Story Dated: Friday, December 5, 2014 06:51
കൊല്ലം: അഷ്‌ടമുടി കായലിന്റെ സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി ജി.ഐ.എസ് മാപ്പ് (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം) തയാറാക്കുമെന്നു ജില്ലാ കലക്‌ടര്‍ പ്രണബ്‌ജ്യോതി നാഥ് അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുന്‍കൈയെടുത്തു നടപ്പാക്കുന്ന അഷ്‌ടമുടി മാസ്‌റ്റര്‍ പ്ലാനിന്റെ കണ്‍സള്‍ട്ടന്‍സിയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പങ്കെടുത്ത ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍. അഷ്‌ടമുടിക്കായലിലെ ചെറുതുരുത്തുകള്‍ കൂടി ഉപയോഗപ്പെടുത്തി മനോഹരമായ ടൂറിസം സര്‍ക്യൂട്ടാണ് മാസ്‌റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്നതെന്ന് കണ്‍സള്‍ട്ടന്‍സി വൈസ് പ്രസിഡന്റ് ചേതന്‍ പറഞ്ഞു.
കായല്‍ കയ്യേറ്റം, മലിനീകരണം, ഉറവിട സ്രോതസുകളുടെ പുനരുജ്‌ജീവനം എന്നിവക്കു പദ്ധതിയില്‍ ഊന്നല്‍ നല്‍കും. വിനോദസഞ്ചാര മേഖലയില്‍ കൊല്ലം ജില്ലയുടെ കേന്ദ്രബിന്ദുവായ അഷ്‌ടമുടിക്കായലിന്റെ സവിശേഷതകള്‍ ചോര്‍ന്നുപോകാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാസ്‌റ്റര്‍പ്ലാന്‍ തയാറാക്കുക. കായല്‍ കയ്യേറ്റം തടയുന്നതിനൊപ്പം കായല്‍തീരം സംരക്ഷിക്കുന്നതിനു പരിസ്‌ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ ആരായും.
മണ്ണൊലിപ്പു തടയുന്നതിനു കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക, കായല്‍തീരത്തെ സ്ലാട്ടര്‍ ഹൗസ് മാറ്റിസ്‌ഥാപിക്കുന്നതിനോ ആധുനിക വല്‍ക്കരിക്കുന്നതിനോ ശിപാര്‍ശ ചെയ്യുക, ഹോട്ടലുകള്‍, ആശുപത്രികള്‍, വിവിധ വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ കായലിലേക്കു തള്ളുന്നത് ഒഴിവാക്കുക, കായലിലേക്ക് ഒഴുകിയെത്തുന്ന 112 തോടുകള്‍ വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുക, ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്‍തൂക്കം നല്‍കുക എന്നിവയാണ് മാസ്‌റ്റര്‍ പ്ലാനില്‍ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ എ.ഡി.എം ബി.ഉണ്ണികൃഷ്‌ണന്‍, കണ്‍സള്‍ട്ടന്‍സി സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഗോപാലകൃഷ്‌ണന്‍, ഹൈഡ്രോ ജിയോളജിസ്‌റ്റ് മുരളി, പ്ലാനര്‍ ദീപ ബാലകൃഷ്‌ണന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി ഫിലിപ് കെ തോമസ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ബിന്ദു രാധാകൃഷ്‌ണന്‍, ഡി.എം.ഒ. ഡോ.കെ ഷാജി, തദ്ദേശസ്‌ഥാപന പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT