Story Dated: Friday, December 5, 2014 03:14
കുന്നംകുളം: കുന്നംകുളം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ പൊട്ടിത്തെറി. 20 വര്‍ഷക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ടി. അബ്‌ദുവിനെ സംഘടനയില്‍നിന്ന് പുറത്താക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി ചേമ്പര്‍ കമ്മിറ്റി അബ്‌ദുവിനെതിരേ രജിസ്‌ട്രേഡ് വിശദീകരണ കത്തയച്ചു.
കുറച്ചുകാലമായി കച്ചവട സംഘടനയില്‍ രൂക്ഷമായ ചേരിപ്പോരും അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി. സാക്‌സണെ മാറ്റണമെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ ശക്‌തിയായി ആവശ്യപ്പെട്ടിരുന്നു. കെ.ടി. അബ്‌ദു അടക്കമുള്ളവര്‍ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. സ്വയം പ്രസിഡന്റ് സ്‌ഥാനത്തുനിന്ന് മാറാന്‍ കെ.പി. സാക്‌സണ്‍ തയ്യാറായില്ലെങ്കില്‍ വാര്‍ഷികയോഗത്തില്‍ തെരഞ്ഞെടുപ്പിലൂടെ സാക്‌സണെ മാറ്റുവാനും ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു. ഈ ശ്രമം വിജയിക്കുമെന്ന് മനസിലാക്കിയ സാക്‌സണ്‍ അവരുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷം കൂടി പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്ന സാക്‌സന്റെ അഭ്യര്‍ഥന മാനിച്ച് മറുവിഭാഗം സ്വയം കീഴടങ്ങുകയായിരുന്നു.
ഇതിനുശേഷം കെ.ടി. അബ്‌ദു അടക്കമുള്ളവരോട് തികഞ്ഞ ശത്രുതപരമായ സമീപനമാണ് ഔദ്യോഗികവിഭാഗം സ്വീകരിച്ചിരുന്നത്. കച്ചവട സംഘടനയുടെ ഭാരവാഹികളുടെ നിലപാടില്‍ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ച അബ്‌ദു കുറച്ചുകാലമായി അകന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റാലിക്ക് അബ്‌ദു പോയപ്പോള്‍ ഭാരവാഹികള്‍ ആരുംതന്നെ പോയിരുന്നില്ല. വിശദീകരണ കത്തിന് മറുപടി നല്‍കില്ലെന്ന് അബ്‌ദു വ്യക്‌തമാക്കി. മറുപടി അര്‍ഹിക്കാത്തവര്‍ക്ക് മറുപടി നല്‍കാറില്ല. ആദ്യമായാണ് ഒരു ഭാരവാഹിക്കെതിരേ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിശദീകരണം ആവശ്യപ്പെട്ട് രജിസ്‌ട്രേഡ് കത്തയക്കുന്നത്.
from kerala news edited
via IFTTT