Story Dated: Friday, December 5, 2014 03:14
ചിറ്റൂര്‍: തുഞ്ചന്റെ മണ്ണില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും. പത്ത് വര്‍ഷത്തിനു ശേഷം ചിറ്റൂരിന്റെ മണ്ണിലേക്ക് ജില്ലാ കലോത്സവം എത്തിയപ്പോള്‍ പാലക്കാടന്‍ ചൂടിനെയും വരണ്ട കാറ്റിനെയു വകവയ്‌ക്കാതെ കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ തലനാരിഴയ്‌ക്ക് നഷ്‌ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഓരോ മത്സരാര്‍ഥികളും ജില്ലാ കലോത്സവത്തെ നോക്കികാണുന്നത്. ചിറ്റൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡി, വിജയമാത, ടി.ടി.ഐ എന്നിവിടങ്ങളിലെ പതിനാല് വേദികളിലാണ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ മത്സരങ്ങള്‍ നടന്നുവരുന്നത്.
ഫണ്ടിലെ പിശുക്കും അധ്യാപക സംഘടനകള്‍ തമ്മിലെ ഏകോപനമില്ലായ്‌മയും കാരണം പ്രതീക്ഷയുമായെത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടക സമിതിക്ക് വീഴ്‌ച പറ്റി. വെള്ളം, വെളിച്ചം, ശബ്‌ദം, വിധികര്‍ത്താക്കള്‍ എന്നിവരുടെ ഗുണമേന്മ ഉറപ്പു വരുത്താനും സംഘാടക സമിതിക്കായില്ലെന്ന് ആക്ഷേപമുയര്‍ന്നു. വേദികളില്‍ ഗുണമേന്മയില്ലാത്ത മൈക്കുകള്‍ സ്‌ഥാപിച്ചതു മൂലം പല മത്സരങ്ങളിലെ വിധി നിര്‍ണയത്തില്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല. കുടിവെള്ളം നല്‍കുന്നതില്‍ വീഴ്‌ച വന്നതോടെ ഈ ജോലി എഫ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിധിനിര്‍ണയത്തിലെ അപാകതള്‍ക്കെതിരേ പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. ജില്ലാ കലോത്സവത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ വിധികര്‍ത്താക്കള്‍ക്കെതിരേ വ്യാപക പരാതിയാണ് ഉയര്‍ന്നത്. കലോത്സവ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ അധ്യാപക സംഘടനകള്‍ ഏറ്റെടുത്തിരുന്നെങ്കിലും ഏകോപനമില്ലാത്തത് കാരണം വലഞ്ഞത് പ്രതീക്ഷയോടെ എത്തിയ മത്സരാര്‍ഥികളാണ്. പരാതി ഉന്നയിച്ചാല്‍ തന്നെ പരസ്‌പരം പഴിചാരിയും അവസാനം ഡി.ഡി.ഇ നിര്‍ദേശമില്ലാത്തതാണെന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. കുട്ടികളുടെ സര്‍ഗാത്മ ശേഷിയെ പരിപോഷിപ്പിക്കുന്നത് നാടിന്റെ മുന്നേറ്റത്തിന് ഉതകുമെന്നും ഇതിനായി എത്ര ഫണ്ട് വേണമെങ്കിലും ചിലവഴിക്കാന്‍ തയാറാണെന്നും കലോത്സവ ഉദ്‌ഘാടന വേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ ഡയറക്‌ടറും വ്യക്‌തമാക്കി മണിക്കൂറുകള്‍ പിന്നിടുന്നതിനു മുമ്പു തന്നെ ഫണ്ട് പിടിച്ചുനിര്‍ത്താനുള്ള നിര്‍ദേശവും നല്‍കി. കലോത്സവ വേദികളില്‍ ഫണ്ട് ചെലവഴിക്കാന്‍ പിശുക്ക് കാണിക്കുന്നത് മേളയുടെ നടത്തിപ്പിനെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.
നാദസ്വരത്തില്‍ വീണ്ടും കണ്ണന്‍കുട്ടി
ചിറ്റൂര്‍: ജേഷ്‌ഠന്റെ ശിക്ഷണത്തില്‍ നാദസ്വരം അഭസിച്ച് കഴിഞ്ഞ നാല് കലോത്സവ വേദികളും തന്റേതാക്കിയ കണ്ണന്‍കുട്ടിക്ക് തന്റെ നേട്ടം നിലനിര്‍ത്താന്‍ ഒരു പടവ് കൂടി ബാക്കി. ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാദസ്വര മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസിലെ എ. കണ്ണന്‍കുട്ടിയാണ് ഒന്നാം സ്‌ഥാനം നേടിയത്. കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ മത്സരിച്ച ഏഴ് പേരെ പിന്തള്ളിയാണ് ഒന്നാം സ്‌ഥാനത്ത് എത്തിയത്. ജേഷ്‌ഠന്‍ സുബ്രഹ്‌മണ്യനാണ് കണ്ണന്‍കുട്ടിയുടെ ഗുരു.
താരമായി ഷംജ രാജേന്ദ്രന്‍
ചിറ്റൂര്‍: കലോത്സവത്തിലെ താരമായി ഷംജ രാജേന്ദ്രന്‍ തിളങ്ങി. മോഹന്‍ലാലിന്റെ പരദേശി സിനിമയിലൂടെ സിനിമാരംഗത്തെത്തി സ്വപ്‌ന സഞ്ചാരിയില്‍ മികച്ച അഭിനയം കാഴ്‌ചവച്ച പാലക്കാട് കാണിക്കമാത സ്‌കൂളിലെ പത്താം തരം വിദന്യാര്‍ഥിനിയാണ് ഷംജ രാജേന്ദ്രന്‍. ആദ്യമായി പങ്കെടുത്ത ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി ഇനത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയാണ് ഷംജ മിമിക്രി വേദിയിലും താരമയാത്. എഫ്.എം റേഡിയോയിലെ വിവിധ തരം പാട്ടുകളും ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഭാഷകള്‍ ഉള്‍ക്കൊള്ളിച്ചും പാട്ടുകാരുടെ അവതരണവും അവതരിപ്പിച്ചാണ് ഹൈസ്‌കുള്‍ വിഭാഗം മിമിക്രി വേദി തന്റേതാക്കി മാറ്റിയത്. ഷംജ ഇതുവരെ 17 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ചവിട്ടുനാടകത്തില്‍ ഗുരുകുലത്തിന്റെ ആധിപത്യം
ചിറ്റുര്‍: ചവിട്ടുനാടകത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഗുരുകുലം സ്‌കൂളിലെ പെണ്‍കുട്ടികള്‍. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ചിന്നത്തമ്പി അണ്ണാമി കുലഗുരുവായി അറിയപ്പെടുന്ന ചവിട്ടുനാടകത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം സ്‌ഥാപിച്ചാണ് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂളിലെ പെണ്‍പട ശ്രദ്ധനേടിയത്. കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ഗ്രേഡും രണ്ടാം സ്‌ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡും മൂന്നാം സ്‌ഥാനവും കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നതിന്റെ കോട്ടം തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് ഗുരുകുലം ടീം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദിത്യ സുനില്‍, അജില രാജ്, ജെ. കീര്‍ത്തി, അതുല്യ സുനില്‍, സി.പി. നിമ്മി, മരിയ വില്‍സന്‍, ജി. അഭിനയ, ശില്‌പ മോഹന്‍, ആര്‍. ജിസി, ഇ. വിഷ്‌ണുപ്രിയ എന്നിവരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആര്‍. ശലഭ, എസ്. അജയ, അഞ്‌ജലി രാജ്, ആര്‍. പവിത്ര, അമൃത രാമദാസന്‍, കെ. കൃഷ്‌ണപ്രിയ, എസ്. സൗമ്യ, ഗീതു ഗംഗാധരന്‍, ആര്‍. ചിത്ര, പി.എം. നവന്യ എന്നിവരുമാണ് അണിനിരന്നത്.
മുത്തശ്ശന്റെ പെരുമ കാത്ത് പേരക്കുട്ടി
ചിറ്റൂര്‍: കഥകളിയിലെ കുലപതിയായ കോട്ടയ്‌ക്കല്‍ ശംഭു എമ്പ്രാന്തിരിയുടെ പേരക്കുട്ടിക്ക് കഥകളി സംഗീതത്തില്‍ ഒന്നാം സ്‌ഥാനം. കൂടാതെ ഗാനാലാപനത്തില്‍ ഒന്നാം സ്‌ഥാനം നേടിയ കോങ്ങാട് കെ.പി.ആര്‍.പി.എച്ച്.എസ്.എസിലെ ഡി.കെ. മേഘയാണ് മുത്തശ്ശന്റെ പെരുമ കാത്ത പ്രകടനം നടത്തിയത്. അഷ്‌ടപദിയില്‍ രണ്ടാം സ്‌ഥാനവും ശാസ്‌ത്രീയ സംഗീതത്തില്‍ മൂന്നാം സ്‌ഥാനവും നേടിയ മേഘ സംസ്‌കൃത പദ്യം ചൊല്ലലിലും പങ്കെടുക്കുന്നുണ്ട്. കഥകളി രംഗത്ത് സ്‌ത്രീവേഷം ഉജ്‌ജ്വലമാക്കിയ ശംഭു എമ്പ്രാന്തിരിയുടെ മകളുടെ മകളാണ് പത്താം തരം വിദ്യാര്‍ഥിനിയായ മേഘ.
ചിറ്റൂര്‍: അപ്പീലുമായെത്തി കോല്‍ക്കളിയില്‍ എം.ഇ.എസ് ഒലവക്കോടിന് ഒന്നാം സ്‌ഥാനം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയിലാണ് ഒലവക്കോട് എം.ഇ.എസ്.ഇ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയത്. കോഴിക്കോട് സ്വദേശി ആമു കുരുക്കളുടെ ശിക്ഷണത്തിലാണ് നേട്ടം കൈവരിച്ചത്.
നങ്ങ്യാര്‍ക്കൂത്തില്‍ തിളങ്ങി ബാലതാരം
ചിറ്റൂര്‍: മധുചന്ദ്രലേഖ, ബസ് കണ്ടക്‌ടര്‍, കീര്‍ത്തിചക്ര എന്നീ സിനിമകളിലൂടെ ബാലതാരമായി തിളങ്ങിയ ഐശ്വര്യയ്‌ക്ക് കലോത്സവത്തിലും തിളക്കമാര്‍ന്ന വിജയം. ജില്ലാ കലോത്സവ വേദിയില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത് ഇനത്തില്‍ മത്സരിച്ച് ഒന്നാമതെത്തുകയും ചെയ്‌തു. എച്ച്.എസ് വിഭാഗം നങ്ങ്യാര്‍കൂത്തില്‍ അഞ്ചു പേരെ പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്. ഒലവക്കോട് എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.
ചിറ്റൂര്‍: അപ്പീലുമായെത്തി രണ്ടിനങ്ങളിലും ഒന്നാം സ്‌ഥാനം നേടി താരാതസ്‌നി ശ്രദ്ധ നേടി. കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ താരാ തസ്‌നിയാണ് എച്ച്.എസ് വിഭാഗം അറബി പദ്യം ചൊല്ലല്‍, അറബി ഗാനം എന്നീ ഇനങ്ങളി അപ്പീലുമായെത്തി ഒന്നാം സ്‌ഥാനം നേടിയത്.
കലോത്സവത്തിന്റെ നിറചാര്‍ത്തുകള്‍ പകര്‍ത്തി ഗോപി
ചിറ്റൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തിന് നിറചാര്‍ത്ത് പകരാന്‍ ഗോപി എത്തി. കുമരനല്ലുര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. എല്ലാ ജില്ലാ, സംസ്‌ഥാന മേളകള്‍ക്കെല്ലാം എത്തുകയും കുട്ടികളുടെ ഭാവങ്ങള്‍ പെന്‍സിലിലൂടെ വരച്ചുതീര്‍ക്കും. മത്സരത്തിന് എത്തുന്നവരേയും കാണാനെത്തുന്നവരേയും ബുക്കില്‍ വരച്ച് തീര്‍ക്കുകയാണ് ഈ അധ്യാപകന്‍. കലോത്സവ വേദികളിലെല്ലാം ഗോപിയുടെ സാന്നിധ്യമുണ്ടാകും. ഒന്നാംവേദിയിലെ കുച്ചിപ്പുടി മത്സരത്തിലെ ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇദ്ദേഹം എത്തിയത്. വേദികള്‍, മത്സരാര്‍ത്ഥികള്‍, കാണികള്‍ തുടങ്ങിയവയെല്ലാം അദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് നിറംപകരുന്നു. രണ്ട് പതിറ്റാണ്ട് കാലമായി സ്‌ക്കുള്‍ കലോത്സവവേദികളിലെല്ലാം ഗോപിയുടെ സാന്നിധ്യമുണ്ട്.കേരളത്തിലെ നിരവധി സ്‌ഥലങ്ങളില്‍ ഗോപിയുടെ ചിത്രപ്രദര്‍ശനത്തിന് വേദിയായിട്ടുണ്ട്. സ്‌ഥിരമായി കൊണ്ടുനടക്കുന്ന നോട്ടുബുക്കിലെ താളുകളിലാണ് ചിത്രങ്ങള്‍ വരച്ചിടുക. പിന്നിട് സമയം കിട്ടുംമ്പോഴെല്ലാം ഈ ചിത്രങ്ങളെല്ലാം ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ് പതിവ്. ചിത്രങ്ങളെല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. 2006 ലാണ് കുമരനല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ ചിത്രകലാ അധ്യാപകനായി എത്തിയിട്ട്. ഭാര്യ: പങ്കജം. രണ്ടുകുട്ടികളുണ്ട്.
from kerala news edited
via IFTTT