Story Dated: Wednesday, December 10, 2014 06:01
കണ്ണൂര്‍: മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്‌താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ചുംബനസമരത്തെ എതിര്‍ത്ത് ഇന്നലെ നടി ശോഭന രംഗത്ത വന്നതിന് പിന്നാലെയാണ് ചുംബന സമരത്തെ വിമര്‍ശിച്ച് പിണറായി വിജയനും എത്തിയത്. കണ്ണൂര്‍ മയ്യില്‍ അരിമ്പ്ര ഗ്രാമീണ വായനശാലയുടെ 50ാം വാര്‍ഷികം ഉദ്‌ഘാടനം ചെയ്യവെയായിരുന്നു പിണറായിയുടെ പ്രസംഗം.
സദാചാര പോലീസിനെതിരായ ശരിയായ സമരമാര്‍ഗമല്ല ചുംബനസമരം. സമരമാര്‍ഗത്തെ കുറിച്ച് അതിന്റെ സംഘാടകര്‍ പുനര്‍ചിന്തിക്കണം. എന്നാല്‍, ചുംബന സമരക്കാരെ പോലീസ് തെരുവില്‍ നേരിട്ടതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ യുവജന പ്രസ്‌ഥാനമായ ഡി.വൈ.എഫ്.ഐ. യും വിദ്യാര്‍ത്ഥി പ്രസ്‌ഥാനമായ എസ്.എഫ്.ഐ. യും ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ സി.പി.ഐ. യും ചുംബന സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കെയാണ് സി.പി.എം. സെക്രട്ടറി സമരത്തെ വിമര്‍ശിച്ചിട്ടുള്ളത്.
പര്‍ദ വിവാദവുമായി ബന്ധപ്പെട്ടു ഫസല്‍ ഗഫൂറിന്റെ നിലപാടിനും പിണറായി പിന്തുണ പ്രഖ്യാപിച്ചു. ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. പുരോഗമന വാദികളായ എല്ലാ മുസ്ലിം സമുദായങ്ങളുടേയും അഭിപ്രായം അതുതന്നെയാണ്. ഫസല്‍ ഗഫൂറിന്റെ ചെറിയൊരു അഭിപ്രായപ്രകടനം പോലും അസഹിഷ്‌ണതയോടെ നോക്കികാണുന്ന സമൂഹത്തെകുറിച്ച് ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു.
നേരത്തേ എം.ബി. രാജേഷ് എം.പി. യെ പോലെയുള്ളവര്‍ ചുംബന സമരത്തെ എതിര്‍ക്കുന്നതിനെതിരേ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റും അദ്ദേഹം ഇട്ടിരുന്നു. അതേസമയം കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചുംബനസമരത്തിനെതിരായ പ്രതിഷേധം തുടരുമെന്നു ശിവസേന വ്യക്‌തമാക്കി.
കോഴിക്കോട്ട് സംഘടിപ്പിച്ച കിസ് ഇന്‍ ദി സ്‌ട്രീറ്റ് പരിപാടിക്കെതിരേ നടന്ന അക്രമം പ്രതിഷേധത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ശിവസേന സംസ്‌ഥാന എക്‌സിക്യുട്ടീവ് അംഗം കെ. തുളസീദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കോഴിക്കോട്ട് പ്രതിഷേധ പ്രകടനത്തിനു മാത്രമാണ് ആഹ്വാനം ചെയ്‌തിരുന്നത്. ചുംബനസമരത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശിവസേന പറഞ്ഞു.
from kerala news edited
via IFTTT