന്നു കെട്ടി സമൂഹ വിവാഹത്തിന് തുടക്കം കുറിച്ചത്. ശോഭ മേനോന്‍ വരന്റെ പക്കല്‍ താലിമാല എടുത്തു നല്‍കി വധൂവരന്മാരുടെ മോതിരങ്ങള്‍ കൈമാറി. തുടര്‍ന്ന് മക്കളായ ബിന്ദു, രേവതി എന്നിവര്‍ പൂമാലകളും പാത്രങ്ങളും നല്‍കി. ഇതിനുശേഷം വധൂവരന്മാര്‍ കതിര്‍മണ്ഡപത്തെ മൂന്നു തവണ വലംവച്ച് ട്രസ്‌റ്റ് ഡയറക്‌ടര്‍മാരായ പി.എന്‍.സി. മേനോന്റെയും ഭാര്യ ശോഭ മേനോന്റെയും കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങിയാണ് ഇരിപ്പിടത്തിലേക്ക് പോയത്.
2003ല്‍ ആരംഭിച്ച സമൂഹ വിവാഹത്തിലൂടെ ഇതുവരെ 450 പേരാണ് വിവാഹിതരായത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ നിര്‍ധനരായ യുവതികളുടെ വിവാഹമാണ് ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. വധുവിന് നാലര പവന്റെ ആഭരണം, വിവാഹ വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍, വധൂവരന്മാരുടെ ബന്ധുക്കള്‍ക്കുള്ള സദ്യ എന്നിവ ട്രസ്‌റ്റ് സൗജന്യമായി നല്‍കുന്നുണ്ട്.
from kerala news edited
via IFTTT