121

Powered By Blogger

Tuesday, 9 December 2014

വന്‍തുക തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ മലയാളിക്ക് യു.എ.ഇ. പോലീസിന്റെ ആദരം








വന്‍തുക തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ മലയാളിക്ക് യു.എ.ഇ. പോലീസിന്റെ ആദരം


കെ.സി. രഹന


Posted on: 10 Dec 2014


ദുബായ് : വന്‍തുക തട്ടിപ്പറിക്കാനുള്ള ശ്രമം വിഫലമാക്കി അക്രമിയെ പോലീസിലേല്‍പ്പിച്ച മലയാളിയുടെ ധീരതയ്ക്ക് അംഗീകാരം. കൊല്ലം അഷ്ടമുടി സ്വദേശി ഷാനവാസ് ഖാനാണ് പോലീസിന്റെ അഭിനന്ദനത്തിന് പാത്രമായത്. ഖിസൈസിലെ ഒരു കമ്പനിയുടെ ഡ്രൈവറില്‍ നിന്ന് വന്‍തുക തട്ടിപ്പറിച്ച് ഓടിയ അഫ്ഗാനിയെ ഷാനവാസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് സംഭവം.

ബാങ്കില്‍ നിന്ന് 3,20,000 ദിര്‍ഹം പിന്‍വലിച്ച് സൈലക്‌സ് ജനറല്‍ ട്രേഡിങ് കമ്പനിയുടെ ഡ്രൈവര്‍ മഷ്രീക് മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കാനായി പോകവേ വഴിയില്‍ ടയര്‍ പഞ്ചറായി. തുടര്‍ന്ന് ഓഫീസ് പരിസരത്തെത്തിച്ച വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിന്റെ താക്കോല്‍ എടുക്കുന്നതിനായി പോകവെ അക്രമി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. ബാഗില്‍ കരുതിയിരുന്ന പണത്തില്‍ കുറെ അക്രമി കൈവശപ്പെടുത്തുകയും അവശേഷിക്കുന്നവ താഴെ വീഴുകയും ചെയ്തു.

തൊട്ടടുത്ത റോഡില്‍ വാഹനമോടിച്ചുപോകുകയായിരുന്ന ഷാനവാസ് ഇതുകാണുകയും പ്രതിയെ പിന്‍തുടരുകയുമായിരുന്നു. ഡ്രൈവറോട് നിലത്തുവീണ പണം എടുത്തുവെച്ചോ അക്രമിയെ പിടിച്ചുകൊള്ളാം എന്നുപറഞ്ഞ് ഷാനവാസ് വാഹനത്തില്‍ തന്നെ അക്രമിയെ പിന്തുടര്‍ന്നു. ദമാസ്‌കസ് സ്ട്രീറ്റിലെ സര്‍വ്വീസ് റോഡില്‍ അക്രമിയെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ പാക്കിസ്താനിയാണെന്നാണ് പ്രതി പറഞ്ഞിരുന്നതെങ്കിലും പാസ്‌പോര്‍ട്ടില്‍നിന്ന് അഫ്ഗാനിയാണെന്ന് വ്യക്തമായി. ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ രാജ്യത്ത് എത്തിയത്. ഇയാള്‍ക്കൊപ്പം വേറെയും കൂട്ടാളികള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. ബാങ്കില്‍ നിന്ന് പണവുമായി ഇറങ്ങിയ ഡ്രൈവറെ പിന്തുടര്‍ന്ന് വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കിയതും ഇയാളുടെ സംഘാംഗങ്ങളായിരിക്കുമെന്നാണ് കരുതുന്നത്.

ഷാനവാസിന്റെ ധീരതയ്ക്കുള്ള അംഗീകാരമായി ഖിസൈസ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. പ്രമുഖ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഷാനവാസിന് പ്രശംസാപത്രവും മെഡലും നല്‍കി. ഒപ്പം ക്യാഷ് പ്രൈസും ഐ പാഡും സമ്മാനിച്ചു.

ഷാനവാസിന്റെ ധീരമായ ഇടപെടലിലൂടെ മുഴുവന്‍ തുകയും തിരികെ ലഭിച്ചതായി സൈലക്‌സ് ട്രേഡിങ് കൊമേഴ്‌സ്യല്‍ മാനേജര്‍ മൈക്കിള്‍ ആലുങ്ങല്‍ അറിയിച്ചു. നന്ദി സൂചകമായി ഷാനവാസ് ഖാനെ കമ്പനി ആദരിച്ചു. 10,000 ദിര്‍ഹം കമ്പനി സമ്മാനമായി നല്‍കി.

കഴിഞ്ഞ ആറു വര്‍ഷമായി ദുബായില്‍ ഐ.ടി. കമ്പനി നടത്തുകയാണ് ഷാനവാസ് ഖാന്‍.










from kerala news edited

via IFTTT