121

Powered By Blogger

Friday, 5 December 2014

മോനിഷ മരിച്ചിട്ട് 22 വര്‍ഷം പിന്നിടുന്നു







ആ അപകടരംഗങ്ങള്‍ ഉമ്മച്ചന്റെ മനസ്സില്‍ നിന്നും മായുന്നില്ല


ചേര്‍ത്തല: 'നഗരത്തിലേക്കുള്ള റോഡില്‍നിന്ന് ദേശീയപാതയിലേക്കു കയറുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഫസ്റ്റ്ഗിയറിലായിരുന്നു. െപെപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗമായതിനാലാണ് ഗിയര്‍ ഒന്നിലേക്കു മാറ്റിയത്. ഞൊടിയിടയിലാണ് അതു സംഭവിച്ചത് . ഡിവൈഡറില്‍ തട്ടി വായുവില്‍ ഉയര്‍ന്നുപൊങ്ങിയപോലെ ഒരുകാര്‍ ബസ്സിന്റെ വശത്തിടിച്ചു. എതിര്‍ദിശയിലേക്കു മറിഞ്ഞ് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് തെറിച്ചുവീണിരുന്നു. നിയന്ത്രണം തെറ്റിയ ബസ്സിന്റെ സ്റ്റീറിംഗിലേക്ക് വീണ്ടും പിടിച്ചാണ് ബസ് ഒരു പരിധിവരെ നിയന്ത്രിച്ചത്.'.

വര്‍ഷം 22 പിന്നിടുമ്പോഴും ഉമ്മച്ചന്റെ മനസ്സില്‍നിന്ന് ആ അപകടച്ചിത്രങ്ങള്‍ മാഞ്ഞിട്ടില്ല... ഇന്നും അതൊരു നൊമ്പരം പോലെ മനസ്സില്‍ നിറയുന്നു.

1992 ഡിസംമ്പര്‍ അഞ്ചിനു പുലര്‍ച്ച ആറുമണിയോടെ നടന്ന ആ അപകടത്തിലാണ് മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ മരിച്ചത്. 25 ചിത്രങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ മോനിഷയ്ക്ക് അന്ന് പ്രായം 21 മാത്രം. ആറു വര്‍ഷത്തെ മാത്രം സിനിമാജീവിതംകൊണ്ട് ഉര്‍വ്വശി അവാര്‍ഡടക്കം സ്വന്തമാക്കിയിരുന്നു. ലോകത്താകമാനമുള്ള മലയാളികളെ നടുക്കിയ ദുരന്തത്തിനിന്ന് 22 വയസ്സു തികയുന്നു.





ചെപ്പടിവിദ്യയെന്ന സിനിമയുടെ സെറ്റില്‍ എത്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുന്നതിനിടെ മരണത്തിലേക്കു വഴുതിവീഴുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ശ്രീകുമാറും അപകടത്തില്‍ മരിച്ചു.

ചേര്‍ത്തല ഇന്നും ആ അപകടം മറന്നിട്ടില്ല. ദേശീയപാതയില്‍നിന്ന് നഗരത്തിലേക്കുള്ള റോഡു വഴിപിരിയുന്ന കവല അപകട കേന്ദ്രമായിരുന്നു. മോനിഷയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ അപകടങ്ങള്‍ക്കു പരിഹാരമാകുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നത്.

അന്ന് ചേര്‍ത്തല സ്റ്റാന്‍ഡില്‍നിന്ന് കണ്ടക്ടര്‍ക്കു പുറമെ രണ്ടുയാത്രക്കാരുമായാണ് ഡ്രൈവര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് കൊടക്കാട്ട് കെ.ടി. ഉമ്മച്ചന്‍ ആലപ്പുഴ ലക്ഷ്യമാക്കി ബസ്സെടുത്തത്. അപകടത്തിനുശേഷം അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ ചെല്ലുന്‌പോള്‍ മാത്രമാണ് മരിച്ചത് മോനിഷയാണെന്നറിയുന്നത്. തന്റേതല്ലാത്ത കാരണത്താലാണ് അപകടമെങ്കിലും ദുരന്തം ഉമ്മച്ചനെ വല്ലാതെ അലട്ടിയിരുന്നു.


ഉമ്മച്ചനെതിരെ സംഭവത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും 18 അവധിക്കുശേഷം കേസില്‍നിന്നൊഴിവാക്കി. 1992ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ഉമ്മച്ചന്‍ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.


ആദ്യസിനിമയായ നഖക്ഷതങ്ങളിലൂടെ ഉര്‍വ്വശി അവാര്‍ഡു നേടിയ മോനിഷയുടെ ഓര്‍മ്മകള്‍ ഇന്നും ആ കവലയിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഔദ്യേഗികമല്ലെങ്കിലും എക്‌സറേ കവലയെ മോനിഷക്കവലയെന്നറിയപ്പെടുന്നതും.











from kerala news edited

via IFTTT