Story Dated: Friday, December 5, 2014 03:13
കോട്ടയ്‌ക്കല്‍ : റവന്യു ജില്ലാ കായികമേളയില്‍ ഐഡിയല്‍ സ്‌കൂളിന്റെ കരുത്തില്‍ ഏഴാംതവണയും എടപ്പാള്‍ ചാമ്പ്യന്‍മാരായി. 320 പോയിന്റോടെ എടപ്പാള്‍ ഉപജില്ല ഒന്നാം സ്‌ഥാനം നേടിയപ്പോള്‍ രണ്ടാംസ്‌ഥാനക്കാരായ തിരൂരിനു 151 പോയിന്റ്‌മാത്രമാണുള്ളത്. 75 പോയിന്റോടെ കിഴിശ്ശേരിയാണു മൂന്നാമത്. എടപ്പാള്‍ ഉപജില്ല 34 സ്വര്‍ണവും 40 വെള്ളിയും 25 വെങ്കലവും സ്വന്തമാക്കി. 18 സ്വര്‍ണവും 12 വെള്ളിയും ആറു വെങ്കലവും നേടിയാണ് തിരൂര്‍ രണ്ടാമത് നില്‍ക്കുന്നത്. കിഴിശ്ശേരി ഒമ്പതു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും നേടി. സ്‌കൂളുകളുടെ പോയിന്റ് നിലയില്‍ തുടര്‍ച്ചയായി ഏഴാം തവണയും ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ഓവറോള്‍ കിരീടം നേടി. 237 പോയിന്റുനേടിയ ഐഡിയല്‍ 26 സ്വര്‍ണം,30 വെള്ളി,17 വെങ്കലം എന്നിവ സ്വന്തമാക്കി. നവാമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായയാണു രണ്ടാമത്. 107 പോയിന്റുനേടിയ നവാമുകുന്ദക്കു 15 സ്വര്‍ണം, ഒമ്പതു വെള്ളി, അഞ്ചു വെങ്കലം എന്നിവയുള്‍പ്പെടും. മൂന്നാമതുള്ള വളയംകുളം എം.വി.എം.ആര്‍ എച്ച്.എസ്.എസ് അഞ്ചു സ്വര്‍ണം, എട്ടു വെള്ളി, നാലു വെങ്കലം എന്നിവ നേടി 53 പോയിന്റ്‌നേടി.
സീനിയര്‍ ഗേള്‍സിന്റെ നടത്തത്തില്‍ സഹപാഠികള്‍
കോട്ടയ്‌ക്കല്‍: സീനിയര്‍ ഗേള്‍സിന്റെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഒന്നും രണ്ടും സ്‌ഥാനം സഹപാഠികള്‍ക്ക്. വളയംകുളം എം.വി.എം.ആര്‍.എച്ച്.എസ്.എസിലെ പ്ലസ്‌ടു സഹപാഠികളായ ആതിര സാബുവും ശാലിനി സജീവുമാണു ഒന്നും രണ്ടും സ്‌ഥാനം നേടിയത്. ഇരുവരും അസുഖം കാരണം ചികിത്സയിലായിരുന്നു. സബ്‌ജില്ലാ മത്സരം പൂര്‍ത്തിയായ ശേഷമാണു ഇരുവരും ഒരുമിച്ച് 10 ദിവസം ആശുപത്രിയില്‍ കിടന്നത്. ശേഷം കാര്യമായ പരിശീലനമില്ലാതെയാണിവര്‍ മത്സരിക്കാനെത്തിയത്. ആതിര സാബുവിന് വൈദ്യുതാഘാതമേറ്റ് വിശ്രമം തീരുംമുമ്പ് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന 5000 മീറ്റര്‍ ഓട്ടത്തില്‍ വീണു പരുക്കേറ്റു. ഈ ചികില്‍സയില്‍ 10 ദിവസം ആശുപത്രിയില്‍ കിടന്നു. ഇതു കാരണം കഴിഞ്ഞ അമേച്ച്വര്‍ സംസ്‌ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇതേ സമയത്താണു ശാലിനി സജീവ് എന്ന സഹപാഠിക്കും അസുഖം പിടിപെട്ടത്. അനീമിയ പിടിപ്പെട്ട് 10 ദിവസത്തിലധികം ശാലിനിയും ആശുപത്രി കിടക്കയിലായിരുന്നു. കഴിഞ്ഞ സംസ്‌ഥാന മത്സരങ്ങളിലും ഇന്റര്‍ക്ലബ്ബ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് ശാലിനി. ആതിര അഞ്ചാം ക്ലാസ് മുതലും ശാലിനി ഒമ്പതാം ക്ലാസ് മുതലും കായികഇനങ്ങളില്‍ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. ഇരുവരും ചികില്‍സ കഴിഞ്ഞ് നേരെ എത്തുന്നത് കോഴിച്ചെനയിലെ ജില്ലാ കായികമേളയിലേക്കാണ്. കാര്യമായ പരിശീലനം നടത്താതെയാണു സീനിയര്‍ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ ആദ്യരണ്ടു സ്‌ഥാനങ്ങള്‍ സ്വന്തമാക്കിയത്. ആതിര ഒന്നാമതായപ്പോള്‍ തൊട്ടുപിന്നില്‍ ശാലിനിയുമെത്തി. കോട്ടയം പാല സ്വദേശികളാണ് ഇരുവരും. വി ജി സാബു-വിനു ദമ്പതികളുടെ മകളാണു ആതിര. ശാലിനി കാവനാട്ടുകടത്തില്‍ സജീവ് ചന്ദ്രന്‍-രമ ദമ്പതികളുടെ മകളാണ്. ടി വി കുമാറ ശിക്ഷണത്തിലാണു ഇരുവരും മത്സരത്തിനിറങ്ങിയത്.
വെടിയൊച്ചക്കു പകരം വിസിലുമായി ഹനീഫ
കോട്ടയ്‌ക്കല്‍: മത്സരങ്ങള്‍ക്കു സ്‌റ്റാര്‍ട്ട് നല്‍കാന്‍ ഇപ്രാവശ്യവും ഹനീഫയെത്തി. എന്നാല്‍ വെടിയൊച്ചക്കുപകരം ഇപ്രാവശ്യം ഹനീഫയുടെ വിസിലടിയിലാണു ജില്ലാകായികമേളയില്‍ മത്സരങ്ങള്‍ക്ക് സ്‌റ്റാര്‍ട്ട് നല്‍കുന്നത്. എല്ലാ പ്രാവശ്യവും വെടിവെച്ചാണു കായികതാരങ്ങള്‍ക്കു മത്സര തുടക്കം നല്‍കാറുള്ളതെങ്കിലും ഈ പ്രാവശ്യം ഉപകരണം കേടായതോടെയാണു വിസിലുമായി ഹനീഫയെത്തിയത്. 10 വര്‍ഷം മുമ്പു തുടങ്ങിയ റവന്യൂ ജില്ലാ കായികമേളയില്‍ വെടിമുഴക്കി തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഹനീഫതന്നെയാണ്. ജില്ലാ കായികമേളകളില്‍ ഇ.പി ഹനീഫയെ അറിയാത്തവരുണ്ടാകില്ല. ഏവര്‍ക്കും സുപരിചിതനാണ് ഇദ്ദേഹം 1989 മുതല്‍ 2001 വരെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കായികധ്യാപകനായിരുന്നു ഹനീഫ. സ്‌റ്റുഡന്റ്‌സ് പോലീസ് ചുമതല നല്‍കിയാണു ഇദ്ദേഹത്തെ മലപ്പുറത്തേക്കു സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കൂടിയായ ഇദ്ദേഹം നിലവില്‍ ചേരുലാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുറുംബത്തൂര്‍ കായികധ്യാപകനാണ്. റവന്യൂ ജില്ലാ കായികമേളയില്‍ ഓള്‍റൗണ്ടര്‍ സ്‌ഥാനമാണ് ഹനീഫക്ക്. ഏതു തീരുമാനവും എടുക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായവും ഉപദേശവും ചോദിക്കുക ഹനീഫയോടാണ്. ഇത്രയും കാലത്തെ പരിജ്‌ഞാനവും നടത്തിപ്പു പരിചയവുമുണ്ട്. ജില്ലാ റവന്യൂ കായികമേള കൂടാതെ സംസ്‌ഥാന കായികമേളയിലും ഒഫീഷ്യലായിട്ട് ഹനീഫ ഓടി നടക്കാനുണ്ടാവും. ഇപ്രാവശ്യവും വെടിവെച്ച് തുടക്കം കുറിക്കാന്‍ സാധിക്കാത്തതിലുള്ള പരിഭവം മാത്രമാണു ഹനഫക്കുളളത്.
സിയാദ് നടന്നു കയറിയത് കായികാധ്യാപകന്റെ പരിശീലനം ലഭിക്കാതെ
കോട്ടയ്‌ക്കല്‍: കായികാധ്യാപകന്റെ പരിശീലനം ലഭിക്കാതെ സിയാദ് നടന്നു കയറിയത് ഒന്നാംസ്‌ഥാനത്തേക്ക്. ജൂനിയര്‍ വിഭാഗം 5000 മീറ്റര്‍ നടത്ത മത്സരത്തിലാണു താനൂര്‍ രായിമംഗലം എസ്.എം.എം.എച്ച്.എസ്.എസിലെ ആലിക്കാന്റെ പുരക്കല്‍ സിയാദ് ഒന്നാംസ്‌ഥാനം നേടിയത്.
സിയാദിന്റെ ജീവിതത്തില്‍ കായികധ്യാപകന്റെ പരിശീലനം ലഭിച്ചിട്ടില്ല. സിയാദിന്റെ നടത്തത്തില്‍ വേഗത തോന്നിയ സുഹൃത്തായ നിഹാലാണു സിയാദിനെ നടത്തം പഠിപ്പിച്ചത്. സ്‌കൂളില്‍ പരിശീലനത്തിനാവശ്യമായ ഗ്രൗണ്ടു പോലുമില്ല. മരങ്ങള്‍ക്കിടയിലുടെ വളഞ്ഞും തിരിഞ്ഞും വേഗതയില്‍ നിഹാല്‍ സിയാദിനെ നടത്തം പഠിപ്പിച്ചു. ഈ പരിശീലനമികവിലാണു സിയാദ് ഇന്നലെ റവന്യൂ ജില്ലാ കായികമേളയില്‍ ജൂനിയര്‍ വിഭാഗം 5000 മീറ്റര്‍ നടത്ത മത്സരഇനത്തില്‍ ഇറങ്ങിയത്. തുടക്കം മുതലെ സിയാദ് വ്യക്‌തമായ ലീഡ് നിലനിര്‍ത്തി
from kerala news edited
via IFTTT